You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ് ഏഴാം നാഷണൽ കോൺഫറൻസിൽ പ്രഫ. പി. ജെ. കുര്യൻ മുഖ്യാതിഥി

Text Size  

Story Dated: Monday, June 12, 2017 11:09 hrs UTC

ജോർജ് എം.കാക്കനാട്ട്

 

ഷിക്കാഗോ ∙ അമേരിക്കൻ മലയാളികളുടെ ചിരകാല വായനാ ബോധത്തിൽ നിന്നും നിർഭയമായ പ്രതികരണ ശേഷിയിൽ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാം നാഷണൽ കോൺഫറൻസിൽ ഇന്ത്യൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രൊഫസർ പി. ജെ. കുര്യൻ മുഖ്യാതിഥി ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിന്റെ ജനകീയ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ ഉയർത്തിക്കാട്ടുക വഴി ജനപ്രതിനിധിയുടെ ഉത്തരവാദിത്വങ്ങൾ സ്തുത്യർഹ പൂർവം നിറവേറ്റുന്ന പ്രൊഫ. പി. ജെ. കുര്യന്റെ സാന്നിധ്യം ഈ കോൺഫറൻസിന് അനുഗ്രഹീതവും അഭിമാനകരവുമാണെന്ന് ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ശിവൻ മുഹമ്മ, ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്, ട്രഷറാർ ജോസ് കാടാപുറം എന്നിവർ പറഞ്ഞു.

 

 

 

വരുന്ന ഓഗസ്റ്റ്‌‌ 24 മുതൽ 26 വരെ ഷിക്കാഗോയിലെ ഇറ്റാസ്കയിലുള്ള ഹോളിഡേ ഇൻ ഹോട്ടലിലാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാം കോൺഫറൻസ് നടക്കുന്നത്. ഇന്ത്യ പ്രസ് ക്ലബിന്റെ ചിരകാല സുഹൃത്ത് എന്ന നിലയിൽ പ്രൊഫസർ പി. ജെ. കുര്യൻ നൽകിയിട്ടുള്ള ഉപദേശ നിർദ്ദേശങ്ങൾ ഈ സംഘടനയുടെ മാധ്യമ ധർമത്തിലധിഷ്ഠിതമായ വളർച്ചയ്ക്കും വികാസത്തിനും എന്നും പ്രേരക ശക്തിയാണ്. അമേരിക്കൻ മലയാളി സമൂഹവുമായി എന്നും അടുത്ത് ഇടപഴകുന്ന പ്രൊഫ. പി. ജെ. കുര്യൻ പ്രസ് ക്ലബ് കോൺഫറൻസിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ അത് ഓരോ മലയാളിയുടെയും ഹൃദയത്തിൽ തൊട്ടായിരിക്കുമെന്നതിൽ സംശയമില്ല.

 

 

ഏഴര പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ സഫലമായ കർമ സപര്യയിൽ പൊതു പ്രവർത്തകൻ, അധ്യാപകൻ, സംഘാടകൻ, ജനപ്രതിനിധി, കേന്ദ്ര മന്ത്രി എന്നിങ്ങനെയുള്ള പദവികളിലൂടെ ഇപ്പോൾ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി ഇന്ത്യയുടെ ശബ്ദം ലോകത്തിന്റെ ജനകീയ സഭകളിൽ എത്തിക്കുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ മാധ്യമ സംസ്കാരം ഒളിമങ്ങാതെ നിലനിർത്തിക്കൊണ്ടു പോരുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ കോൺഫറൻസിൽ പങ്കെടുത്തു സംസാരിക്കുക എന്നത് സന്തോഷപ്രദമാണ്. വാർത്തകളുടെ വസ്തുതയിൽ, സംഭവങ്ങളുടെ കൃത്യതയെ അളന്നു മുറിച്ച് സത്യത്തിന് നിരക്കുന്ന രീതിയിൽ വായനക്കാരിലും പ്രേക്ഷകരിലും എത്തിക്കുവാൻ പ്രസ് ക്ലബിന്റെ അംഗങ്ങളും അണിയറ പ്രവർത്തകരും തങ്ങളുടെ പ്ലാറ്റ് ഫോമിൽ നിന്നുകൊണ്ട് കാട്ടുന്ന അർപ്പണ ബോധവും പ്രൊഫഷണലിസവും മാതൃകയാക്കേണ്ടതാണ്. അതോടൊപ്പം കേരളത്തിലെ ഉന്നത ശ്രേണിയിലുള്ള മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ഈ കർമഭൂമിയിൽ എത്തിച്ച് ആദരിച്ച് അവരുടെ അനുഭവങ്ങളും ആശീർവാദങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കുന്ന ഈ വേദിയിൽ എനിക്കും ഇരിപ്പിടം കിട്ടുന്നത് ഒരു ജനപ്രതിനിധി എന്ന നിലയിൽ ആഹ്ലാദകരമാണ്.

