You are Here : Home / USA News

സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ ഷുഗർലാൻഡിൽ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, July 08, 2017 08:06 hrs UTC

ഹൂസ്റ്റൻ: സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക പുതുതായി ഷുഗർലാൻഡിൽ വാങ്ങിയ ദേവാലയത്തിന്റെ കൂദാശ 21,22 (വെള്ളി, ശനി) തീയതികളിൽ നടക്കും. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മോർ യൌസേബിയോസ് , റാന്നി-നിലയ്ക്ൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മോർ നിക്കോദിമോസ് എന്നിവർ സഹ കാർമികരായിരിക്കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും നിരവധി വൈദിക ശ്രേഷ്ഠർ പങ്കെടുക്കുമെന്നു വികാരി റവ. പി.എം. ചെറിയാൻ, ജനറൽ കൺവീനർ തോമസ് വർഗീസ് എന്നിവർ അറിയിച്ചു. ചടങ്ങിനെത്തുന്ന കാതോലിക്കാ ബാവായേയും മറ്റു വിശിഷ്ഠാതിഥികളെയും വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദേവാലയ കവാടത്തിൽ സ്വീകരിക്കും. വികാരി റവ. പി.എം. ചെറിയാൻ, റിസപ്ക്ഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. വാദ്യഘോഷങ്ങളുടെ അകന്പടിയോടെ, വീഥിക്ക് ഇരുവശവും കത്തിച്ചു പിടിച്ച മെഴുകുതിരികളും, കാതോലിക്കാ മംഗളഗാനവും ആലപിച്ചു മോർത്ത് മറിയം സമാജാംഗങ്ങൾ വിശിഷ്ഠാതിഥികളെ ദേവവാലയത്തിലേക്ക് ആനയിക്കും. ആറുമണിക്കു കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സന്ധ്യാ നമസ്കാരവും തുടർന്ന് ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും നടക്കും. അതിനു ശേഷം രാത്രി ഭക്ഷണത്തോടെ ആദ്യ ദിന പരിപാടികൾക്കു സമാപ്തിയാകും. രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ഏഴു മണിക്കു പ്രഭാത നമസ്കാരത്തോടെ കൂദാശയുടെ രണ്ടാം ഘട്ടം ആരംഭിച്ചു വിശുദ്ധ കുർബാനയോടുകൂടെ സമാപിക്കും. തുടർന്നു 12.30നു നടക്കുന്ന പൊതു സമ്മേളനത്തിൽ ഇടവക സുവനീറിന്റെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിക്കും. തുടർന്ന് ഉച്ച ഭക്ഷണത്തോടെ കൂദാശാ കർമ്മങ്ങൾക്കു പരിസമാപ്തി കുറിക്കും. സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻ കീഴിൽ ഹൂസ്റ്റനിലെ അഞ്ചാമത്തെയും പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ആദ്യ ദേവാലയവുമാണിത്. ഏകദേശം ഏഴുവർഷങ്ങൾക്കു മുൻപ് രൂപീകൃതമായ ഇടവകയിൽ സഭയിലെ സീനിയർ വൈദികരിലൊരാളും ആദ്യ വികാരിയുമായ ഫാ. ജോൺ ഗീവർഗീസ് 2010 സെപ്റ്റംബർ 26 ന് ആദ്യ കുർബാനഅർപ്പിച്ചു. തുടർന്ന് ഒക്ടോബർ 17ന് ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മോർ യൌസേബിയസ് കുർബാന അർപ്പിച്ച് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 22 കുടുംബങ്ങളുമായി പ്രവർത്തനം ആരംഭിച്ച ഇടവകയിൽ ഇപ്പോൾ 75 ഓളം അംഗങ്ങളുണ്ട്. ഇടവകയിലെ മുഴുവൻ വിശ്വാസികളുടെയും, ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മോർ യൌസേബിയസ് , മുൻ വികാരിമാരായിരുന്ന റവ. ജോൺ ഗീവർഗീസ്, റവ. ജോഷ്വാ ജോർജ് ഇപ്പോഴത്തെ വികാരി റവ. പി.