You are Here : Home / USA News

മുത്തോലത്ത് ഓഡിറ്റോറിയം വെഞ്ചിരിപ്പും സമരിറ്റൻ സംഗമവും

Text Size  

Story Dated: Tuesday, February 07, 2017 11:49 hrs UTC

ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സാമുഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി, ചേർപ്പുങ്കൽ സമരിറ്റൻ സെന്ററിൽ നിർമ്മിച്ച മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പും നാലാമത് സമരിറ്റൻ സംഗമവും ഫെബ്രുവരി 14 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 3 .30 ന് ചേരുന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് നിർവഹിക്കും. തുടർന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ അധ്യക്ഷതയിൽ സാമൂഹ്യ സേവനം വ്രതമാക്കിയ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ സമരിറ്റൻ സംഗമം മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.എസ് മുൻ സെക്രട്ടറിയും ചിക്കാഗോ രൂപത സോഷ്യൽ സർവീസ്, അഗാപ്പെ മൂവ്മെന്റ് എന്നിവയുടെ ഡയറക്ടറുമായ ഫാ. എബ്രഹാം മുത്തോലത്ത് നിർമ്മിച്ച് നല്കിയതാണ് മുത്തോലത്ത് ഓഡിറ്റോറിയം. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കും അന്ധ ബധിരർക്കും ശാസ്ത്രീയ പരിശീലനവും പുനരധിവാസവും നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് ഫാ. എബ്രഹാം മുത്തോലത്ത് വിഭാവനം ചെയ്ത് 2010 - ൽ ആരംഭിച്ച സമരിറ്റൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായിട്ടാണ് ഓഡിറ്റോറിയത്തിന്റെ വരുമാനം പൂർണമായും ഉപയോഗിക്കുന്നത്. സമരിറ്റൻ റിസോഴ്സ് സെന്റർ എന്ന ആശയം മുന്നോട്ട് വച്ചതും സെന്ററിന്റെ നിമ്മാണത്തിന് ആവശ്യമായ സ്ഥലവും സാമ്പത്തികവും ലഭ്യമാക്കിയതും മുത്തോലത്തച്ചനാണ്. ഇന്ന് അന്ധ ബധിരരുടെ സമഗ്ര ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ആദ്യ സംസ്ഥാനതല റിസേർച്ച് സെൻന്ററും പഠനകേന്ദ്രവുമാണ് സമരിറ്റൻ സെന്റർ. അന്ധ ബധിര പുനരധിവാസ പ്രവർത്തനങ്ങളിൽ ദേശിയ തലത്തിൽ പ്രവൃത്തിക്കുന്ന സെൻസ് ഇന്റർനാഷണൽ ഇന്ത്യയുമായി സഹകരിച്ചാണ് സമരിറ്റൻ സെന്റർ പ്രവർത്തിക്കുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറിലധികം പേർക്ക് സെന്ററിലൂടെ നിത്യേന സേവനം നൽകി വരുന്നു. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ഇത്തരം വൈകല്യമുള്ള 300 ലിധികം പേർക്ക് സേവനങ്ങൾ നൽകുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് ചിക്കാഗോ അഗാപ്പെ മൂവ്മെന്റിന്റെ സഹകരണത്തോടെ വർഷം തോറും മികച്ച സാമൂഹ്യ പ്രവർത്തകർക്ക് കെ.എസ്.എസ്.എസ് നൽകി വരുന്ന ഗുഡ് സമരിറ്റൻ അവാർഡ് സമ്മാനിക്കും. കൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന അൻ‌കർ കല എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക ആനി ജോസഫിനാണ് നാലാമത് സമരിറ്റൻ അവാർഡ് ലഭിക്കുന്നത്. മിയാവ്‌ രൂപതാ ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ, മോൻസ് ജോസഫ് എം.എൽ.എ, കോട്ടയം രൂപതാ വികാരി ജെനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. എബ്രഹാം മുത്തോലത്ത്, കിടങ്ങുർ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. മൈക്കിൾ എൻ.ഐ , കിടങ്ങുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രഹാം, കെ.എസ്.എസ്.എസ് സെക്രെട്ടറി ഫാ. ബിൻസ് ചേത്തലിൽ, സമരിറ്റൻ സെന്റർ ജോയിന്റ് ഡയറക്ടർ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.