You are Here : Home / USA News

പാട്ടു പാടി ലോകറിക്കാർഡിന്റെ പടവുകളിൽ സ്വപ്ന

Text Size  

Story Dated: Wednesday, March 29, 2017 11:55 hrs UTC

Dr.Mathew Joys

കോട്ടയം∙പാട്ടിന്റെ ലോകത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കോട്ടയംകാരി സ്വപ്ന ഏബ്രഹാം. ഓരോ ദിവസവും ഓരോ പുതിയ പാട്ടുകൾ രചിച്ച് അതാതു തീയതികളിൽ വീഡിയോ റിക്കോർഡ് ചെയ്തു കൊണ്ട് ഏപ്രിൽ 8 മുതൽ അടുത്ത 1000 ദിവസങ്ങളിൽ മുടങ്ങാതെ ഇതു തുടർന്ന് പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയാണ് സ്വപ്നയുടെ ലക്ഷ്യം. ലോക റിക്കാർഡ് എന്ന നിലയിൽ അതിന്റെ നിയമങ്ങൾക്ക് അനുസ്യൂതമായി ഓരോ പാട്ടിനെയും അതിന്റെ രചനയേയും റിക്കോർഡിങ് തീയതികളെയും സസൂക്ഷ്മം വീക്ഷിച്ച് വിലയിരുത്താൻ, സംഗീത ലോകത്തെ ഗിന്നസ് ബുക്കായ വേൾഡ് റിക്കാർഡ് അക്കാദമി തയ്യാറായിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഫെയ്സ് ബുക്ക് ലൈവിലൂടെ ഇത് ലോകത്തിൽ എവിടെയും വീക്ഷിക്കുകയും ചെയ്യാമെന്ന് പറയുമ്പോൾ, ഇതൊരു നിസ്സാര സംഗതിയല്ല.

 

 

തന്റെ കലാജീവിതത്തോടുള്ള പ്രതിബദ്ധതയും അഭിനിവേശവും ഉറച്ച മനസ്സും ലോകത്തിന് വെളിവാക്കാനുള്ള അചഞ്ചലമായ കാൽ വയ്പ്പുതന്നെയായി രിക്കും. ഇതുവരെ 21 ലധികം സംഗീത ആൽബങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ സ്വയം എഴുതി ചിട്ടപ്പെടുത്തി അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു. സ്വപ്നയുടെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ ഇതൊരു നിയോഗമാണ്. ‘‘നീണ്ട 24 വർഷങ്ങളിലെ സംഗീത ഉപാസ്സനയുടെയും രചനകളുടെയും പാട്ടുകളുടെയും മാസ്മരിക ലോകത്തിൽ നിന്നും തൽക്കാലം മാറിനിന്നാലോ എന്ന ചിന്ത കഴിഞ്ഞ മാർച്ച് 28 ന് എന്നെ മഥിക്കുവാൻ തുടങ്ങി. തന്നിൽ കുടിയിരുന്ന സംഗീത വാസനയുമായി ലോകത്തിന്റെ പല ഭാഗങ്ങളിലും സ്റ്റേജു പരിപാടികൾ നടത്തുവാനും 21 ലധികം ആൽബങ്ങൾ റിലീസ് ചെയ്യാനും പതിനായിരക്കണക്കിന് സംഗീത പ്രേമികളെ ആവേശ ഭരിതരാക്കുവാനും കഴിഞ്ഞ എനിക്ക് വിടവാങ്ങലിന് മുൻപായി ഒരു ഓർമ്മയിൽ നിൽക്കുന്ന സംഭവം സൃഷ്ടിക്കണമെന്ന മോഹം ഉടലെടുത്തു.

 

 

 

സ്വപ്ന പറയുന്നു. ക്രുദ്ധിതനായ അറേബ്യൻ രാജാവിനെ ആയിരത്തൊന്നു രാവുകളിലൂടെ കഥ പറഞ്ഞുറക്കിയ യുവതിയുടെ ചരിത്രമാണ് മനസ്സിൽ തെളിഞ്ഞത്. അങ്ങനെയാണ് 1000 ദിവസങ്ങൾ കൊണ്ട് 1000 പാട്ടുകൾ രചിക്കണം എന്ന ആശയവുമായി പിറ്റേ ദിവസം ഉണർന്ന് എഴുന്നേറ്റത്. ഓരോ ദിവസവും ഓരോ പുതിയ പാട്ടുകൾ ഒരു വെല്ലുവിളിയായിരിക്കും. ‘അടുത്ത രണ്ടു ദിവസങ്ങളിലെ സായംസന്ധ്യയുടെ ഏകാന്തതയിൽ Crossing Over 'Blest & Broken' എന്ന രണ്ടു പാട്ടുകൾ വേഗം രചിക്കാൻ സാധിച്ചു. അങ്ങനെ ഇതെനിക്ക് ചെയ്യാൻ സാധിക്കും, ചെയ്യണം എന്ന അചഞ്ചലമായ തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു’ ഇത് പറയുമ്പോൾ സ്വപ്നയുടെ മുഖത്തു ദർശിച്ച സന്തോഷവും ആത്മധൈര്യവും തന്റെ ഉദ്ധേശ ശുദ്ധിയുടെ പ്രതീകങ്ങൾ ആയിരുന്നു. 1994 ൽ മണിപ്പാലിലെ പൈ മാനേജുമെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിഎയും 2008 ൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നും മാർക്കറ്റിങ്ങിൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും മികവാർന്ന നിലയിൽ കരസ്ഥമാക്കിയ സ്വപ്ന നിരവധി അവാർഡുകളുടെയും ആദരവുകളുടെയും ഉടമ കൂടിയാണ്. 2010 ഇൻഡ്യാ നീഡ് സ്റ്റാറിൽ വിമൻസ് ഡേയ് പതിപ്പിൽ സ്വപ്നയെപ്പറ്റി പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ‘ മുഖ്യധാരാ പ്രവർത്തനങ്ങളിലും കലാപ്രകടനങ്ങളിലും തൊഴിൽ സംരംഭകയെന്ന നിലയിലും മികവാർന്ന ഉന്നതിയും വിജയവും നേടിയ സ്വപ്ന വനിതകൾക്ക് ഒരു റോൾ മോഡൽ തന്നെയാണ്. 1992– 2012 കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും രാജ്യാന്തരതലത്തിൽ ഇംഗ്ലീഷു ഭാഷയിൽ, ഇത്രയും ക്രിസ്ത്യൻ ആൽബങ്ങൾ രചിച്ചു പ്രചാരമാക്കിയ ആദ്യത്തെ ഇന്ത്യൻ മലയാളി വനിത എന്ന ബഹുമതി സ്വപ്നയുടെ കിരീടത്തിൽ മുൻപ് തന്നെ ഇടം കണ്ടെത്തിയിരുന്നു.

