You are Here : Home / USA News

കുട്ടി ഒരു ചെറിയ കുട്ടിയല്ല

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, August 31, 2017 12:35 hrs UTC

ഡിട്രോയിറ്റ്: പഞ്ഞ കർക്കിടകം മാറി ഭംഗിയണിഞ്ഞ പച്ച പരവതാനിയിൽ തുമ്പയും തുളസിയും തെറ്റിയും പൂക്കൾ വിരിയിച്ചു കൊണ്ട് പൊന്നും ചിങ്ങമാസമിങ്ങെത്തി. ലോകത്തിന്റെ ഏതൊരറ്റത്തും പ്രത്യേകിച്ച് പ്രവാസത്തിലായിരിക്കുന്ന മലയാളികളെ സംബന്ധിച്ചു ചിങ്ങമാസവും അത്തവും ഓണവുമൊക്കെ ഗതകാല സുഖസ്മരണകളുടെ തേരോട്ടമാണ്.
 
മിഷിഗണിനെ സംബന്ധിച്ചു 37 വർഷങ്ങളുടെ പ്രവർത്തി പരിചയവുമായി ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടന എന്ന പേര് നിലനിർത്താൻ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷനായി എന്നുള്ളത്, സംഘടനയെ മുമ്പ് നയിച്ചവർക്കും ഇപ്പോൾ നയിക്കുന്നവർക്കും എന്നും അഭിമാനിക്കാവുന്നതാണ്. ഡി. എം. എ.യുടെ ഓണം എല്ലാക്കാലത്തും വിത്യസ്തത കൊണ്ട് ശ്രദ്ധേയമാണ്. കാല പ്രശക്തിയുള്ള കഥ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു നാടകം അത് ഒരു പക്ഷെ ഒരു പ്രധാന ഘടകമാണ്. കസവു മുണ്ട് ചുറ്റിയ പെൺകൊടികളും ഓണക്കളികളും ഉശിരുള്ള ചെറുപ്പക്കാരുടെ വടം വലിയുമെല്ലാം ഒരു തനി നാടൻ ഓണത്തിന്റെ പ്രതീതി തന്നെ ഉണ്ടാക്കും.
 
ഏറ്റവും വലിയ ആകർഷണം 22 ഇനം കറി കൂട്ടിയുള്ള സദ്യയാണ്. കാളൻ ഓലൻ സാമ്പാർ അവിയൽ പ്രഥമൻ എന്നു വേണ്ട ഒരു ശരാശരി മലയാളിയുടെ രസമുകുളങ്ങളെ രസിപ്പിക്കാനുള്ള ഒരു ഉഗ്രൻ സദ്യ ഇലയിൽ വിളമ്പിയാണ് നൽകുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ സദ്യ ആരംഭിക്കും. കുഞ്ഞുകുട്ടികളുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങൾ നൽകുന്നതിനൊപ്പം, ദേവികാ രാജേഷിന്റെ നേതൃത്വത്തിലുള്ള കലിയുഗം എന്ന നൃത്താവിഷ്ക്കാരവും, അജിത് അയ്യമ്പിള്ളിയുടെ സംവിധാനത്തിൽ ബലിതർപ്പണം എന്ന കാലിക പ്രശക്തിയുള്ള നാടകവും ഉണ്ടാകും. മറ്റു ഓണപ്പരിപാടികളായ തിരുവാതിര, ഓണപ്പാട്ടുകൾ തുടങ്ങിയവയും പങ്കെടുക്കുന്നവരെ ഞൊടി നേരത്തേക്കെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൊണ്ടു പോകും.
 
ഇനി കുട്ടിയുടെ കാര്യം, അത് മറ്റാരുമല്ല എല്ലാവർക്കും സർവ്വസമ്മതനായ രാജേഷ് കുട്ടിയാണ്. സ്വന്തമായി അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഒട്ടനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് കുട്ടി സാർ എന്ന വിളിക്കുന്ന രാജേഷ് കുട്ടിക്ക്. നല്ല ഒരു സംഘാടകനായ രാജേഷ് കുട്ടിയാണ് ഈ വർഷത്തെ ഡി.എം.എ.യുടെ ഓണാഘോഷ കമ്മറ്റിയുടെ ചെയർമാൻ. 2017 സെപ്റ്റംബർ 9-ആം തീയതി ശനിയാഴ്ച്ച ലാത്ത്റൂപ്പ് ഹൈസ്ക്കൂളിൽ (19301 12 Mile Road, Lathrup Village, Michigan 48076) വച്ച് ഉച്ചയ്ക്ക് 12 മണിക്ക് സദ്യയോടെ ആരംഭിച്ച് വൈകിട്ട് 7 മണി വരെയാണ് ഡി.എം.എ.യുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ അരങ്ങേറുന്നത്.
 
 
"ശ്രാവണോത്സവം'' എന്ന പേര് നൽകിയിരിക്കുന്ന ഓണാഘോഷം, ഇന്ന് വരെ മിഷിഗൺ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു ഓണാഘോഷമാക്കാനാണ് സംഘാടകർ ശ്രമിക്കുന്നതെന്ന് ഡി.എം.എ. പ്രസിഡന്റ് സാജൻ ഇലഞ്ഞിക്കൽ പറഞ്ഞു. മിഷിഗണിലെ മലയാളി സമൂഹത്തിലെ എല്ലാവരും വന്നു പരിപാടിയിൽ പങ്കെടുത്തു വൻ വിജയമാക്കി തീർക്കണമെന്ന് മറ്റ് ഭാരവാഹികളും ഓണാഘോഷ കമ്മറ്റി അംഗങ്ങളും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സാജൻ ഇലഞ്ഞിക്കൽ 248 767 7994, രാജേഷ് കുട്ടി 313 529 8852
 
വിനോദ് കൊണ്ടൂർ ഡേവിഡ്

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.