You are Here : Home / USA News

അല ഡാലസ് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 10, 2016 02:39 hrs UTC

ഗാർലന്റ്(ഡാലസ്)∙ അമേരിക്കൻ മലയാളികളുടെ പുരോഗമന സാഹിത്യ– സാംസ്കാരിക – കലാ വേദിയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഡാലസ് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം കേരള മുൻ വിദ്യാഭ്യാസ –സാംസ്കാരിക മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി നിർവ്വഹിച്ചു. നവംബർ 27 ശനിയാഴ്ച ഗാർലന്റ് കിയാ റസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോർഡിനേറ്റർ മനോജ് മഠത്തിൽ അധ്യക്ഷത വഹിച്ചു. അന്തരിച്ച ഫിദൽ കാസ്ട്രോ, കലാ സാഹിത്യ നായകന്മാർ എന്നിവർക്ക് ആദരാ‍ജ്ഞലികൾ അർപ്പിച്ച് ഒരു മിനിറ്റ് മൗനാചരണത്തിനുശേഷമാണ് യോഗ നടപടികൾ ആരംഭിച്ചത്. മുഖ്യാതിഥി എം. എ. ബേബിയെ അധ്യക്ഷൻ സദസിനു പരിചയപ്പെടുത്തുകയും അലയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് സംക്ഷിപ്തമായി വിവരിക്കുകയും ചെയ്തു. തുടർന്ന് മുഖ്യാതിഥിയും സംഘടനാ നേതാക്കളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

 

 

തിരക്കു പിടിച്ച അമേരിക്കൻ ജീവിതത്തിനിടയിലും മലയാളി മനസ്സിൽ ജന്മസിദ്ധമായി ലഭിച്ചിരിക്കുന്ന കലാവാസനയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് അല സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ എം. എ. ബേബി പ്രത്യേകം അഭിനന്ദിച്ചു. കല മനുഷ്യ ജീവിതത്തിലെ അഭിഭാജ്യഘടകമാണ്. കലയെ ആദരിക്കുകകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ സാഹോദര്യ സ്നേഹത്തിന്റെ മഹത് സന്ദേശമാണ് പ്രചരിപ്പിക്കപ്പെടുന്നത്. വിവിധ കലാ സാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്നവരെ സംയോജിപ്പിച്ച് ഐക്യത്തോടെ മുന്നോട്ടു നയിക്കുന്നതിനു അലയുടെ സംഘാടകർക്ക് കഴിയട്ടെയെന്ന് എം. എ. ബേബി ആശംസിച്ചു.

 

 

തുടർന്ന് ആശംസകൾ അർപ്പിച്ചുകൊണ്ടു ഷിജി ഏബ്രഹാം (ഡാലസ് കേരള അസോസിയേഷൻ, മീന എലിസബത്ത്(നോവലിസ്റ്റ്), തോമസ് ഏബ്രഹാം, ഫിലിപ്പ് തോമസ്(വേൾഡ് മലയാളി) പോൾ സെബാസ്റ്റ്യൻ(ലയൺസ് ക്ലബ്), പി. പി. ചെറിയാൻ (പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക) എന്നിവർ സംസാരിച്ചു. ഫൊക്കാനാ മുൻ സെക്രട്ടറിയും കലയുടെ ഭാരവാഹിയുമായ ടെറൻസൺ തോമസ് സ്വാഗതവും ഡോ. ജേക്കബ് തോമസ് നന്ദിയും പറഞ്ഞു. ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനും കവിയുമായ അനശ്വർ മാമ്പിള്ളിയായിരുന്നു ചടങ്ങുകൾ നിയന്ത്രിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.