 

 

 

ഗാനങ്ങൾ രചിക്കുകയും കമ്പോസ് ചെയ്തു ശ്രുതിമധുരമായി പാടുവാനും യുവാക്കളിലും കുട്ടികളിലും ആത്മീയ ചിന്തകളെ ഊട്ടിയുറപ്പിക്കുവാനും അക്കാലമൊക്കെയും ദൈവാനുഗ്രഹം മാത്രമാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് സ്വപ്നം പറയുന്നു. അമേരിക്ക, ബ്രിട്ടൺ, കാനഡ, ജർമനി, കെനിയ, ബഹറിൻ, ടാൻസാനിയ, യുഎഇ, ഇസ്രയേൽ, ഈജിപ്റ്റ്, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ഹോങ്ക്കോംങ്, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ പല ഭാഗങ്ങളിലായി നൂറുകണക്കിന് പ്രാവശ്യകളിലായി തന്റെ സ്റ്റേജ് ഷോകൾ നടത്തി ആയിരക്കണക്കിന് ആളുകളുടെ പ്രശംസ കൈപ്പറ്റി സ്വപ്ന ഇന്നും അതേ സ്വരമാധുരിയിലും സംഗീത നൈപുണ്ണ്യത്തിലും മികവാർന്നു നിൽക്കുന്നു. പിന്നീട് പരമ്പരാഗതമായ സുവിശേഷ ഗാനങ്ങൾ മുതൽ പോപ്പ്, റോക്ക്, ഫോക്ക് ഗാനങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ഇതിനിടെ 2012 ലെ Maestro Award(LAMP-ICONGO Karmaveer Chakra for gospel music) ലഭിച്ചിരുന്നു.

 

 

2005 ൽ മക്കളായ ഏഡ്രിയൻ, ഏമി എന്നിവരുടെ പേരിൽ നിന്നും തുടങ്ങിവച്ച് Admiral Musics എന്ന സംഗീത നിർമ്മാണസ്ഥാപനം നന്നായി നടന്നുപോകുന്നു. 2012 ൽ തുടങ്ങി‌‌വച്ച SwanSong എന്ന മൂന്നാം മതസൗഹാർദ ആൽബവും 2016 ൽ പുറത്തുവന്നു. 2007–2009 കാലഘട്ടത്തിൽ ചെന്നൈയിൽ Kafeoke the Singing Cube എന്ന പേരിൽ പാട്ടുകൾ രചിക്കാനും പാടാനും സൗകര്യങ്ങൾ ഉള്ള ഒരു ഓഡിയോ റിക്കാർഡിംഗ് സ്റ്റുഡിയോയും തുടങ്ങിയിരുന്നു. അതിന്റെ വിജയത്തിലാണ് 2012 ലായി ഓഡിയോ വീഡിയോ റിക്കാർഡിങ്ങിനായി SA Recording എന്ന മറ്റൊരു സ്റ്റുഡിയോയും ചെന്നൈയിൽ തന്നെ ആരംഭിച്ചിരുന്നു.

ഇതിനിടയിൽ 2009 ൽ മിത്രൻ ദേവനേശൻ സംവിധാനം ചെയ്ത Donna എന്ന ഫിലിമിലും, 2011 ൽ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്തിറക്കിയ Nadunissi Naaygal എന്ന തമിഴ് ഫീച്ചർ ഫിലിമിലെ മീനാക്ഷിയായും അഭിനയിച്ചുകൊണ്ട് സ്വപ്ന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വർഷങ്ങളായി ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന മലയാളി കുടുംബത്തിലെ അംഗമെന്ന നിലയിൽ, സമ്പൽ സമൃദ്ധിയുടെ നിറകുടമായ ദുബായിൽ നടക്കാനിരിക്കുന്ന വമ്പൻ ലോക മേളയായ EXPO 2020 യോട് സഹകരിച്ചുകൊണ്ട് സ്വപ്ന തന്റെ ഈ കുതിപ്പിന് തയാറായിക്കൊണ്ടിരിക്കുന്നു. ഈ ചരിത്ര സംഭവത്തിൽ ഭാഗഭാക്കാകുന്നതിനും പ്രോത്സാഹിപ്പിക്കാനും 1000 songs in 1000 days.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.