You are Here : Home / USA News

നഴ്സിംഗ്‌ സമരത്തിനു കേരള അസ്സോസ്സിയേഷൻ ഓഫ്‌ ഡാലസ്സിന്റെ പിന്തുണ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 01, 2017 12:06 hrs UTC

കേരളത്തിലെ നഴ്സിംഗ്‌ സമരത്തിനു കേരള അസ്സോസ്സിയേഷൻ ഓഫ്‌ ഡാലസ്സിന്റെയും ഇന്ത്യാ കൾച്ചറൽ ആൻഡ്‌ എഡ്യൂക്കേഷൻ സെന്ററിന്റെയും പൂർണ്ണ പിന്തുണ മാന്യമായ ഒരു വേതന വ്യവസ്ഥയ്ക്കായി പോരാടിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്സിംഗ്‌ സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വളരെയേറെ ന്യായമായ അവരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചു ഒത്തുതീർപ്പും സമവായവും നടപ്പിലാക്കുവാൻ ആതുരാലയഭരണകർത്താക്കളൊടും കേരള സർക്കാറിനോടും ആവശ്യപ്പെട്ടുകൊണ്ടും അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരളാ അസ്സോസ്സിയേഷൻ ഓഫ്‌ ഡാലസും ഇന്ത്യാ കൾച്ചർ അൻഡ്‌ എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന. ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന തൊഴിൽ സമൂഹമായ നഴ്സസ്‌ വിദേശങ്ങളിൽ പണിയെടുത്തും ബന്ധുക്കളെയും സുഹ്രുത്തുക്കളെയും സഹായിച്ചും കേരളത്തിന്റെ സംബദ്‌ വ്യവസ്ഥയ്ക്കു മുതൽക്കൂട്ടിയിട്ടുണ്ടു എന്നുള്ളതു സംശയലേശമന്യേ പറയാവുന്ന ഒരു വസ്തുതയാണ്‌.

 

 