 

 

 

 

ഇന്ത്യ പ്രസ് ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രത്യേകിച്ച് ഷിക്കാഗോയിൽ നടക്കുന്ന കോൺഫറൻസിനും എന്റെ ഭാവുകങ്ങളും പിന്തുണയും അറിയിക്കുകയാണ്... പ്രൊഫ. പി. ജെ. കുര്യൻ പറഞ്ഞു. മാവേലിക്കര, ഇടുക്കി ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് ആറ് തവണ വിജയിച്ചിട്ടുള്ള പി. ജെ. കുര്യൻ ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഐഐടി ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. തിരുവല്ല വെണ്ണിക്കുളം പടുത്തോട് പള്ളത്ത് പരേതരായ പി. ജി. ജോസഫിന്റെയും റാഹേലമ്മ ജോസഫിന്റെയും നാല് മക്കളിൽ മൂന്നാമനായി ജനിച്ച അദ്ദേഹം കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഫിസിക്സ് പ്രൊഫസറായിരുന്നു. ലോക്സഭയും രാജ്യസഭയും നിയന്ത്രിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് പലവട്ടം ലഭിച്ചിട്ടുണ്ട്.

 

 

 

 

കഴിഞ്ഞ തവണ രാജ്യസഭാംഗമായിരുന്നപ്പോൾ പാനൽ ഓഫ് ചെയർമാന്മാരുടെ പട്ടികയിലും അംഗമായിരുന്നു. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി, ഊർജ്ജ വകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങൾ അദ്ദേഹം വർഷങ്ങളോളം കൈകാര്യം ചെയ്തു. 1980 ലാണ് പി. ജെ. കുര്യൻ ആദ്യമായി ലോക് സഭയിൽ എത്തുന്നത്. ചീഫ് വിപ്പ്, രാജ്യസഭയിലെ സീനിയർ വൈസ് ചെയർമാൻ, ഐഐടി ചെയർമാൻ, യുഎൻ പ്രതിനിധിയായി 1994, 1997, 2011 ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു. ഇപ്പോൾ എഎഫ്പിപിഡി വൈസ് ചെയർമാൻ ആണ്. 2012 ഓഗസ്റ്റ് 21 ന് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താതിരുന്നതിനാൽ ഏകകണ്ഠമായിരുന്നു തിരഞ്ഞെടുപ്പ്. കുര്യന്റെ പേര് അന്നത്തെ പ്രധാന മന്ത്രി മൻമോഹൻ സിംഗ് നിർദ്ദേശിച്ചു.

 

 

ഇന്ത്യയുടെ സുപ്രധാന നിലപാടുകൾ ലോകത്തെ അറിയിക്കുന്ന പ്രതിനിധിയായി ജപ്പാൻ, അമേരിക്ക, തായ് ലാൻഡ്, ഈജിപ്റ്റ്, ഗ്രീസ്, മലേഷ്യ, യുഎസ്എസ്ആർ, ജർമനി, യുകെ, കാനഡ, നെതർലാൻഡ്സ്, സ്വീഡൻ, ടർക്കി, എത്യോപ്യ, സ്വിറ്റ്സർ ലാൻഡ്, ചൈന, ബഹ്റെയ്ൻ, ന്യൂസിലാൻഡ്, ഇറ്റലി, ഓസ്ട്രേലിയ, വത്തിക്കാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയുടെ രാജ്യസഭാ ഉപാധ്യക്ഷനാകുന്ന രണ്ടാമത്തെ മലയാളിയാണ്. ഭാര്യ. സൂസൻ കുര്യൻ. രണ്ടു മക്കളുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.