You are Here : Home / USA News

പ്രതിസന്ധികളില്‍ തളരാതെ മുന്നേറുക: ആര്‍ച്ച് ബിഷപ്പ് സില്‍വാനോസ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 06, 2017 12:29 hrs UTC

ന്യൂയോര്‍ക്ക്: ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ അടിപതറാതെ ദൈവീകനിയോഗവും പദ്ധതികളും മനസ്സിലാക്കി ഉറച്ച കാല്‍വെയ്‌പോടെ മുന്നേറാന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പുണ്യശ്ശോകനായ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ (മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍) ഒന്നാമത് ദുക്‌റോനോ പെരുന്നാളിനോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും, അനുസ്മരണ സമ്മേളനത്തിലും മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവനിയോഗം മനസ്സിലാക്കി പരിശുദ്ധ സഭയെ സേവിച്ച ഉത്തമ ഇടയാനിയിരുന്നു കാലം ചെയ്ത പീലക്‌സിനോസ് തിരുമേനി.

 

 

ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ വികാരിയായി നിയമിതനായി എഴുപതുകളില്‍ അമേരിക്കയിലെത്തിയ അദ്ദേഹം വലിയ നിയോഗത്തിന്റെ ഭാഗമായി, പരിമിതമായ സൗകര്യങ്ങളില്‍ കുടിയേറ്റ മലയാളികള്‍ താമസം ആരംഭിച്ച അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ സ്ഥാപിക്കാന്‍ കഠിനയത്‌നം നടത്തി. മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ കര്‍മ്മഭൂമിയായത് വളര്‍ച്ച മുരടിച്ച, കുടിയേറ്റ മേഖലയായ മലബാര്‍. കാല്‍നൂറ്റാണ്ടുകാലം മലബാര്‍ ഭദ്രാസനാധിപനായി ശുശ്രൂഷ ചെയ്ത് കതൃസന്നിധിയിലേക്ക് ആ പുണ്യാത്മാവ് വിടവാങ്ങിയപ്പോള്‍ സമസ്ത മേഖലയിലും പുരോഗതി കൈവരിച്ച മാതൃകാ ഭദ്രാസനമായി മലബാര്‍ വളര്‍ന്നുകഴിഞ്ഞിരുന്നു. സാധുജന സംരക്ഷണത്തിനും ആതുരസേവനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് ഒട്ടനവധി സ്ഥാപനങ്ങള്‍ ജനസേവനത്തിനായി തുറക്കപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലും ദൈവീക ക്ഷേമത്തിനും പദ്ധതികള്‍ രൂപീകരിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ സഭയില്‍ ഉണ്ടായപ്പോള്‍ തന്നെ സുവിശേഷീകരണത്തിനും ദേവാലയ സ്ഥാപനത്തിനും അദ്ദേഹം ഊന്നല്‍കൊടുത്തു.

 

 

നൂറ്റാണ്ടുകളായി സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍പ്പെട്ട് വിശ്വാസികള്‍ കഷ്ടപ്പെടുന്നതു കണ്ട് തുറന്ന ചര്‍ച്ചയിലൂടെ, വിട്ടുവീഴ്ചാ മനോഭാവത്തോടെ ശാശ്വത സമാധാനത്തിനായി സമവായം ഉണ്ടാക്കുവാന്‍ മോര്‍ പീലക്‌സിനോസ് തിരുമേനിക്ക് കഴിഞ്ഞു എന്നുള്ളത് സഭാചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. സഭാതര്‍ക്കമില്ലാത്ത ഭദ്രാസനമാണ് ഇന്ന് മലബാര്‍ ഭദ്രാസനം. അടിയുറച്ച വിശ്വാസവും പരിശുദ്ധ സഭയോടുള്ള കൂറും കൈമുതലായി ദൈവേഷ്ടം തിരിച്ചറിഞ്ഞ് കര്‍മ്മോല്‍സുകനായ ആ പുണ്യപിതാവിന്റെ ഓര്‍മ്മയാചരണം, പ്രതിസന്ധികളില്‍ തളരാതെ മുന്നേറുവാനുള്ള അനുഗ്രഹമായിത്തീരട്ടെ എന്നു ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് ആശംസിച്ചു. അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രഥമ ദേവാലയമായ സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ നടന്ന ഓര്‍മ്മദിനാചരണത്തില്‍ ഭദ്രാസനത്തിലെ അഭിവന്ദ്യരായ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീകശ്രേഷ്ഠര്‍, ശെമ്മാശന്മാര്‍, അത്മായ പ്രമുഖര്‍, ഭദ്രാസന ഭാരവാഹികള്‍, വിശ്വാസി സമൂഹം എന്നിവര്‍ പങ്കെടുത്തു. അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കുവാന്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്ത ചെയ്ത നിസ്തുല സേവനങ്ങളെ ഭദ്രാസനം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നു ഭദ്രാസന സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി തന്റെ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

