You are Here : Home / USA News

സൗത്ത് ഇന്‍ഡ്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് 5 വര്‍ഷം പിന്നിടുന്നു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, February 20, 2017 01:35 hrs UTC

വളര്‍ച്ചയുടെ പടവുകള്‍ താണ്ടി . സൗത്ത് ഇന്‍ഡ്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് 5 വര്‍ഷം പിന്നിടുന്നു

 

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ സൗത്ത് ഇന്‍ഡ്യന്‍ ബിസിനസ് സംരംഭകരുടെ ഔദ്യോഗിക സംഘടനായ സൗത്ത് ഇന്‍ഡ്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് അതിന്റെ പ്രവര്‍ത്തന പന്ഥാവില്‍ വിജയകരമായ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇന്‍ഡ്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് കഴിഞ്ഞ നാളുകളില്‍ ഊര്‍ജ്ജസ്വലമായ മുന്നേറ്റം കാഴ്ച വെച്ച സൗത്ത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ബിസ്‌നസ് മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ക്ക് ശക്തമായ സ്വാധീനമായി മാറിയ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പല സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്കും പ്രചോദനവും കൈത്താങ്ങുമായി മാറിയിട്ടുണ്ട്. ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡില്‍ ആണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

 

 

ഇതിനകം നൂറ്റി അമ്പതോളം ബിസിനസ് സംരംഭകര്‍ അംഗമായിട്ടുള്ള സംഘടന വിവിധതരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. കേരളത്തില്‍ പാലായില്‍ സ്ഥിതിചെയ്യുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിനാവശ്യമായ സാമ്പത്തിക സഹായ സഹകരണങ്ങള്‍ ചെയ്തു വരുന്ന സൗത്ത് ഇന്‍ഡ്യന്‍ യു.എസ്. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ അംബാസിഡര്‍ പ്രമുഖ മലയാളി വ്യവസായി ഡോ.ബോബി ചെമ്മണ്ണൂരാണ്. സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സിറ്റിസണ്‍ ബോധവത്ക്കരണ ക്ലാസുകള്‍ അനേകര്‍ക്ക് പ്രയോജനപ്രദമാണ്. ഹൂസ്റ്റണിലെ പ്രമുഖ പട്ടണങ്ങളായ സ്റ്റാഫോഡ്, മിസൗറി, ഷുഗര്‍ ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി ഭവനങ്ങളില്‍ നടന്ന മോഷണ ശ്രമങ്ങള്‍ക്കെതിരെ സംഘടന ശക്തമായി പ്രതികരിക്കുകയും അധികാരികളുടെ ശ്രദ്ധയെ ഇതിലേക്ക് കൊണ്ടു വന്ന് മോഷണ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാനും കഴിഞ്ഞിട്ടുണ്ട്. ഹൂസ്റ്റണിനും സമീപ പ്രദേശങ്ങളിലുമുള്ള ചെറുകിട മലയാളീ വ്യാപാര സ്ഥാനങ്ങള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്‌സ് കഴിഞ്ഞ നാളുകളില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണി നിരന്ന വിവിധ സ്റ്റേജ് ഷോകള്‍ നടത്തിയിട്ടുണ്ട്.

 

 

എറണാകുളം എം.പി. പ്രഫ.കെ.വി.തോമസ്, റോട്ടറി ഗവര്‍ണ്ണര്‍ ഡോ. ജോണ്‍ ഡാനിയേല്‍, ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ശ്രീ.ജോര്‍ജ് കള്ളിവയല്‍ തുടങ്ങി പ്രമുഖ വ്യക്തികളെ സ്വീകരിക്കുന്നതിനും ആദരിക്കുന്നതിനും സംഘടന മുന്‍കൈയെടുത്തു. ബിസിനസ് മേഖലയോടൊപ്പം തന്നെ സേവന, ജീവകാരുണ്യ രംഗങ്ങളിലും ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന സൗത്ത് ഇന്‍ഡ്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് പിന്നിട്ട അഞ്ചു വര്‍ഷക്കാലം തിളക്കമാര്‍ന്ന കര്‍മ്മ പരിപാടികളാല്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളീ സമൂഹത്തിന്റെ മനസുകളില്‍ മായാത്ത സ്ഥാനം അലങ്കരിക്കുന്നു. സംഘടനയുടെ 2017 ലെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് കര്‍മ്മനിരതരും ബിസിനസ് മേഖലകളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചവരുമായ പുതിയ ഭാരവാഹികള്‍ കടന്നു വരുന്നതിലൂടെ സംഘടന പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേരും എന്ന കാര്യത്തില്‍ ഏവരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. ബോര്‍ഡിന്റെ പുതിയ ഭാരവാഹികള്‍ ആയി ഫിലിപ്പ് കൊച്ചുമ്മന്‍(പ്രസിഡന്റ്), ജോര്‍ജ് കോളച്ചേരില്‍(സെക്രട്ടറി), സണ്ണി കരിക്കന്‍(ഡയറക്ടര്‍ ഓഫ് ഫൈനാന്‍സ്), ജോര്‍ജ്ജ് ഈപ്പന്‍(എക്‌സിക്യൂട്ടീവ് ഡയറ്ടര്‍), ജിജു കുളങ്ങര തോമസ്(ഡയറക്ടര്‍ ഓഫ് ബിസിനസ് ഡവലപ്പ്‌മെന്റ്), ബേബി മണക്കുന്നേല്‍(ഡയറക്ടര്‍ ഓഫ് ഈവന്റ്‌സ്), രമേഷ് അതിയോടി(ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ജിജിമോന്‍ ഒലിക്കല്‍(മെമ്പര്‍ഷിപ്പ് ഡയറക്ടര്‍), സക്കറിയ കോശി(ഡയറക്ടര്‍ ഓഫ് പബ്ലിക്ക് റിലേഷന്‍സ്, സാജു കുര്യാക്കോസ്(അസി. ഫൈനാന്‍സ് ഡയറക്ടര്‍). വ്യത്യസ്തമായ കര്‍മ്മ പരിപാടികള്‍ പുതിയ വര്‍ഷം നടപ്പില്‍ വരുത്തുവാനും അതിലൂടെ വ്യാപാരബന്ധങ്ങള്‍ സുദൃഢവും, മികവുറ്റതുമാക്കി മാറ്റുവാന്‍ ശ്രമിക്കുമെന്നും പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

 

കാലീകമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിക്കുവാന്‍ പുതിയ ഭരണസമിതി തീരുമാനമെടുത്തു. അമേരിക്കയിലെ മാറുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ സൗത്ത് ഇന്‍ഡ്യന്‍ ബിസിനസ് സംരംഭകര്‍ ഒന്നായ് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ആവശ്യകത പുതിയ ഭരണസമിതി ചൂണ്ടിക്കാട്ടി. സുവര്‍ണ്ണ നേട്ടങ്ങളുമായി കഴിഞ്ഞ 5 വര്‍ഷം പ്രവര്‍ത്തന പന്ഥാവില്‍ വിജയത്തിന്റെ പടവുകള്‍ താണ്ടി കയറുന്ന സൗത്ത് ഇന്‍ഡ്യന്‍ യു.എസ്. ചേംബര്‍ ഓഫ് കോമേഴ്‌സ്(SIUCC) നവീനമായ കര്‍മ്മ പദ്ധതികളാലും, പ്രവര്‍ത്തനങ്ങളാലും പുതിയ ഉന്നതികള്‍ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു. (ഡയറക്ടര്‍ ഓഫ് പബ്ലിക്ക് റിലേഷന്‍സ് സഖറിയ കോശി അറിയിച്ചതാണിത്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.