You are Here : Home / USA News

ഹൂസ്റ്റണിലെ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ഓണം ആഘോഷിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, October 04, 2017 12:06 hrs UTC

ഹൂസ്റ്റണ്‍: സാമൂഹിക പ്രതിബദ്ധതയുടെ കൊടിയടയാളമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ കൂട്ടായ്മയായ 'ടെക്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സി'ന്റെ ആഭിമുഖ്യത്തില്‍ ഇക്കൊല്ലത്തെ ഓണം പരമ്പരാഗത ഉത്സവത്തിമിര്‍പ്പിന്റെ സ്മരണയില്‍ ആഘോഷിച്ചു. സംഘടനയുടെ വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ വസതിയില്‍ നടന്ന ഓണ സംഗമത്തില്‍ നിരവധി കുടുംബങ്ങള്‍ കേരളത്തനിമയോടെ സാന്നിദ്ധ്യം അറിയിച്ചു. 'ഹാര്‍വി കൊടുങ്കാറ്റില്‍ ദുരിതമനുഭവിച്ചവര്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്നതിനൊപ്പം അവര്‍ക്ക് അവശ്യമായ അടിയന്തിര സഹായം എത്തിക്കുന്നതിലും അസോസിയേഷന്റെ പ്രവര്‍ത്തകര്‍ കാണിച്ച മാനുഷിക മുഖത്തെ അഭിനന്ദിക്കുന്നു....' അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്‌സ് പറഞ്ഞു. യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീലാ ഈപ്പന്‍ ഓണ സന്ദേശം നല്‍കി. മഹാബലി വിഭാവനം ചെയ്ത സമത്വവും സാഹോദര്യവും നമ്മുടെ പ്രവാസ ഭൂമിയില്‍ സാധ്യമാക്കാന്‍ ഇത്തരം ഓണാഘോഷ പരിപാടികള്‍ അനിവാര്യമാണെന്നും അതിനായി നിസ്വാര്‍ത്ഥതയോടെ മുന്നിട്ടിറങ്ങണമെന്നും ഷീലാ ഈപ്പന്‍ പറഞ്ഞു. ടെക്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് മാതൃകാപരമായ ഒരു പിടി പ്രവര്‍ത്തന ലക്ഷ്യങ്ങളുമായാണ് മുന്നേറുന്നത്. സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതോടൊപ്പം നമുക്കു ചുറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവരെ ആവും വിധം സഹായിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. ഈ ലക്ഷ്യം മനസ്സില്‍ വച്ച് ജനങ്ങളുടെ ഇടയിലേയ്ക്ക കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ദൗത്യം നിര്‍വഹിക്കേണ്ടതുണ്ട്....' വൈസ് ചെയര്‍മാന്‍ ഡോ.ജോര്‍ജ് കാക്കനാട്ട് വ്യക്തമാക്കി. 'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹൂസ്റ്റണിലും പരിസരത്തുമുള്ള സോഷ്യല്‍ വര്‍ക്കേഴ്‌സിനെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കി മാനുഷികമായ സഹായങ്ങള്‍ ചെയ്തുവരുന്ന അസോസിയേഷന്‍ എല്ലാക്കൊല്ലവും ഓണം അതിന്റെ തനിമ ചോരാത്തവണ്ണം ആഘോഷിക്കുന്നുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഓണം സമുചിതമായി ആഘോഷിക്കുവാന്‍ നമ്മുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൈത്താങ്ങാകട്ടെ....' പ്രസിഡന്റ് ഫ്രാന്‍സിസ് ജോണ്‍ ആശംസിച്ചു. ഇക്കൊല്ലത്തെ ഓണാഘോഷത്തിന് സെക്രട്ടറി ജോമല്‍ മാത്യു, ജോയിന്റ് സെക്രട്ടറി ബിനു മാത്യു, ട്രഷറര്‍ സജി കണ്ണോലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.