 

 

 

ശെമ്മാശനായ കാലംമുതല്‍ അഭിവന്ദ്യ തിരുമേനിയുമായി തനിക്കുണ്ടായിരുന്ന പരിചയവും ബഹുമാനവും അനുസ്മരിച്ച വെരി. റവ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ സഭാ ശുശ്രൂഷകനായി അമേരിക്കയിലേക്ക് പോയപ്പോള്‍ ശുശ്രൂഷിച്ചിരുന്ന കോട്ടയത്തെ പ്രമുഖ ദേവാലയത്തിലേക്ക് കാലം ചെയ്തശേഷം ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ തന്നെ നിയമിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. അമേരിക്കയിലെ സഭാ വിശ്വാസികള്‍ക്ക് ദിശാബോധവും, വഴികാട്ടിയുമാകാന്‍ യേശു മോര്‍ അത്തനാസിയോസ് തിരുമേനിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച പീലക്‌സിനോസ് തിരുമേനിക്ക് ജീവതാവസാനകാലം ദുഖം നല്‍കുവാന്‍ മാത്രമാണ് ആടുകള്‍ക്ക് കഴിഞ്ഞിട്ടുള്ളുവെന്നത് ഈ ലോകത്തിന്റെ നൈമിനീകതയും ഭൗതുകീകതയുടെ മായയുമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് വെരി റവ. ഐസക് പൈലി കോര്‍എപ്പിസ്‌കോപ്പ തന്റെ അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും സാധുജന സംരക്ഷണത്തിനും അദ്ദേഹം ഏറെ പ്രധാന്യം നല്‍കിയിരുന്നതായി ഭദ്രാസന കൗണ്‍സില്‍ പ്രതിനിധി ഷെവലിയാര്‍ ഏബ്രഹാം മാത്യു പ്രസംഗത്തില്‍ പറഞ്ഞു. റവ.ഫാ. ആകാശ് പോള്‍ (ന്യൂജേഴ്‌സി സെന്റ് ജയിംസ് പള്ളി വികാരി), റവ.ഡോ. ജോയല്‍ ജേക്കബ് (കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് ചര്‍ച്ച് വികാരി), ഷെവലിയാര്‍ ബാബു ജേക്കബ്, കമാന്‍ഡര്‍ മാത്യു ജോണ്‍സണ്‍, ഷെവലിയാര്‍ സി.കെ. ജോയി, മുന്‍ ഭദ്രാസന ട്രഷറര്‍ സാജു പൗലോസ് മാരോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. മെത്രാപ്പോലീത്തയുടെ ഛായാചിത്രം ആര്‍ച്ച് ബിഷപ്പ് സില്‍വാനോസ് അനാച്ഛാദനം ചെയ്തു. ഇടവക സെക്രട്ടറി ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍ സ്വാഗതവും, സഹ വികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല നന്ദിയും പ്രകാശിപ്പിച്ചു. നേര്‍ച്ച വിളമ്പ്, സ്‌നേഹവിരുന്ന് എന്നിവയോടെ ചടങ്ങുകള്‍ സമാപിച്ചു.

 

 

മോര്‍ പീലക്‌സിനോസ് അന്ത്യവിശ്രമംകൊള്ളുന്ന പാമ്പാടി സെന്റ് മേരീസ് സിംഹാസന കത്തീഡ്രലില്‍ നടന്ന ഓര്‍മ്മപ്പെരുന്നാളിനു മുഖ്യകാര്‍മിത്വം വഹിച്ചത് അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് ആണ്. കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് തിരുമേനിയും സന്നിഹിതനായിരുന്നു. അമേരിക്കന്‍ അതിഭദ്രാസനമാണ് കബറിടത്തിന്റെ നിര്‍മ്മാണം നടത്തിയത്. പീലക്‌സിനോസ് വലിയ തിരുമേനിയുടെ നിസ്തുല സേവനങ്ങളെ പ്രകീര്‍ത്തിച്ച ആര്‍ച്ച് ബിഷപ്പ് മോര്‍ തീത്തോസ് അദ്ദേഹത്തിന്റെ ഓര്‍മ്മയും പ്രാര്‍ത്ഥനയും നമുക്ക് കോട്ടയായിരിക്കട്ടെ എന്ന് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.