You are Here : Home / USA News

കേരളാ ക്രിസ്‌ത്യന്‍ അഡല്‍റ്റ്‌ ഹോംസിന്റെ ‘റിട്ടയര്‍മെന്റ്‌ വിശ്രമകേന്ദ്രം’ - ഒരു സ്വപ്‌നസാക്ഷാത്‌കാരം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, December 29, 2016 12:54 hrs UTC

റോയിസ്‌ സിറ്റി(ഡാലസ്‌)∙ റിട്ടയര്‍മെന്റ്‌ ജീവിതശൈലിക്ക്‌്‌ പുനര്‍നിര്‍വചനമെഴുതി റോയ്‌സ്‌ സിറ്റിയില്‍, കേരളാ ക്രിസ്‌ത്യന്‍ അഡല്‍റ്റ്‌ ഹോംസിന്റെ (കെസിഎ) റിട്ടയര്‍മെന്റ്‌ വിശ്രമകേന്ദ്രം പൂര്‍ത്തിയാവുന്നത്‌ നാളുകളുടെ സ്വപ്‌നസാക്ഷാത്‌കാരത്തിലേക്ക്‌. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ, പ്രത്യേകിച്ച്‌ വാര്‍ധക്യത്തിലേക്ക്‌ കാലൂന്നുന്ന മുതിര്‍ന്ന തലമുറയുടെ ചിരകാലാഭിലാഷത്തെ സാക്ഷാത്‌കരിച്ചിരിക്കുകയാണ്‌ കെസിഎ ഹോംസ്‌. പിറന്ന നാടിന്റെ ഗൃഹാതുരത്വമാര്‍ന്ന ഓര്‍മകളെ നെഞ്ചേറ്റുന്ന, ഒപ്പം അമേരിക്കന്‍ ജീവിതശൈലിയുടെ ആഡംബരങ്ങളെയും സൗകര്യങ്ങളെയും ജീവിതശൈലിയിലേക്ക്‌ ഉള്‍ചേര്‍ത്തുകഴിഞ്ഞ മുതിര്‍ന്ന തലമുറയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വാര്‍ദ്ധക്യകാലജീവിതം സമാധാനപരവും സന്തോഷകരവും അല്ലലില്ലാത്തതുമായിരിക്കണമെന്ന മോഹം സാക്ഷാത്‌കരിക്കപ്പെടുന്ന സന്തോഷത്തിലാണ്‌ റിട്ടയര്‍മെന്റിലെത്തിക്കൊണ്ടിരിക്കുന്ന നല്ലൊരു പങ്ക്‌ മുതിര്‍ന്ന ദമ്പതികളും. ഡാലസ്‌ ഫോര്‍ട്ട്‌വെര്‍ത്ത്‌ എയര്‍പോര്‍ട്ടില്‍ നിന്നും നാല്‍പ്പത്തിയെട്ടു മൈലുകള്‍ മാത്രം അകലെയുള്ള 1-30 ഹൈവേയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന റോയ്‌സ്‌ സിറ്റിയുടെ കണ്ണായ പ്രദേശത്ത്‌, ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഒരു കൊച്ചുകേരളം എന്നു തോന്നിപ്പിക്കത്തക്ക വിധം 436 ഏക്കറോളം വരുന്ന സ്ഥലത്ത്‌, നാലു മൈല്‍ സമചതുരാകൃതിയില്‍ രൂപപ്പെടുത്തിയിരിക്കുന്ന കേരളാ ക്രിസ്‌ത്യന്‍ അഡല്‍റ്റ്‌ ഹോംസിന്റെ മാതൃകാ വീടുകള്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന്‌ ഏറെ പ്രയോജനപ്പെടുമെന്നുറപ്പ്‌. ഒരു വീട്‌ വെയ്‌ക്കാനുള്ള പ്ലോട്ടിന്‌ ഒന്നേകാല്‍ ലക്ഷം ഡോളറാണ്‌ വില. ഫെബ്രുവരി 10 വരെ ഡിസ്‌കൗണ്ടോടുകൂടി 70,000 ഡോളറിന്‌ ലഭിക്കും. ഇത്തരത്തിലുള്ള 5 പ്ലോട്ടുകളാണ്‌ വില്‍പനക്കുള്ളത്‌. 149 അംഗങ്ങള്‍ പാര്‍ട്‌നേഴ്‌സ്‌ ആയ കെസിഎ എച്ച്‌എല്‍എല്‍സി കോര്‍പറേഷനാണ്‌ ഈ പ്രോജക്‌ടിന്‌ സാരഥ്യം വഹിക്കുന്നത്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വെസ്റ്റ്‌ ഓറഞ്ച്‌ കേന്ദ്രമായ പ്രാര്‍ഥനാഗ്രൂപ്പില്‍ ‘സഹോദരര്‍ ഏകമനസായി ഒരുമിച്ച്‌ വസിക്കുന്നത്‌ എത്ര വിശിഷ്‌ടവും സന്തോഷപ്രദവുമാണ്’ എന്ന (സങ്കീര്‍ത്തനം 133:1) വചനഭാഗമായിരുന്നു ആദ്യമായി ഇങ്ങനെയൊരു ചിന്തയ്‌ക്ക്‌ വിത്തിട്ടത്‌. 