You are Here : Home / USA News

സ്വന്തം ദേവാലയ നിറവില്‍ എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 12, 2017 07:03 hrs UTC

എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ സ്വന്തം ദേവാലയത്തില്‍ ആദ്യം അര്‍പ്പിച്ചത് കൃതജ്ഞതാബലി. (400 കുടുംബങ്ങള്‍ ഉള്ള ഇടവക സമൂഹത്തിന്) 2017 ഫെബ്രുവരി 28-നു, ഇടവക സമൂഹം സ്വന്തമാക്കിയ പുതിയ ദേവാലയത്തിലെ ആദ്യ ദിവ്യബലി 2017 മാര്‍ച്ച് 5-നു വൈകുന്നേരം 4 മണിക്കായിരുന്നു. കാനഡ, മിസ്സിസാഗ എക്‌സാര്‍ക്കേറ്റ് മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യകാര്‍മികനായ ദിവ്യബലിയില്‍ ഇടവക വികാരി റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍, മിഷന്‍ മുന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് മുണ്ടുവേലില്‍, എക്‌സാര്‍ക്കേറ്റ് ഈസ്റ്റേണ്‍ റീജിയന്‍ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാന മധ്യേ മാര്‍ ജോസ് കല്ലുവേലില്‍ ബലിപീഠം, ബലിവസ്തുക്കള്‍, ദേവാലയം എന്നിവ വെഞ്ചരിച്ചു. 3 വര്‍ഷംകൊണ്ട് പരിമിതമായ സൗകര്യങ്ങളില്‍ ഒരു ഇടവകയെന്ന നിലയില്‍ വളര്‍ന്നു പന്തലിച്ച സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന് ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും, സ്വന്തം സഭാപൈതൃകം കനേഡിയന്‍ മണ്ണില്‍ പരിപോഷിപ്പിക്കാനും, അടുത്ത തലമുറയെ വിശ്വാസതീക്ഷണതയില്‍ വളര്‍ത്താനും സ്വന്തം ദേവാലയം ഉപകരിക്കും എന്ന വിശ്വാസത്തിലാണ് ഇടവക സമൂഹം.

 

 

 

