You are Here : Home / USA News

ഹൂസ്റ്റണില്‍ നഴ്‌സസ് ദിനാഘോഷങ്ങള്‍ അവിസ്മരണീയമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, May 19, 2017 11:11 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍(IANAGH) ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. വെസ്റ്റ്ഹീനിലുള്ള മയൂരി ഇന്ത്യന്‍ റെസ്റ്റ്‌റോറന്റില്‍ വച്ച് മെയ് 12 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9.30 വരെയായിരുന്നു ആഘോഷ പരിപാടികള്‍. ഇന്ത്യന്‍, അമേരിക്കന്‍ ദേശീയ ഗാനാലാപത്തിന് ശ്രേയാ വര്‍ഗീസും ശ്രുതി വര്‍ഗീസും നേതൃത്വം നല്‍കി. തുടര്‍ന്ന് നഴ്‌സസ്ദിന പ്രാര്‍ത്ഥനയ്ക്ക് സാലി ശാമുവേലും നഴ്‌സസ് ദിന പ്രതിജ്ഞയ്ക്ക് ക്ലാരമ്മ മാത്യുവും നേതൃത്വം നല്‍കി. അനാഗ് പ്രസിഡന്റ് ആലി ശാമുവേല്‍ സ്വാഗതം ആശംസിച്ചു. നൈനാ പ്രസിഡന്റിന്റെ ആശംസാ സന്ദേശം വെബ്‌സൈറ്റ് ലീഡര്‍ ഷീലാ മാത്യൂസ് വായിച്ചു.

 

 

 

തുടര്‍ന്ന് ദീര്‍ഘവര്‍ഷങ്ങളായി ഹൂസ്റ്റണിലെ നഴ്‌സിംഗ് രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഡോ.ടെറി തോക്ക്‌മോര്‍ട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആതുരസേവനരംഗത്ത് കൂടുതല്‍ പ്രശോഭിയ്ക്കുന്ന നൈറ്റിംഗുകളായി മാറാന്‍ ശ്രദ്ധിയ്‌ക്കേണ്ട ജീവിതക്രമങ്ങളെപ്പറ്റി പ്രതിപാദിച്ച ഡോ.ടെറിയുടെ പ്രഭാഷണം ചിന്തോദ്ദീപകമായിരുന്നു. ഡോളി വര്‍ഗീസ് മുഖ്യപ്രഭാഷകയെ സദസിനു പരിചയപ്പെടുത്തി. തന്റെ സാന്നിദ്ധ്യം കൊണ്ട് നഴ്‌സ്ദിനാഘോഷത്തെ ശ്രദ്ധേയമാക്കി മാറ്റിയ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ സുരേന്ദ്ര അധേന നഴ്‌സസ് ദിന സന്ദേശം നല്‍കി. നഴ്‌സ് പ്രാക്ടീഷ്‌നര്‍മാരുടെ ഉന്നമനത്തിനുവേണ്ടി രൂപീകരിച്ച എപിഎല്‍(AN) ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനവും നടത്തപ്പെട്ടു. അക്കാമ്മ കല്ലേല്‍ സംഘടനയെ സംബന്ധിച്ച പ്രസ്താവന നടത്തി. ആഘോഷത്തോടനുബന്ധിച്ച് അയനാഗിന്റെ വിദ്യാഭ്യാസ സഹായപദ്ധതിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള 3 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും യുഎസില്‍ നിന്നുള്ള 2 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ മേരി തോമസ് സമ്മാനിച്ചു. നഴ്‌സിംഗ് പഠനരംഗത്തും, ജോലി രംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് നിരവധി വ്യക്തികള്‍ക്കും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. നഴ്‌സിംഗ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ഡോ.നിതാ മാത്യുവിനും, മോളി മാത്യുവിനും ലഭിച്ചപ്പോള്‍ ക്ലാരമ്മ മാത്യുവിന് സ്‌പെഷല്‍ കോണ്‍ട്രിബ്യൂഷന്‍ അവാര്‍ഡു ലഭിച്ചു. അക്കാഡമിക്ക് അച്ചീവ്‌മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഡോ.ബോബി മാത്യു, മേരി തോപ്പില്‍, ടെസി തോമസ്, ബിന്ദു സോണി തുടങ്ങിയവര്‍ അര്‍ഹരായി. ലീലാ തയ്യില്‍, ഡയ്‌സി ചെറിയാന്‍ എന്നിവരും സ്‌പെഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ലവ്‌ലി ഇലങ്കയില്‍, 'നൈറ്റിംഗല്‍ ഓഫ് ദി ഡേ' ആയി തെരഞ്ഞെടുക്കപ്പെട്ടു.

 

 

 

സൂസി വര്‍ഗീസ് സെപ്ഷല്‍, അവാര്‍ഡുകളും ഷൈബി ചെറുകര എക്‌സലന്‍സ് അവാര്‍ഡുകളും അര്‍ഹരായവര്‍ക്കു സമ്മാനിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വിവിധ നിലകളില്‍ സഹായിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി, ജോയി എന്‍ ശാമുവേല്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പ്രത്യേകം ആദരിച്ചു. ശ്രേയ വര്‍ഗീസ്, ശ്രുതി വര്‍ഗീസ് എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും, നടാഷാ, ബ്രെന്‍ഡാ വര്‍ഗീസ് എന്നിവരുടെ നൃത്തച്ചുവടുകളും ആഘോഷങ്ങള്‍ക്ക് മികവു നല്‍കി. ഗീതാ ഡാന്‍സ് സെന്റര്‍ ഓഫ് ഹൂസ്റ്റണിലെ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച നൃത്തപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ബോഡി ആന്റ് ബ്രയിന്‍ യോഗാ ഇന്‍സ്ട്രക്ടര്‍ ടായി ചി നയിച്ച യോഗാ ക്ലാസുകള്‍ വ്യത്യസ്തത പകര്‍ന്നു. ജിന്‍സി ജോസഫ് എംഡിയായി പരിപാടികള്‍ നിയന്ത്രിച്ചു. സെക്രട്ടറി വെര്‍ജീനിയാ അല്‍ഫോന്‍സോ നന്ദി പ്രകാശിപ്പിച്ചു. ആഘോഷപരിപാടികള്‍ക്കും ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.