ഇന്ത്യയ്ക്കു വെളിയിൽ തൊഴിൽ ചെയ്യുന്ന പ്രവാസി സമൂഹങ്ങളിലെ മുൻ ഗാമികൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ വിഭാഗം പഠനകാലത്തു വളരെയേറെ ചിലവുകൾ സഹിച്ചാണു പഠനം പൂർത്തീകരിക്കുന്നത്‌. എന്നാൽ പഠിച്ചിറങ്ങുന്ന നഴ്സസ്‌ സ്വകാiര്യ ആസ്പത്രികളിൽ ജോലിചെയ്യുംബോൾ അവർക്കു ഏറ്റെടുക്കേണ്ടിവരുന്ന ജോലിഭാരവും പ്രവർത്തനസമയനിയമങ്ങളും അത്യന്തം കഠിനമെന്നിരിക്കെത്തന്നെ തുശ്ചമായ ശംബളത്തിനു ജോലിചെയ്യേണ്ടിവരുന്ന പരിതാപകരമായ അവസ്ഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നിരുന്നാൽതന്നെയും, ഇത്രകാലം ക്ഷമയോടെ ഇതിനു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഴുകിയിരുന്ന സ്വകാര്യാതുരാലയങ്ങളിലെ നഴ്സിംഗ്‌ സമൂഹം നീതിപൂർവ്വമല്ലാത്ത ഈ അവഗണണയ്ക്കെതിരെ ഇപ്പോൾ കേരളത്തിൽ ശക്തമായി പ്രതിഷേധിക്കാനാരംഭിച്ചിരിക്കുന്നതു ഇത്തരുണത്തിൽ എന്തുകൊണ്ടും ഒഴിച്ചുകൂടാനാവാത്ത ഒരു ഉദ്യമമാണെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ആതുരശ്രുശൂഷാരംഗത്തെ ഒഴിച്ചുകൂടാത്ത ഘടകമായ നഴ്സസ്സിന്റെ കേരളത്തിലെ ദിവസ വേതനം ഏതു കൂലിപ്പണിക്കാരനും അന്യദേശത്തൊഴിലാളിക്കും കിട്ടുന്നതിനെക്കാലും തുലോം തുച്ഛമാണെന്നതു ആരോഗ്യ മേഖലയ്ക്കും മലയാളി സമൂഹത്തിനു തന്നെയും അത്യപമാനകരമാണ്‌. ഇവർക്കു അവരുടെ നാലു വർഷം വരുന്ന തൊഴിലതിഷ്ഠിത വിദ്യാഭ്യാസത്തിനെയും ജോലിഭാരത്തിനെയും തൃണവൽഗണിച്ചുകൊണ്ടുള്ള ശംബള വ്യവസ്ഥയാണു സ്വകാര്യ ആശുപത്രികൾ നിശ്ചയിച്ചു നടപ്പിലാക്കുന്നത്‌. സ്ത്രീജനപ്രാധിനിത്യമേറിയ നഴ്സിംഗ്‌ വിഭാഗത്തിനു സംഘടനാ ശക്തി കുറഞ്ഞിരുന്നുവെന്നതും സ്വകാര്യ മാനേജുമെന്റുകളുടെ ചൂഷണത്തിനു വളം വയ്ക്കുന്നതായി. ജാതിമതഭേദമില്ലാതെ കേരളത്തിലെ സമുദായങ്ങൾക്കും ആരാധനാലയങ്ങൾക്കും വർഷം തോറും പ്രവാസി മലയാളികൾ പ്രത്യേകിച്ചു അമേരിക്കൻ മലയാളികൾ കയ്യയച്ചു സഹകരിയ്കുന്നതിൽ വലിയൊരുഭാഗം കേരളപ്രവാസി നഴ്സുമാർ ഉണ്ടെന്നതും അവർ കേരളത്തിലെ വിവിധ മതങ്ങളിലും സമുദായ സംഘടനകളിലും പെട്ട സ്വകാര്യ ഹോസ്പിറ്റൽ മാനേജ്മെന്റുകളുടെ ഇപ്പോഴത്തെ അനുകമ്പയില്ലാത്ത സമീപനത്തെ അത്യധികം ഉൽക്കണ്ഠയോടെയും ദുഖത്തോടെയുമാണു നോക്കിക്കാണുന്നതു എന്നതും പ്രത്യേകം പ്രസ്താവ്യമാണ്‌. ഈ സമരം നഴ്സുമാർക്കു അനുകൂലമായി എത്രയും വേഗം ഒത്തുതീർപ്പാക്കുവാൻ കേരളാ ഗവൺമന്റ്‌ മുൻ കയ്യെടുക്കണമെന്നും സ്വകാര്യ ഹോസ്പിറ്റൽ അധികാരികൾ ഇതിനോടു സഹകരിക്കണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. കേരളത്തിനു പുറത്തു പ്രവാസി സമൂഹത്തിനു ലഭിക്കുന്നതു പോലെ കേരളത്തിലും ഭേദപ്പെട്ടതും മാന്യമായതുമായ ജീവിത നിലവാരം പുലർത്തുവാനുതകുന്ന ഒരു വേതന വ്യവസ്ഥ നഴ്സസ്സിനായ്‌ നടപ്പിലാക്കണമെന്നു സർക്കാറിനോടു ഡാലസ്സിലെ മലയാളി സംഘടനകളുടെയും നഴ്സസ്സിന്റെയും പ്രതിനിധിയായി കേരള അസ്സോസ്സിയേഷൻ ഓഫ്‌ ഡാലസ്‌ ആവശ്യപ്പെടുന്നു സമരവിജയത്തിനു യുണൈറ്റഡ്‌ നഴ്സസ്‌ അസ്സോസ്സിയേഷനു ഡാലസ്‌ മലയാളി സമൂഹത്തിന്റെ പരിപൂർണ്ണപിന്തുണ ഇതിനാൽ പ്രഖ്യാപിക്കുന്നു

നന്ദിപൂർവം,

ബാബു മാത്യു

പ്രസിഡന്റ്‌ കേരളാ അസ്സോസ്സിയേഷൻ ഓഫ്‌ ഡാലസ്‌

മാത്യു കോശി

പ്രസിഡന്റ്‌ ഇന്ത്യാ കൾച്ചറൽ ആൻഡ്‌ എഡ്യൂക്കേഷൻ സെന്റർ

 

ജൂൺ 27, 2017 ഡാലസ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.