You are Here : Home / USA News

ന്യുജെഴ്‌സിയില്‍ മള്‍ട്ടി കള്‍ച്ചറല്‍ വൈസ് മെന്‍സ് ക്ലബിനു തുടക്കം കുറിച്ചു

Text Size  

Story Dated: Friday, October 20, 2017 10:34 hrs UTC

ഹാരിംഗ്ടണ്‍ പാര്‍ക്ക്, ന്യൂജേഴ്‌സി: ശതാബ്ദിയോടടുക്കുന്നവൈസ് മെന്‍സ് ക്ലബ് പ്രസ്ഥാനത്തില്‍ പുതിയൊരു വഴിത്താര തുറന്ന് വ്യത്യസ്ഥ സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളായ ക്ലബ് ന്യു ജെഴ്‌സിയില്‍ സ്ഥാപിതമായി. ഔദ്യോഗികമായ ഉദ്ഘാടനവും ചാര്‍ട്ടര്‍ കൈമാറ്റവും വൈകാതെ നടക്കുമെന്നു ക്ലബ്രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങയ വ്യവസായ പ്രമുഖനും വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവുമായ ഡാനിയല്‍ മോഹന്‍ അറിയിച്ചു. സേവന പ്രവര്‍ത്തനങ്ങളോടുള്ള താല്പര്യവുമായി എത്തിയ നാല്പതില്പരം പേര്‍ഹാരിംഗ്ടണ്‍ പാര്‍ക്കിലെസെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് ഹാളില്‍ യോഗം ചേര്‍ന്നാണുക്ലബിനു തുടക്കമിട്ടത്. കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ., എപ്പിസ്‌കോപ്പല്‍ സഭകളില്‍പ്പെട്ട അഞ്ചു വൈദീകരും പങ്കെടുത്തവരില്പെടുന്നു. ഫിലിപ്പിനോ, അമേരിക്കന്‍, കൊറിയന്‍, ഇന്ത്യന്‍, ചൈനീസ്, ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ യോഗത്തിനു ഒത്തു കൂടിയത് അപൂര്‍വമാണെന്നു ആമുഖ പ്രസംഗം നടത്തിയ ഡാന്‍ മോഹന്‍ ചൂണ്ടിക്കാട്ടി. സാധാരണയായി ഏതെങ്കിലും ഒരു സമൂഹം ഒത്തുകൂടി ഒരു ക്ലബ് സ്ഥാപിക്കുക എന്നതാണു പതിവ്. എന്നാല്‍ വിവിധ സമൂഹങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്ടു വന്നുവെന്നത് വലിയ നേട്ടവും ചരിത്രപരവുമാണെന്നു വൈസ് മെന്‍സ് നേതാക്കള്‍ തന്നെ സമ്മതിച്ചതില്‍ അഭിമാനമുണ്ടെന്നും മോഹന്‍ പറഞ്ഞു സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ സുഹ്രുത്തുക്കളെ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ? ഒരു ക്ലബിലെന്ന പോലെ അവരുമൊത്ത് വല്ലപ്പോഴും ഭക്ഷണം കഴിക്കാന്‍ ഇഷ്ടമുണ്ടോ? എനിക്ക് തീര്‍ച്ചയായും ഉണ്ട്. പക്ഷെ അതിനു പറ്റിയ ഒരു സംഘടന അന്വേഷിച്ചപ്പോള്‍ ഒന്നും കണ്ടില്ല. വ്യത്യസ്ഥ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്ന, വിവിധ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സംഘടനയാണു അന്വേഷിച്ചത്. ഇതേ താല്പര്യം മറ്റു പലരും പങ്കു വയ്ക്കുകയും ചെയ്തു. ഇതില്‍ നിന്നാണു വൈസ് മെന്‍സ് ക്ലബിനുള്ള ആശയം ഉരുത്തിരിഞ്ഞത് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലത് എന്തെങ്കിലും ചെയ്യുകയാണെന്ന വിശ്വാസത്തില്‍ വൈസ് മെന്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ന്യു ജെഴ്‌സി ശാഖ രൂപീകരിക്കാന്‍ തീരുമാനിച്ചു. താല്പര്യമുള്ള ആര്‍ക്കും ചേരാം. ഭിന്നതകള്‍ ഇല്ലാതാകുന്ന