You are Here : Home / USA News

ലോസ് ഏഞ്ചലസില്‍ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി

Text Size  

Story Dated: Thursday, March 23, 2017 10:38 hrs UTC

ലോസ്ഏഞ്ചലസ്: പ്രവാസി ചിത്രകാരന്‍ വിജയന്‍ പുതുമനക്കല്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സാന്‍ഫെര്‍ണാന്‍ഡോ വാലി ആര്‍ട്‌സ് കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. വിവിധ അസോസിയേഷന്‍ ഭാരവാഹികളായ സോദരന്‍ വര്‍ഗീസ്, അനൂപ് സുബ്രമണ്യന്‍, ശ്രീലാല്‍ പുരുഷോത്തമന്‍ എന്നിവരും നൃത്താദ്ധ്യാപകരായ രതി വിജയന്‍, ദിനു ജോജി എന്നിവരും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു. ഗുരുവായൂര്‍ സ്വദേശിയായ പി.വിജയന്‍ ലോസ് ഏഞ്ചലസില്‍ പ്രവര്‍ത്തിക്കുന്ന മകനെ സന്ദര്‍ശിക്കുവാന്‍ എത്തിയതാണ്. വാട്ടര്‍കളര്‍, ഓയില്‍ പെയിന്റ്, അക്രലിക്ക് വിഭാഗങ്ങളിലായി നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. നാല്‍പതോളം വര്‍ഷം കുവൈറ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരു വിനോദം എന്ന നിലയില്‍ ആരംഭിച്ചതാണ് ചിത്രകല എന്ന് വിജയന്‍ പറഞ്ഞു.

 

 

ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും സ്വകാര്യമായി പ്രാരംഭവശങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. മുന്‍പ് കുവൈറ്റില്‍ ജോലി ചെയ്യുമ്പോള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലം നടത്തിയ പ്രദര്‍ശനങ്ങള്‍ വന്‍ പ്രേക്ഷക പ്രശംസ നേടിത്തന്നിരുന്നു. രണ്ടു വര്‍ഷം മുമ്പ് വിരമിച്ച ശേഷം മുഴുവന്‍ സമയം ചിത്രകളയിലേക്ക് ശ്രദ്ധിക്കുന്നു. കേരളത്തില്‍ മടങ്ങിയെത്തിയതിനു ശേഷം തൃശ്ശൂരില്‍ ലളിതാ കലാ അക്കാഡമി ഹാളില്‍ നടത്തുന്ന പ്രദര്‍ശനത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ അഞ്ഞൂറോളം ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നതായി പി.വിജയന്‍ പറഞ്ഞു. കലാകാരിയായ ഭാര്യ രതി വിജയനും, മക്കളായ രമേശ്, രമ്യ എന്നിവരും നല്‍കുന്ന പിന്തുണ തന്നെ ഒരു ചിത്രകാരനാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതായി വിജയന്‍ പുതുമനയ്ക്കല്‍ പറഞ്ഞു.

 

മനു തുരുത്തിക്കാടന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.