You are Here : Home / USA News

ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബി ആനന്ദ് മത്സരിക്കുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, July 30, 2017 01:25 hrs UTC

ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) യുടെ 201820 കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഫ്‌ലോറിഡ റീജനില്‍ നിന്ന് എബി ആനന്ദ് മത്സരിക്കുമെന്ന് അറിയിച്ചു. നിരവധി വര്‍ഷങ്ങളായി കലാസാംസ്ക്കാരികസാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള എബി ആനന്ദ്, ഫ്‌ലോറിഡ നവകേരളയില്‍ നിന്നായിരുന്നു തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് പറഞ്ഞു. നവകേരളയില്‍ കമ്മിറ്റി മെംബര്‍, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ചിട്ടുള്ള എബിയുടെ ഫോമായിലേക്കുള്ള കാല്‍വെയ്പ് ശുഭപ്രതീക്ഷയോടെയാണ്. തന്റെ സേവനം ദേശീയമായി വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് എബി പറഞ്ഞു. 201416 കാലഘട്ടത്തില്‍ ഫോമാ നാഷണല്‍ കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ലെ ഫോമാ മയാമി കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കിത്തീര്‍ത്തത് താന്‍ ഉള്‍പ്പെട്ട കമ്മിറ്റിയായിരുന്നു എന്ന് അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നതായി എബി പറഞ്ഞു. ജാതിയോ മതമോ ഭാഷയോ വേഷമോ ദേശമോ ഏതുമായിക്കൊള്ളട്ടെ, ഓരോ വ്യക്തിക്കും അവരുടേതായ സ്വത്വം അവര്‍ക്ക് സ്വന്തമാണെന്ന് എബി വിശ്വസിക്കുന്നു. ജനിച്ചതും വളര്‍ന്നതും ലോകത്തെവിടെയായിരുന്നാലും ഒരു മലയാളിയുടെ തിരിച്ചറിവ് അവന്റെ ഭാഷ തന്നെയാണെന്നും എബി പറയുന്നു. മലയാള ഭാഷയോടുള്ള സ്‌നേഹം സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുന്ന എബി, താന്‍ ഫോമായുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭാഷാപരമായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുമെന്നും, അതില്‍ ഏറ്റവും പ്രധാനമായത് ഇംഗ്ലീഷ് പഠനത്തോടൊപ്പം മലയാള ഭാഷയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന കര്‍ത്തവ്യമാണെന്നും പറഞ്ഞു. അമേരിക്കയിലെ മാധ്യമരംഗത്തും എബി ക്രിയാത്മകമായി പ്രവര്‍ത്തിച്ചു വരുന്നു. ഫ്‌ലവേഴ്‌സ് ടി.വി., അമേരിക്കന്‍ പ്രവാസി ചാനല്‍ എന്നിവ അവയില്‍ പ്രധാനമാണ്. ഫോമയെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരുടേയും പിന്തുണ തനിക്കുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബി മത്സരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.