ഒത്തുചേരലാണിത്-ക്ലബ് രൂപീകരിക്കാനുള്ള തീരുമാനത്തിന്റെ പ്രേരണ ഡാന്‍ മോഹന്‍ നേരത്തെ വിശദീകരിച്ചു. പുതിയ സൗഹ്രുദങ്ങള്‍ രൂപീകരിക്കുന്നതിനൊപ്പം നല്ല കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനവും ലക്ഷ്യമിടുമ്പോള്‍ ക്ലബ് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നു ഡാന്‍ മോഹന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ക്ലബുകളിലെല്ലാം അംഗത്വം പൊതുവെ കുറയുകയാണെങ്കിലും വൈസ് മെന്‍സ് ക്ലബുകളില്‍ അംഗത്വം വര്‍ധിക്കുകയാണെന്ന് മുന്‍ അമേരിക്ക റീജണല്‍ പ്രസിഡന്റ്ഡെബി റെഡ്മണ്ട് പറഞ്ഞു. ഏതെങ്കിലുമൊരു പ്രത്യേക ചാരിറ്റി പ്രോജക്ടിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ധാരാളം പേര്‍ തയാറാണ്. എന്നാല്‍ ദീര്‍ഘമായ സംഘടനാ അംഗത്വം പലര്‍ക്കും താത്പര്യമില്ല. താന്‍ തന്നെ ഒരു ദശാബ്ദം മടിച്ചു നിന്നശേഷമാണ് വൈസ്‌മെന്‍സ് ക്ലബിന്റെ ഭാഗമായത്-അവര്‍ പറഞ്ഞു ഏതു ചാരിറ്റിക്കോ പ്രൊജക്ടിനോ സഹായമെത്തിക്കണമെന്നു അതാത് ക്ലബുകള്‍ക്ക് തന്നെ തീരുമാനിക്കാമെന്നതാണു വൈസ് മെന്‍സ് ക്ലബിന്റെ പ്രത്യേകത. ക്ലബിന്റെ തുടക്കവും ചരിത്രവും അവര്‍ വിശദീകരിച്ചു. ജഡ്ജ് പോള്‍ വില്യം അലക്‌സാണ്ടര്‍ 1920-ല്‍ ഒഹായോയിലെ ടോലിഡോയിലാണ് ആദ്യ ക്ലബിനു തുടക്കമിട്ടത്. വൈ.എം.സി.എയുടെ ഭാഗമായി പ്രത്യേക ക്ലബാണ് സ്ഥാപിതമായത്. 17 അംഗങ്ങളുണ്ടായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റു രാജ്യങ്ങളിലും ക്ലബ് ശാഖകള്‍ സ്ഥാപിതമായി. റോട്ടറി ക്ലബ്, എക്‌സ്‌ചേഞ്ച് ക്ലബ്, കിവാനിസ്, ലയണ്‍സ് ക്ലബുകളൊക്കെ 1910 -20 കാലയളവിലാണ് ഉണ്ടായത്. അതിന്റെ ചുവടു പിടിച്ചായിരുന്നു വൈസ്‌മെന്‍സ് ക്ലബിന്റെ തുടക്കവും. ഇപ്പോള്‍ 70-ല്‍ പരം രാജ്യങ്ങളില്‍ ശാഖകളുണ്ട്. ഇന്ത്യയില്‍ ക്ലബിനു വലിയ പങ്കാളിത്തമുണ്ട്. ക്ലബ് വനിതകളേയും സ്വീകരിക്കുന്നു. വൈസ് വിമന്‍സ് ക്ലബും, വൈസ് സര്‍വീസ് ക്ലബും പിന്നീട് തുടങ്ങി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വൈസ്‌മെന്‍സ് ക്ലബ് പ്രതിനിധികളായ ജോസഫ് കാഞ്ഞമല, ഏരിയാ പ്രസിഡന്റ് ഷാജു സാം, റീജിയണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാല എന്നിവരും പങ്കെടുത്തു റവ. ഡയാനെ റോഡ്, ഫിലിപ്പ് തമ്പാന്‍, റവ്. ബാബു മാത്യു, തോമസ് മാത്യു, റവ്. ഡേവിഡ് ജേക്കബ്, റവ്. വര്‍ഗീസ് മാത്യു, ഈശോ മാത്യു, ജോണ്‍ സക്കറിയാ, തോമസ് ഏബ്രഹാം, റവ്. റോയ് ബ്രിഗാപി, രാജിവ് നൈനാന്‍, ഡോ. ബെഞ്ചമിന്‍ ജോര്‍ജ്, പ്രിയേഷ് വിപിന്‍, റെജി ഉമ്മന്‍, തുടങ്ങിയവരും പങ്കെടുത്തു. ഡോ. ശാന്താ മോഹന്‍ ആണു ചടങ്ങിന്റെയുംവിതരണം ചെയ്ത ടീഷ്രട്ടുകളുടെയും സ്‌പൊണ്‍സര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡാന്‍ മോഹന്‍: danwmc@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.