You are Here : Home / USA News

ചിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലില്‍ വിഭൂതിത്തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Wednesday, March 01, 2017 11:52 hrs UTC

ചിക്കാഗോ: ഈസ്റ്ററിനോടനുബന്ധിച്ചുള്ള 50 നോമ്പിന് തുടക്കമായ ചാരം പൂശല്‍ തിരുക്കര്‍മ്മങ്ങള്‍ ഫെബ്രുവരി 27 തിങ്കളാഴ്ച ചിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലില്‍ ആചരിച്ചു. 'മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കു മടങ്ങുന്നൂനം......' എന്ന വിഭൂതിയുടെ അന്തസത്തയടങ്ങുന്ന ഗാനം ഗായകസംഘവും സമൂഹവും ചേര്‍ന്നാലപിച്ച് ഈ ചടങ്ങു ഭക്തിസാന്ദ്രമാക്കി. അതിനുശേഷം, രൂപതാ മെത്രാന്‍ മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. രൂപതാ സഹായമെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട്, രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ, ജോര്‍ജ് മാളിയേക്കല്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ്, ഫാ. ജോനാസ് ചെറുനിലം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

 

 

മാര്‍ ജോയ് ആലപ്പാട്ട് സന്ദേശം നല്‍കി. വലിയ അനുഗ്രഹങ്ങളുടെ ഒരു കാലമായിട്ടാണ് വിഭൂതിത്തിരുനാള്‍ ദിവസം മുതല്‍ ആരംഭിക്കുന്ന ഈ നോമ്പുകാലത്തെ ആധ്യാത്മിക പിതാക്കന്മാര്‍ വിശേഷിപ്പിച്ചിട്ടുള്ളതെന്ന് പിതാവ് സൂചിപ്പിച്ചു. അനുരഞ്ജനത്തിലൂടെയേ ശാന്തി ലഭിക്കൂ എന്നും യേശുവിന്റെ കാല്‍വരിയിലെ ബലിയോട് ചേര്ന്നുനിന്നുകൊണ്ട് പാപംമൂലം നഷ്ടമായ ജീവിതസന്തോഷങ്ങളെ തിരിച്ചുപിടിക്കുവാന്‍ സാധ്യമാണെന്ന് ഓരോ ക്രിസ്ത്യാനിയെയും ഓര്‍മ്മിപ്പിക്കുന്ന ദിവസമാണ് വിഭൂതിയെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. അനുഗ്രഹീതമായ ഈ തിരുക്കര്‍മ്മങ്ങളനുഷ്ഠിക്കുന്നതിനായെത്തിയ പിതാക്കന്മാര്‍ക്കും സഹകാര്‍മ്മികര്‍ക്കും അല്മായര്‍ക്കും ഗായകസംഘത്തിനും അഗസ്റ്റിന്‍ അച്ഛന്‍ നന്ദി രേഖപ്പെടുത്തി.

 

റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.