ഫിലഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തൃത്താല എംഎൽഎ വി.ടി. ബാൽറാമിനു മേയ് 11 വെള്ളിയാഴ്ച വൈകിട്ട് 7ന് സെന്റ് തോമസ് സിറോ മലബാർ (608 Welsh Road, Feladelfiya P. A – 19115) പള്ളിയുടെ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകുന്നു.
കെഎസ് യു പ്രസ്ഥാനത്തിൽ കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വി.ടി.ബൽറാം മികച്ച സംഘാടകൻ, തികഞ്ഞ ഗാന്ധിയൻ എന്നീ നിലകളിൽ കോൺഗ്രസ് രാഷ്ട്രീയത്തിലും കേരളാ ജനതയുടെ മനസ്സിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1997 ൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും, 2001 ൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും ആയി തിരഞ്ഞെടുക്കപ്പെട്ടു. 1999– 2000 ലും 2006– 2007 ലും കാലിക്കറ്റ് യൂണിവേഴ്സിറ്റി യിലെ സെനറ്റ് മെംബറും ആയി പ്രവർത്തിച്ചു.
2007–2008 ൽ കെഎസ്യു മാഗസിനായ കലാശാലയുടെ ചീഫ് എഡിറ്ററായും 2009 –2010 ൽ യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന സെക്രട്ടറിയായും 2010 മുതൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. 2011 മുതൽ തുടർച്ചയായി തൃത്താല നിയോജക മണ്ഡലത്തെ കേരളാ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നു.
ആദർശ രാഷ്ട്രീയത്തിന്റെ നിറകുടമായ അദ്ദേഹം അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവാണ്. കേരളത്തിലെ യുവജനതയുടെ ആശയും ആവേശവും ആയ കോൺഗ്രസ് നേതാവാണ് വി.ടി.ബൽറാം. തന്റേതായ വേറിട്ട ശൈലിയിൽ കൂടി കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ തൃത്താല എംഎൽഎയുടെ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ ഫിലഡൽഫിയായിലുള്ള മലയാളി സുഹൃത്തുക്കളെയും കോൺഗ്രസ് അനുഭാവികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
കുര്യൻ രാജൻ പ്രസിഡന്റ് – 610 328 2008
സന്തോഷ് ഏബ്രഹാം ജനറൽ സെക്രട്ടറി – 215 605 6914
By: സന്തോഷ് ഏബ്രഹാം
Comments