എം. ചെറിയാൻ, ബിൽഡിംഗ് കമ്മിറ്റി, വിവിധവർഷങ്ങളിലെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ കഠിന പരിശ്രമഫലമായിട്ടാണ് പുതിയ കെട്ടിടവും സ്ഥലവും വാങ്ങുന്നതിനു സാധിച്ചത്. ഷുഗർലാൻഡ് സിറ്റിയിലെ വെസ്റ്റ് ബെൽഫോർട്ട് - ഓൾഡ് റിച്ച്മോൺഡ് റോഡിനു മധ്യേയുള്ള ബെൽക്നാപ്പ് (9915 Belknap road, sugarland, tx. 77498) റോഡിലാണു പുതിയ ദേവാലയം. ശാന്ത സുന്ദരമായ സ്ഥലത്ത് ആറേക്കറോളം വിസ്തൃതിയിലായാണു പുതിയ ദേവാലയ സമുച്ഛയം സ്ഥിതി ചെയ്യുന്നത്. ഓർത്തഡോക്സ് വിശ്വാസമനുസരിച്ചു കിഴക്കു പടിഞ്ഞാറു ദർശനമായി സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ അറുനൂറോളം വിശ്വാസികൾക്ക് ഒരേ സമയം ആരാധന നടത്തുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കും. രണ്ടാമത്തെ കെട്ടിടത്തിൽ ആധ്യാത്മിക സംഘടനകൾ, സൺഡേ സ്കൂൾ എന്നിവകളുടെ റൂമുകൾ, പൊതുയോഗങ്ങളും മറ്റും നടത്തുന്നതിനാവശ്യമായ ഹാൾ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു. കൂദാശയ്ക്ക്കു മുന്പായുള്ള നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നു ബിൽഡിംഗ് കമ്മിറ്റി കോർഡിനേറ്റർ ഇ.കെ. വർഗീസ് അറിയിച്ചു. പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിലേക്കു പള്ളി സാധനങ്ങൾ നേർച്ചയായി നൽകാൻ ഭക്ത ജനങ്ങൾക്ക് അവസരമുണ്ടായിരിക്കും. താൽപര്യമുള്ളവർ ദേവാലയ ട്രസ്റ്റി ജോസഫ് ചെറിയാൻ (832-466-2810), സെക്രട്ടറി ജോർജ് തെക്കേടത്ത് (281-787-3443), എന്നിവരുമായി ബന്ധപ്പെടണം. കൂദാശാ ഫണ്ടിലേക്കു സംഭാവനകൾ നൽകുവാൻ ആഗ്രഹമുള്ളവർക്കായി പള്ളി ഓഫിസിൽ പ്രത്യേക കൌണ്ടർ പ്രവർത്തിക്കുന്നതാണെന്നു വികാരി റവ. പി.എം. ചെറിയാൻ അറിയിച്ചു. കൂദാശാ കർമ്മങ്ങളുടെ സുഗമമായ നടത്തിപ്പിനായി ജനറൽ കൺവീനർ തോമസ് വർഗീസിന്റെ നേതൃത്വത്തിൽ നിതിൻ നൈനാൻ (റിസപ്ക്ഷൻ), എം. തോമസ് വർഗീസ് , സുജിത് ചാക്കോ (ട്രാൻസ്പോർട്ടേഷൻ, അക്കോമഡേഷൻ), പോൾ യോഹന്നാൻ (സുവനീർ), ബിനോയി ഫിലിപ്പ്, ലീനാ ജോർജ് (ഡെക്കറേഷൻ), രഞ്ജിത്ത് ജോർജ് (ടെന്റ്, സീറ്റിങ്), ഷിബു വർഗീസ് (പാർക്കിങ്), ഷെറി തോമസ് (ഫുഡ്), ബാബു വി. കുര്യൻ (പബ്ളിസിറ്റി) തുടങ്ങിയവർ വിവിധ കമ്മിറ്റി കൺവിനർന്മാരായി പ്രവർത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.