You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ്: വിശിഷ്ട അതിഥികള്‍ എത്തിത്തുടങ്ങി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, July 11, 2017 11:28 hrs UTC

ന്യൂയോര്‍ക്ക്: ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളെല്ലാം എത്തിത്തുടങ്ങി. കോണ്‍ഫറന്‍സില്‍ മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും ക്ലാസുകള്‍ നയിക്കുന്നതും സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കുന്നതും അതാത് രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരാണെന്ന് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍ അറിയിച്ചു. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആത്മീയവും സജീവവുമായ നേതൃത്വത്തില്‍ സബ് കമ്മിറ്റികളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കോണ്‍ഫറന്‍സ് ഏറ്റവും സജീവമാക്കാന്‍ യത്‌നിച്ചു വരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്കു പുറമേ അത്മായ ട്രസ്റ്റി ജോര്‍ജ് പോളും വൈദിക സെക്രട്ടറി റവ.ഫാ.ഡോ. എം.ഒ. ജോണ്‍ എന്നിവര്‍ ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.

 

 

 

 

കോണ്‍ഫറന്‍സ് നടക്കുന്ന ദിവസങ്ങളിലൊക്കെയും പരിശുദ്ധ ബാവയുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും. ഇതു ഭദ്രാസനത്തിനു കിട്ടിയ അപൂര്‍വ്വവും അസുലഭവുമായ സന്ദര്‍ഭമായി ഭദ്രാസന അധ്യക്ഷന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചു. ഭദ്രാസന കോണ്‍ഫറന്‍സ് ധന്യമാകുന്നുവെന്ന് കോണ്‍ഫറസ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍ അഭിപ്രായപ്പെട്ടു. പരിശുദ്ധ സഭയുടെ നേതൃത്വത്തിന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തോടുള്ള അകമഴിഞ്ഞ ആഭിമുഖ്യമാണ് വെളിവാകുന്നതെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അഭിപ്രായപ്പെട്ടു. കോണ്‍ഫറന്‍സില്‍ റവ. ഫാ. ഡോ. എം.ഒ.ജോണാണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയിലെ പ്രധാനി. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട റവ. ഫാ. ഡോ. എം.ഒ.ജോണ്‍ ബംഗളൂരു യുണൈറ്റഡ് തിയളോജിക്കല്‍ കോളജ് ചരിത്രവിഭാഗം പ്രൊഫസറും മലങ്കരസഭാ ദീപം മാനേജിങ് എഡിറ്ററുമാണ്. ദക്ഷിണാഫ്രിക്കയിലെ വിവിധ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ ഇദ്ദേഹം സഭാചരിത്ര പണ്ഡിതന്‍, പ്രസംഗകന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കായി സെന്റ് പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഡോണ റിസ്‌ക് ഇംഗ്ലീഷില്‍ ക്ലാസുകളെടുക്കും. എം.ജി.ഒ സി.എസ്.എം ഫോക്കസ് ഗ്രൂപ്പുകള്‍ക്കായി റവ.ഡീക്കന്‍ പ്രദീപ് ഹാച്ചറും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി റവ.ഡീക്കന്‍ ബോബി വറുഗീസും ക്ലാസുകള്‍ നയിക്കും. കോണ്‍ഫറന്‍സിന്റെ അവസാന ഒരുക്കങ്ങളുമായി വ്യാപൃതരായിരിക്കുകയാണ് എല്ലാ കമ്മിറ്റിയംഗങ്ങളും എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍, ജോര്‍ജ് തുമ്പയില്‍, ജീമോന്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു. കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഇതാദ്യമായി ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സായി കലഹാരി കോണ്‍ഫറന്‍സ് മാറുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.