പുതിയ ദേവാലയത്തില്‍ ഞായറാഴ്ചകളില്‍ രണ്ട് ദിവ്യബലിയാണ് ഉണ്ടാവുക. ആദ്യത്തെ ദിവ്യബലി രാവിലെ 9.30-നും, അതിനെ തുടര്‍ന്ന് ക്യാറ്റിക്കിസം ക്ലാസുകളും എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ ദിവ്യബലി വൈകുന്നേരം 5 മണിക്കാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ വൈകുന്നേരം 5.45 മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യവും, തുടര്‍ന്ന് 6.30-നു ദിവ്യബലിയും ഉണ്ടാകും. ശനിയാഴ്ച രാവിലെ 9 നാണ് ദിവ്യബലി. വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളായ ജൂലൈ 29-ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റേയും മറ്റു പിതാക്കന്മാരുടേയും അനുഗ്രഹ സാന്നിധ്യത്തില്‍ വിപുലമായ പരിപാടികളോടെ ദേവാലയ വെഞ്ചരിപ്പ് നടത്തപ്പെടും. നന്ദിയോടും സ്‌നേഹത്തോടുംകൂടി ഒരു ഇടവക സമൂഹം എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആഗ്രഹവും, ആവശ്യവുമായിരുന്ന സ്വന്തം ദേവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് 400 കുടുംബങ്ങള്‍. സ്വന്തം ദേവാലയം എന്ന യാഥാര്‍ത്ഥ്യത്തിന് ഇടവകയൊന്നാകെ നന്ദി പറയുന്നത് ഇടവക വികാരി റവ.ഫാ.ഡോ. ജോണ്‍ കുടിയിരുപ്പിലിനോടാണ്. ഇടവക വികാരിയുടെ നിശ്ചയദാര്‍ഢ്യതയ്ക്കു പിന്നില്‍ ഇടവക സമൂഹം ഒത്തൊരുമയോടെ നിലയുറപ്പിച്ചതുകൊണ്ടാണ് സ്വന്തമായൊരു ദേവാലയം എന്ന സ്വപ്നം ഇത്രയും വേഗം യാഥാര്‍ത്ഥ്യമായത്. പാലാ രൂപതയില്‍ പാളയം ഇടവകയില്‍ കുടിയിരുപ്പില്‍ ഉലഹന്നാന്‍- അന്നക്കുട്ടി ദമ്പതികളുടെ മകനായ ഫാ. ജോണ്‍, 2014 ജനുവരി ഒന്നിനാണ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ ഡയറക്ടറും, വികാരിയുമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. പത്താംക്ലാസ് പഠനത്തിനുശേഷം എം.എസ്.ടി സെമിനാരിയില്‍ ചേര്‍ന്നു 1984 ഏപ്രില്‍ 30-നു വൈദീകപട്ടം സ്വീകരിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളില്‍ വികാരിയായിരുന്ന അദ്ദേഹം മാണ്ഡ്യ (കര്‍ണ്ണാടക), സാംഗ്‌ളി (മഹാരാഷ്ട്ര) എന്നിവടങ്ങളില്‍ മിഷണറിയായും പ്രവര്‍ത്തിച്ചു. സാംഗ്‌ളി മിഷന്‍ ആരംഭിച്ചതും ഫാ. ജോണ്‍ കുടിയിരുപ്പിലാണ്. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. ജോണ്‍ കുടിയിരുപ്പില്‍, ഒന്നര പതിറ്റാണ്ടോളം റുഹാലായ മേജര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. 2003 മുതല്‍ 2007 വരെ നാലുവര്‍ഷം അവിടെ വൈസ് റെക്ടറുമായിരുന്നു. തുടര്‍ന്ന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി. വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പതിമൂന്നോളം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. അന്താരാഷ്ട്ര ദൈവശാസ്ത്ര സെമിനാറുകളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, യു.എസ്.എ എന്നീ രാജ്യങ്ങളിലും വൈദീകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ സേവനം അനുഷ്ഠിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ സ്വന്തമായി ദേവാലയം വാങ്ങുകയുംചെയ്തു. നാനൂറിലേറെ കുടുംബങ്ങളുള്ള എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ദേവാലയം വാങ്ങാന്‍ നേതൃത്വം നല്‍കാന്‍ സാധിച്ചത് അദ്ദേഹത്തെ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിച്ചിരിക്കുന്നു.

 

സഹോദരിമാരായ ഡോ. സിസ്റ്റര്‍ മേരി ജോണ്‍ റോമിലെ ഹോളി സ്പിരിറ്റ് കോണ്‍വെന്റ് അസിസ്റ്റന്റ് സുപ്പീരിയര്‍ ആന്‍ഡ് സെക്രട്ടറിയും, മറ്റൊരു സഹോദരി സിസ്റ്റര്‍ ട്രീസ ജോണ്‍ സെന്റ് ഫിലാമിനാസ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റുമാണ്. 2015-ല്‍ കാനഡയില്‍, മിസ്സിസാഗ ആസ്ഥാനമാക്കി എക്‌സാര്‍ക്കേറ്റ് ആയി ഉയര്‍ത്തിയപ്പോള്‍ എക്‌സാര്‍ക്കേറ്റിന്റെ പ്രഥമ വികാരി ജനറാള്‍ ഫാ. ജോണ്‍ കുടിയിരുപ്പിലായിരുന്നു. തുടര്‍ന്ന് 2016 ഒക്‌ടോബറില്‍ എക്‌സാര്‍ക്കേറ്റ് ഈസ്റ്റേണ്‍ ആന്‍ഡ് വെസ്റ്റേണ്‍ റീജന്‍ ആയി തിരിച്ചപ്പോള്‍, എഡ്മണ്ടന്‍ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റീജിയണിന്റെ ചുമതലയുള്ള വികാരി ജനറാള്‍ ആണ് ഫാ. ജോണ്‍ കുടിയിരുപ്പില്‍. മിനു വര്‍ക്കി കളപ്പുരയില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.