You are Here : Home / USA News

ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ധനസമാഹരണം വിജയിപ്പിക്കുക: മാര്‍ നിക്കോളോവോസ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, December 14, 2016 02:37 hrs UTC

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്റര്‍ പെന്‍സില്‍വേനിയയില്‍ ഒരുങ്ങുന്നു. പോക്കോണോസ് മലനിരകളിലുള്ള ഡാല്‍ട്ടണിലെ ഫാത്തിമ സെന്ററില്‍ വിപുലവും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ സെന്റര്‍ സ്ഥാപിക്കുന്നതിനു വേണ്ട അടിസ്ഥാന ധനസമാഹരണമാണ് ഇപ്പോള്‍ നടക്കുന്നത്. സമയബന്ധിതമായി ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അറിയിച്ചു. ഇപ്പോള്‍ അടിയന്തിര ആവശ്യമായി വന്നിട്ടുള്ള 3.5 മില്യണ്‍ ഡോളര്‍ ജനുവരിക്ക് മുന്‍പ് സമാഹരിക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ച് സഭയോടു ചേര്‍ന്നു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു കേവലമൊരു പദ്ധതിയായി കാണരുതെന്നും, ദൈവുമായുള്ള മനുഷ്യന്റെ അകലം കുറയ്ക്കാനുള്ള ഒരു ഇടമായി ഇതിനെ കാണണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

 

 

സഭയിലെ ഓരോ വ്യക്തിയും ഈ പദ്ധതിയുമായി സഹകരിക്കേണ്ടതുണ്ട്. ഓരോരുത്തരില്‍ നിന്നും നിശ്ചിത തുക വായ്പയായി സ്വീകരിക്കുകയും പിന്നീട് തിരിച്ചു നല്‍കുകയും ചെയ്യുക എന്ന രീതിയിലാണ് ധനസമാഹാരണപദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഈ നിലയില്‍ മിനിമം 5000 ഡോളര്‍ വീതം മൂന്നു വര്‍ഷത്തേക്ക് മൂന്നു ശതമാനം പലിശ നിരക്കില്‍ വായ്പയായി സ്വീകരിക്കും. (ബാങ്കിലുള്ള സ്ഥിരനിക്ഷേപത്തേക്കാള്‍ കൂടുതല്‍ ലാഭം ലഭിക്കുന്നുവെന്നതു മാത്രമല്ല, സഭയ്ക്ക് ആവശ്യമായ സമയത്ത് സഹായിക്കുക എന്ന ഉദ്ദേശവും ഇതിനു പിന്നിലുണ്ട്. ദൈവീകമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഭയ്ക്ക് ആവശ്യമായ സമയത്ത് ഒപ്പം നില്‍ക്കുകയെന്ന മഹത്തായ പ്രവര്‍ത്തനമായും ഇതിനെ കാണണം). അടിയന്തരഘട്ടങ്ങളില്‍ ഇത്തരം നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.

 

 

