You are Here : Home / USA News

എമിറേറ്റ്‌സിന്റെ ന്യൂവാര്‍ക്ക്‌ -ഏതന്‍സ്‌-ദുബൈ ഫ്‌ളൈറ്റിനെതിരെ യു എസ്‌ എയര്‍ലൈനുകള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Sunday, March 12, 2017 07:08 hrs UTC

ന്യൂജേഴ്‌സി: ന്യൂവാര്‍ക്ക്‌ ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഏതന്‍സിനുമിടക്ക്‌ എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സിന്റെ വിമാനസര്‍വീസ്‌ ഞായറാഴ്‌ച ആരംഭിക്കാനിരിക്കെ ഇതേചൊല്ലി വിവാദം പുകയുന്നു. എമിറേറ്റ്‌സിന്റെ പുതിയ സര്‍വീസിനെതിരായ യു എസ്‌ എയര്‍ലൈനുകളുടെ എതിര്‍പ്പിന്‌ പിന്തുണയേകി ന്യൂജേഴ്‌സിയിലെ കോണ്‍ഗ്രസ്‌ അംഗങ്ങളാണ്‌ കരുക്കള്‍ നീക്കുന്നത്‌. വിമാനസര്‍വീസുകള്‍ വികസിപ്പിക്കാനുള്ള നീക്കത്തെ പിന്താങ്ങുന്നുവെങ്കിലും സബ്‌സിഡി നല്‍കി വിമാന സര്‍വീസുകള്‍ നടപ്പാക്കുന്നതില്‍ താല്‍പര്യമില്ലന്ന്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ പറഞ്ഞു. യു എസ്‌ വ്യാപാര ഉടമ്പടിക്കെതിരായ, അമേരിക്കക്കാരുടെ ജോലി സാധ്യതകുറയ്‌ക്കുന്നതുമായ ഇത്തരം നീക്കങ്ങളെ പിന്തുണയ്‌ക്കാനാവില്ലന്ന്‌ പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു. യു എസ്‌ ഓപ്പണ്‍ സ്‌കൈസ്‌ എയര്‍ സര്‍വീസ്‌ എഗ്രിമെന്റിന്‌ വിരുദ്ധമായി എമിറേറ്റ്‌സ്‌, ഇതിഹാദ്‌ എയര്‍വെയ്‌സ്‌, ഖത്തര്‍ എയര്‍വെയ്‌സ്‌ എന്നിവയ്‌ക്ക്‌ 50 ബില്യണ്‍ ഡോളര്‍ സ്റ്റേറ്റ്‌ സബ്‌സിഡിയായി ലഭിച്ചുവെന്ന്‌ യു എസ്‌ എയര്‍ലൈനുകള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം ഗള്‍ഫ്‌ എയര്‍ലൈനുകള്‍ നിഷേധിച്ചു.

 

 

ഞായറാഴ്‌ച തന്നെ വിമാനസര്‍വീസ്‌ തുടങ്ങാനുള്ള ശ്രമവുമായി എമിറേറ്റ്‌സ്‌ മുന്നോട്ടുപോവുമെന്ന്‌ എയര്‍ലൈന്‍സ്‌ പ്രസിഡന്റ്‌ ടിം ക്ലാര്‍ക്ക്‌ പറഞ്ഞു. എമിറേറ്റ്‌സും മറ്റ്‌ മിഡില്‍ ഈസ്റ്റ്‌ എയര്‍ലൈനുകളും യു എസ്‌ ഓപ്പണ്‍ സ്‌കൈ എഗ്രിമെന്റ്‌ ലംഘിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി 25കോണ്‍ഗ്രസ്‌ അംഗങ്ങള്‍ പ്രസിഡന്റ്‌ ട്രമ്പിന്‌ കത്തെഴുതിയിരുന്നു. ഞങ്ങള്‍ ഒന്നും മാറ്റിമറിയ്‌ക്കാനില്ല. വിമാനസര്‍വീസ്‌ കരാറൊന്നും ലംഘിച്ചിട്ടുമില്ല, ടിം ക്ലാര്‍ക്ക്‌ പറഞ്ഞു. ഡെല്‍റ്റ എയര്‍ലൈന്‍സ്‌, അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌, യുണൈറ്റഡ്‌ കോണ്‍ടിനന്റല്‍ ഹോള്‍ഡിംഗ്‌സ്‌ ഇന്‍ഷുറന്‍സ്‌ എന്നിവ രണ്ടു വര്‍ഷമായി സബ്‌സിഡി സംബന്ധിച്ച വിവാദത്തില്‍ ഗവണ്‍മെന്റ്‌ ഇടപെടണമെന്ന്‌ ആവശ്യപ്പെടുന്നു. നിലവില്‍ എയര്‍ ഇന്ത്യ, യുണൈറ്റഡ്‌ എയര്‍ലൈന്‍സ്‌ എന്നീ വിമാനകമ്പനികളാണ്‌ ന്യൂവാര്‍ക്കില്‍ നിന്ന്‌ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും നേരിട്ട്‌ സര്‍വീസ്‌ നടത്തുന്നത്‌.

 

എമിറേറ്റ്‌സ്‌ വരുന്നതോടെ സൗത്ത്‌ ഏഷ്യന്‍ രാജ്യങ്ങളിലേയ്‌ക്കുള്ള യാത്ര സുഗമമാകുന്നതോടെ ബിസിനസ്‌ എമിറേറ്റ്‌സിലേക്ക്‌ പോകും എന്ന്‌ യു എസ്‌ എയര്‍ലൈനുകള്‍ ആശങ്കപ്പെടുന്നു. ന്യൂജേഴ്‌സി-ഫിലഡല്‍ഫിയ-ഡെലവെയര്‍ ഏരിയയിലുള്ളവര്‍ക്ക്‌ പുതിയ എമിറേറ്റ്‌സ്‌ ഫ്‌ളൈറ്റ്‌ പ്രയോജനകരമാണെങ്കിലും ലേ ഓവര്‍ കൂടുതലാണന്ന പ്രശ്‌നം നിലവിലുണ്ട്‌. കാലക്രമേണ ഇതുമാറി വരുമെന്നാണ്‌ ഈ രംഗത്തുള്ള ഒരു ട്രാവല്‍ ഏജന്റ്‌ പറഞ്ഞത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.