You are Here : Home / USA News

ലാ മോറിയോ സെഗ്‌തോ ഡാലസില്‍ അവിസ്മരണീയ സംഗീതവിരുന്നായി

Text Size  

Story Dated: Saturday, March 11, 2017 12:35 hrs UTC

ഷാജി രാമപുരം

 

ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ(OCYM) ഡാലസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇര്‍വിംഗിലുള്ള മക്അതേര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നിറഞ്ഞ സദസില്‍ മാര്‍ച്ച് 4 ശനിയാഴ്ച വൈകീട്ട് നടന്ന ലാ മോറിയോ സെഗ്‌തോ എന്ന സംഗീത വിരുന്ന് അവിസ്മരണീയ നിമിഷങ്ങളായി മാറി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നമസ്‌കാരക്രമത്തിലെ ഗാനങ്ങളെ ക്രിസ്തുവിന്റെ ജനനം മുതല്‍ ഉയര്‍പ്പു വരെ ചിട്ടയായി കോര്‍ത്തിണക്കി തയ്യാറാക്കിയ പ്രത്യേക പരിപാടിയായിരുന്നു ദൈവത്തെ മഹത്വീകരിക്കുക എന്നര്‍ത്ഥം വരുന്ന ലാ മോറിയോ സെഗ്‌തോ. അമേരിക്കയില്‍ ആദ്യമായി പാശ്ചാത്യ പൗരസ്ത്യ സംഗീതജ്ഞരെ സംയോജിപ്പിച്ചുകൊണ്ട് നടത്തിയ ഈ സംഗീതവിരുന്ന് അനേക വൈദീകരുടെയും, സംഗീത ആസ്വാദകരുടെയും സാന്നിധ്യത്തില്‍ ഡാലസിലെ കേരളാ എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റ് റവ.ഫാ.വി.എം.തോമസ് കോര്‍എപ്പിസ്‌കോപ്പ നിലവിളക്ക് കൊളുത്തി തുടക്കംകുറിച്ചു. ഡാലസിലുള്ള വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 55 ഗായകരും, ഡാലസിലെ റിച്ച്‌ലാന്‍ഡ് മ്യൂസിക് കോളേജിലെ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് വിഭാഗം ഡയറക്ടര്‍ ഡെറിക് ലോഗോസിന്റെ നേതൃത്വത്തിലുള്ള 20 പേരടങ്ങുന്ന വിവിധതരം വാദ്യോപകരണ വിദഗ്ദ്ധ്യരെയും ഉള്‍പ്പെടുത്തി കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഡാലസിലെ വിവധ ഓര്‍ത്തഡോക്‌സ് ദേവലായങ്ങളില്‍ വെച്ച് പരിശീലനം നടത്തി ചെയ്ത ഒരു വേറിട്ട പരിപാടിയായിരുന്നു ലാ മോറിയോ സെഗ്‌തോ. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ലിറ്റര്‍ജിക്കല്‍ മ്യൂസിക് വിദ്വാനും, ദൃശ്യമാധ്യ പഠന വിഭാഗം ഡയറക്ടറും, നാഗപ്പൂര്‍ ക്രിസ്ത്യന്‍ സെമിനാരിയിലെ ലിറ്റര്‍ജിക്കല്‍ മ്യൂസിക് സ്റ്റഡീസ് വിഭാഗം മുന്‍ അദ്ധ്യാപകനും, അനേക ലിറ്റര്‍ജിക്കല്‍ സി.ഡി.കളുടെ ഗാനരചയിതാവും, ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള പത്തനംതിട്ട മാര്‍ കുറിയാക്കോസ് ആശ്രമാംഗവുമായ റവ.ഫാ.ജോണ്‍ ശാമുവേല്‍(റോയിയച്ചന്‍) അമേരിക്കയില്‍ വന്ന് ഗായകരെ പരിശീലിപ്പിച്ച് നേതൃത്വം കൊടുത്ത പ്രോഗ്രാം ആയിരുന്നു ഈ സംഗീതവിരുന്ന്. തുമ്പമണ്‍ ഭദ്രാസനത്തില്‍പ്പെട്ട പത്തനംത്തിട്ടയിലെ പ്രകാശധാര സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഈ പ്രോഗ്രാം നടത്തിയതിലൂടെ ലഭിച്ച ധനം വിനിയോഗിക്കുക എന്നും, പ്രോഗ്രാമിന്റെ സി.ഡി. താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാണെന്നും ഓ.സി.വൈ.എമ്മിന്റെ വൈസ് പ്രസിഡന്റും ഡാലസിലെ ഈ പ്രോഗ്രാമിന്റെ പ്രധാന സംഘാടകനും ആയ റവ.ഫാ.ജോഷ്വാ ജോര്‍ജ്(ബിനോയിയച്ചന്‍) അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.