വായ്പത്തുക നല്‍കുന്നവര്‍ക്ക് തത്തുല്യമായ ജാമ്യം അവകാശപ്പെടാവുന്ന പ്രോമിസറി നോട്ടുകളും സഭ നല്‍കും. നിശ്ചലമായി കിടക്കുന്ന നിങ്ങളുടെ ഡിപ്പോസിറ്റുകള്‍ ഈ വിധത്തില്‍ സഭയെ ഏല്‍പ്പിച്ച് വലിയൊരു പദ്ധതിക്ക് മുതല്‍ക്കൂട്ടായി മാറാന്‍ എല്ലാവരും മുന്നോട്ടു വരേണ്ടുന്ന സന്ദര്‍ഭമാണിതെന്നു മാര്‍ നിക്കോളോവോസ് പറഞ്ഞു. കെട്ടിട സമുച്ചയം ഉള്‍പ്പെട്ട സ്ഥലത്തിന്റെ സമഗ്രമായ വിവരണവും വീഡിയോ അവതരണവും ഇത്തവണ സമാപിച്ച ഫാമിലി കോണ്‍ഫറന്‍സില്‍ വച്ചു നടത്തിയിരുന്നു. പ്രൊജക്ടിന്റെ സാമ്പത്തിക ബാദ്ധ്യതകളും സാധ്യതകളും വ്യക്തമായ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അന്ന് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അവതരിപ്പി്ക്കുകയും ചെയ്തു. റിട്രീറ്റ് സെന്ററും അതിന്റെ പ്രവര്‍ത്തനങ്ങളും മലങ്കര സഭയ്ക്ക് തന്നെയും മാതൃകയായി മുന്നേറണമെങ്കില്‍ ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്ന ധനസമാഹരണം പൂര്‍ണമായ രീതിയില്‍ വിജയിക്കണം. കോണ്‍ഫറന്‍സ് റൂമുകള്‍ക്ക് പ്രിയപ്പെട്ടവരുടെ പേരുകള്‍ നല്‍കാവുന്ന വിധത്തില്‍ സ്‌പോണ്‍സര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. ഇതിനായി 50,000 ഡോളറാണ് വേണ്ടി വരിക. കിടപ്പുമുറികള്‍ക്ക് വേണ്ടി 25,000 ഡോളറായി നിജപ്പെടുത്തിയിരിക്കുന്നു. റിട്രീറ്റ് സെന്ററിലെ ഒരു നിശ്ചിത സ്ഥലത്ത് പ്രിയപ്പെട്ടവരുടെ ഓര്‍മ്മ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി 10,000 ഡോളര്‍ നല്‍കാം. സ്ക്രാന്റണ്‍ ഡൗണ്‍ടൗണില്‍ നിന്നും മിനിറ്റുകളുടെ ഡ്രൈവ് മാത്രമാണ് പെന്‍സില്‍വേനിയയിലെ ഡാല്‍റ്റണ്‍ ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിലേക്കുള്ളു. ഔട്ട്‌ഡോര്‍ മെഡിറ്റേഷന് പറ്റിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

 

 

300 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോടു ചേര്‍ന്ന് മൊട്ടക്കുന്നുകളും ഒപ്പം മരങ്ങളും ചെറിയ ചെടികളുടെയുമൊക്കെ ഒരു വലിയ കേദാരമുണ്ട്. ആരുടെയും മനസ്സ് ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടുത്തേത്. ചാപ്പല്‍, ലൈബ്രറി, കോണ്‍ഫറന്‍സ് മുറികള്‍, ക്ലാസ്മുറികള്‍, ഓഫീസുകള്‍ എന്നിവയെല്ലാം റിട്രീറ്റ് സെന്ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോര്‍മെറ്ററികള്‍, ജിംനേഷ്യം, 800 പേര്‍ക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. ഭദ്രാസനത്തിനു മാത്രമല്ല സഭയ്ക്കാകമാനം തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് സക്കറിയ മാര്‍ നിക്കളോവോസ് മെത്രാപ്പോലീത്ത പറഞ്ഞു.

 

 

4.50 മില്യണ്‍ ഡോളറിനാണ് റിട്രീറ്റ് സെന്റര്‍ സഭ സ്വന്തമാക്കുന്നത്. ഇതില്‍ ഒരു മില്യണ്‍ പുനര്‍നിര്‍മ്മാണത്തിനു മാത്രമായി കണക്കാക്കുന്നു. ഭദ്രാസനത്തിലുള്ള ഓരോ കുടുംബവും 2000 ഡോളര്‍ എന്ന കുറഞ്ഞ സംഖ്യ സംഭാവനയായി നല്‍കി ഈ പദ്ധതിയോടു സഹകരിക്കണമെന്ന് മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചു. എല്ലാ സംഭാവനകളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്, WWW.TRANSFIGURATIONRETREAT.ORG OR EMAIL AT: Transfiguration@neamericandiocese.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.