You are Here : Home / USA News

ഗ്ലോബല്‍ ഹിന്ദുസംഗമത്തിനായി ന്യൂയോര്‍ക്കില്‍ വിവിധ സംഘടനകള്‍ സമ്മേളിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 13, 2016 01:09 hrs UTC

സതീശന്‍ നായര്‍

ന്യൂയോര്‍ക്ക്: 2017 ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ നടക്കുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ വിജയത്തിനായി ന്യൂയോര്‍ക്കിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭവും കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു. ബാലികമാരുടെ ഭക്തിഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനം കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മതങ്ങളും, മൂര്‍ത്തികളും, ജാതികളും ജനിക്കുന്നതിനു മുമ്പേ സകല ജീവജാലങ്ങളിലും പ്രതിഫലിക്കുന്ന ഏകമായ ജീവചൈതന്യത്തെ -ലോകത്തെ നിയന്ത്രിക്കുന്ന പരമാത്മാവ് തന്നെയാണെന്നു തിരിച്ചറിഞ്ഞ ഭാരതത്തിന്റെ വേദചിന്തകള്‍, സംരക്ഷിക്കുന്നതിനും കാലങ്ങള്‍ അടിച്ചേല്‍പിക്കുന്ന മാലിന്യങ്ങള്‍ പ്രതിരോധിക്കുന്നതിനും സമ്മേളനങ്ങള്‍ ബദ്ധശ്രദ്ധമായിരിക്കണമെന്നു പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

 

വേദ സംസ്കാരത്തിലെ അമൃതു തുല്യമായ ഈശ്വരസങ്കല്‍പത്തെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഗ്രസിച്ചപ്പോള്‍ ശക്തമായ പ്രതിരോധം തീര്‍ത്ത ശങ്കരന്റേയും, നാരായണ ഗുരുവിന്റേയും, വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടേയും പ്രവര്‍ത്തനവഴികള്‍ മലയാളികള്‍ക്ക് എന്നും മാതൃകയാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെ.എച്ച്.എന്‍.എയുടെ സംഘടനാ ചരിത്രത്തില്‍ മാതൃകാപരമായ അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, പുതിയ മേഖലകളിലെ ഹൈന്ദവ ശാക്തീകരണവും, കേരളത്തിലെ വര്‍ദ്ധിച്ച സ്‌കോളര്‍ഷിപ്പ് വിതരണവും ഡിട്രോയിറ്റ് കണ്‍വന്‍ഷനെ വന്‍ വിജയമാക്കുമെന്ന് പ്രത്യാശിക്കുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷിബു ദിവാകരന്‍ തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

 

ന്യൂയോര്‍ക്കിലെ വിവിധ ഹൈന്ദവ കൂട്ടായ്മകളായ അയ്യപ്പസേവാസംഘത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗോപിനാഥകുറുപ്പ്, നായര്‍ ബനവലന്റ് അസോസിയേഷന്‍ (എന്‍.ബി.എ) സെക്രട്ടറി പ്രദീപ് മേനോന്‍, മലയാളി ഹിന്ദു മണ്ഡലം (മഹിമ) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധാകരന്‍ പിള്ള, ശ്രീനാരായണ അസോസിയേഷന്‍ (എസ്.എന്‍.എ) വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പിന്തുണയര്‍പ്പിച്ച് സംസാരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സ്മിതാ ഹരിദാസ്, ബാഹുലേയന്‍ രാഘവന്‍, ട്രസ്റ്റിമാരായ ഗണേഷ് നായര്‍, വിനോദ് കെയാര്‍കെ, മധുപിള്ള, രാജീവ് ഭാസ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി സംഘടിപ്പിച്ച കുടുംബമേളയ്ക്ക് ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ സ്വാഗതവും, മേഖലാ വൈസ് പ്രസിഡന്റ് വനജാ നായര്‍ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.