You are Here : Home / USA News

എംജിഓസിഎസ്എം / ഒസിവൈഎം അലുംനൈ മീറ്റിങ് വൻവിജയം

Text Size  

Story Dated: Saturday, November 26, 2016 01:33 hrs UTC

ന്യൂയോർക്ക്∙ മലങ്കര ഓർത്തഡോക്സ് സഭയുടെ വിദ്യാർഥി വിഭാഗമായ എംജിഓസിഎസ് എമ്മിന്റെയും യുവജനപ്രസ്ഥാനമായ ഒസിവൈഎമ്മിന്റെയും അമേരിക്കയിലും കാനഡയിലും ഉള്ള മുൻകാലപ്രവർത്തകരുടെ സമ്മേളനവും പ്രവർത്തന ഉദ്ഘാടനവും ഭക്തിനിർഭരവും ആവേശകരവുമായ അന്തരീക്ഷത്തിൽ ന്യൂജഴ്സി ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽവച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കോളോവോസ് നിർവഹിച്ചു. പ്രാർഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ ഇടവകവികാരി ഫാ. സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. മാർ നിക്കോളോവോസ് അധ്യക്ഷപ്രസംഗത്തിൽ പുതുതായി ആരംഭിച്ചിരിക്കുന്ന ഈ പ്രസ്ഥാനം അനേകരെ ക്രിസ്തുവിലേക്ക് ആകർഷിക്കുന്നതിനും സഭയുടെ ആത്മീയപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച് ഇപ്പോൾ പിന്നോട്ട് മാറിനിൽക്കുന്നവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള വേദിയായി തീരട്ടെയെന്ന് ആശംസിച്ചു.

 

 

ഈ കൂട്ടായ്മയുടെ രൂപീകരണത്തിന് മുന്നിൽനിന്ന് പ്രവർത്തിച്ച മാത്യു സാമുവൽ ധ്യാനപ്രസംഗത്തിൽ ആലുംനൈയുടെ പ്രവർത്തനങ്ങളെ ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ വേലയ്ക്ക് അയക്കപ്പെടുന്നതിനോട് ഉപമിച്ചു. ഈ അലുംനൈയുടെ രൂപീകരണത്തിന് അതീവതാൽപര്യത്തോടെ നേതൃത്വം നൽകിയ സജി എം. പോത്തൻ, അലുംനൈയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെപറ്റി വിശദീകരിച്ചു. മുൻപ്രവർത്തകരുടെ പ്രായോഗികജ്ഞാനം വരും തലമുറയ്ക്ക് പകർന്നുനൽകുന്നതിനെപറ്റിയും സഭയുടെ പുരോഗതിയിൽ ഫലവത്തായ കണ്ണി ആകേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ചു. എംജിഓസിഎസ്എം / ഒസിവൈഎം സഭയ്ക്ക് നൽകിയ സംഭാവനകളെപറ്റിയും ഈ പ്രസ്ഥാനങ്ങളിലൂടെ വളർന്ന നേതാക്കളെപറ്റിയും എംജിഓസിഎസ്എം സ്റ്റുഡന്റ് ഹൈസ്കൂൾ വിംഗ് സെക്രട്ടറിയും ഓവിബിഎസ് സ്ഥാപകരിൽ പ്രധാനിയുമായിരുന്ന ഫാ. ഡോ. രാജു വർഗീസ് സംസാരിച്ചു. തുടർന്ന് എംജിഓസിഎസ്എം / ഒസിവൈഎം അലുംനൈയുടെ ഭാവി പ്രവർത്തനങ്ങളെയും കാഴ്ചപ്പാടുകളെയും പറ്റി നടന്ന തുറന്ന ചർച്ചയ്ക്ക് മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗവുമായ ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകി.

 

 

ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുരിയാക്കോസ്, ഫാ. ജേക്കബ് ഫിലിപ്പ്, ഫാ. ജോൺ തോമസ്, ഫാ. സണ്ണി ജോസഫ്, ജോർജ് തോമസ്, തങ്കച്ചൻ ഫിലിപ്പ്, സുജ ജോസ്, ഷൈനി രാജു, സുജ സാമുവൽ, ഡോ. സോഫി വിൽസൻ, സൂസൻ വർഗീസ്, മത്തായി നൈനാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സഭയുടെ ഉത്തരവാദിത്വ സ്ഥാനങ്ങളിലേക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും സഭാകാര്യങ്ങളിൽ താൽപര്യമില്ലാതെ നിസംഗരായി മാറിനിൽക്കുന്ന സഭാംഗങ്ങളെ സഭയോടുള്ള ബന്ധത്തിൽ സജീവമാക്കുന്നതിനും പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കുന്നതിലൂടെ അറിവുകൾ കൈമാറുന്നതിനും ഈ കൂട്ടായ്മ സഹായകരമാകട്ടെയെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. എംജിഓസിഎസ്എം, ഒസിവൈഎം അലുംനൈയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് മാത്യു സാമുവൽ-സെക്രട്ടറി, സജി എം. പോത്തൻ - ജോ. സെക്രട്ടറി, ജെറിൻ ജൂബി, സുജ ജോസ് എന്നിവർ ഏരിയ കോഓർഡിനേറ്റേഴ്സായും ഫാ. എം കെ കുരിയാക്കോസ്, ഫാ. ജോൺ തോമസ്, ഫാ. ഡോ. രാജു വർഗീസ് എന്നിവർ സീനിയർ അഡ്വൈസേഴ്സായും സൂസൻ വർഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ജോർജ് തുമ്പയിൽ എന്നിവർ കമ്മിറ്റി അംഗങ്ങളായും സമിതിയെ തിരഞ്ഞെടുത്തു.

 

ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാർ നിക്കോളോവോസ് സമിതി അധ്യക്ഷനാണ്. സാമ്പത്തിക ഇടപാടുകളും പണപ്പിരിവുകളും നടത്താൻ അലുംനൈയ്ക്ക് താൽപര്യമില്ലാത്തതിനാൽ ട്രഷറർ സ്ഥാനം വണ്ടെന്നുവച്ച് ആദ്യമേതന്നെ അലുംനൈ മാതൃകകാട്ടിയിരിക്കുകയാണ്. ഡോ. സോഫി വിൽസൺ കൃതജ്ഞത പറഞ്ഞു. പ്രവാസി ചാനലിന്റെ അവതാരകയായ റീന സൂസൻ മാത്യുസ് എംസിയായിരുന്നു.

 

വാർത്ത∙ ഫിലിപ്പോസ് ഫിലിപ്പ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.