You are Here : Home / USA News

ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞുവീഴ്ച, ഗതാഗതത്തെ സാരമായി ബാധിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, December 17, 2016 08:32 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളെ കുളിരണിയിച്ചു കൊണ്ട് കനത്ത മഞ്ഞു വീഴ്ച. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കറ്റ്, പെന്‍സില്‍വേനിയ, വെര്‍ജീനിയ, ന്യൂ ഇംഗ്ലണ്ട്, മേരിലാന്‍ഡ് സംസ്ഥാനങ്ങളിലെ ഭൂരിഭാഗവും മഞ്ഞിനടിയിലായി. വെള്ളിയാഴ്ച രാത്രിയോടെ മൈനസിലും താഴെയെത്തിയ ഊഷ്മാവ് വരും ദിവസങ്ങളിലെ പകലും തല്‍സ്ഥിതി തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച പകല്‍ പലേടത്തും റോഡുകള്‍ മഞ്ഞുമൂടി കിടക്കുകയായിരുന്നു. കാഴ്ച മറച്ചു കൊണ്ട് രണ്ടു മുതല്‍ നാല് ഇഞ്ച് വരെ മഞ്ഞ് പെയ്തു. വഴുക്കല്‍ നിറഞ്ഞ റോഡില്‍ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയ ഡ്രൈവര്‍മാര്‍ വന്‍ ട്രാഫിക്ക് ബ്ലോക്കും സൃഷ്ടിച്ചു. റോഡില്‍ കൂടിക്കിടക്കുന്ന മഞ്ഞ് മാറ്റാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പലേടത്തും സ്ഥിതിയില്‍ വ്യത്യാസമില്ല. നോര്‍ത്തേണ്‍ മിഡ് അത്‌ലാന്റിക്ക് സംസ്ഥാനങ്ങളില്‍ തണുത്ത കാറ്റും പ്രതികൂലമായിട്ടുണ്ട്. ബോസ്റ്റണ്‍ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ട്രാഫിക്കിനെയും കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ വാഷിങ്ടണ്‍ ഡ്യൂലസ് എയര്‍പോര്‍ട്ടിലെ റണ്‍വേകള്‍ അനിശ്ചിതമായി അടച്ചിട്ടിരിക്കുകയാണ്. മഞ്ഞ് വീഴ്ച വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നും ജനങ്ങള്‍ കൂടുതല്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.