659 വീടുകളാണ്‌ പണി പൂര്‍ത്തിയാവുന്നത്‌. റോക്‌വാള്‍ ആന്‍ഡ്‌ ബെയ്‌ലര്‍ മെഡിക്കല്‍ സെന്ററിലെ ടെക്‌സസ്‌ ഹെല്‍ത്‌കെയര്‍ പ്രിസ്‌ബെറ്റീരിയന്‍ ആശുപത്രി, 50 മിനിറ്റ്‌ ഡ്രൈവ്‌ ദൂരത്തില്‍ ഡിഎഫ്‌ഡബ്ലിയു എയര്‍പോര്‍ട്ട്‌ തുടങ്ങിയവ ഈ പ്രോജക്‌ടിന്റെ ആകര്‍ഷണീയതകളാണ്‌. ഫാസ്റ്റ്‌ ഫുഡ്‌ മുതലുള്ള ഭക്ഷണം കിട്ടുന്ന നിരവധി റസ്റ്ററന്റുകള്‍ റോക്‌ വാള്‍, ഡാലസ്‌ ഫോര്‍ട്ട്‌വര്‍ത്ത്‌ ഏരിയയിലുണ്ട്‌. ക്ലബ്‌ഹൗസ്‌ കഫറ്റീരിയയില്‍ ആഴ്‌ചയില്‍ ഏഴു ദിവസവും സ്വാദേറിയ ഭക്ഷണം ലഭിക്കും. കെസിഎ ഹോംസില്‍ നിന്ന്‌ വളരെ ചെറിയൊരു ഡ്രൈവ്‌ ദൂരത്തില്‍ നിരവധി മാളുകളും ഷോപ്പിംഗ്‌ സൗകര്യങ്ങളുമുണ്ട്‌. ബാങ്ക്‌, സലൂണ്‍, ഗ്രോസറി സ്റ്റോര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌. ക്ലബ്‌ഹൗസില്‍ സ്‌പോര്‍ട്‌സ്‌ മുതല്‍ യോഗ വരെയും കാര്‍ഡ്‌ ഗെയിം തുടങ്ങിയവയ്‌ക്കും സൗകര്യങ്ങളുണ്ട്‌. കൂടാതെ ഫിറ്റ്‌നസ്‌ സെന്റര്‍, ഔട്ട്‌ഡോര്‍ സ്വിമ്മിംഗ്‌ പൂള്‍, ടെന്നിസ്‌ കോര്‍ട്ട്‌, ജോഗിംഗ്‌ ട്രാക്ക്‌, പാര്‍ക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌. ആത്മീയകാര്യങ്ങളിലേക്കും പ്രാര്‍ഥനകള്‍ക്കും മറ്റുമായി ഒരു വൈദികന്റെ സേവനം ലഭ്യമാണ്‌. സമുദായഭേദമില്ലാതെ എല്ലാവരും ഒത്തുചേരുന്ന ചാപ്പലിന്റെ പണി പൂര്‍ത്തിയായി വരുന്നു. കുര്‍ബാന അര്‍പ്പണത്തിനും മറ്റ്‌ ആത്മീയ മീറ്റിംഗുകള്‍ക്കും ചാപ്പലില്‍ സൗകര്യമുണ്ടായിരിക്കും. ചര്‍ച്ച്‌ ആന്‍ഡ്‌ സ്‌പിരിച്ച്വല്‍ ആക്‌റ്റിവിറ്റീസ്‌, പ്രാഥമിക ചികിത്സാകേന്ദ്രം, ഷോപ്പിംഗ്‌ കോംപ്ലെക്‌സ്‌, കാന്റീന്‍, നേഴ്‌സിംഗ്‌ ഹോം, മസാജ്‌ പാര്‍ലര്‍, സ്വിമ്മിംഗ്‌ പൂള്‍, ഹോം തീയേറ്റര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനങ്ങളുമുള്ള ഗേറ്റഡ്‌ കമ്മ്യൂണിറ്റി എന്നത്‌ കേരളാ ക്രിസ്‌ത്യന്‍ അഡല്‍റ്റ്‌ ഹോംസിന്റെ പ്രത്യേകതകളില്‍ ചിലത്‌ മാത്രമാണ്‌. വിശ്രമജീവിതത്തില്‍ മനസ്സിന്‌ കുളിര്‍മ്മയേകാന്‍ കളിസ്ഥലങ്ങള്‍, കൃഷിയിടങ്ങള്‍, സ്‌റ്റേജ്‌ ഷോസ്‌, പിക്‌നിക്‌ തുടങ്ങിയ വിനോദങ്ങളും സെമിനാറുകള്‍, ലൈബ്രറികള്‍ എന്നിവ വഴിയായി വിജ്ഞാന പ്രദങ്ങളായ മറ്റു വിവിധ പദ്ധതികളും മെഡിറ്റേഷനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. ഭാവിയില്‍ കടകളും ബാങ്ക്വറ്റ്‌ ഹാളും സജ്ജീകരിക്കാനും പ്ലാനുണ്ട്‌. മനോഹരമായ രൂപഭംഗിയില്‍, മോഹിപ്പിക്കുന്ന ഇന്റീരിയറോടെ തീര്‍ത്ത റിട്ടയര്‍മെന്റ്‌ ഹോമുകള്‍ മതിയായ ഊര്‍ജത്തിന്റെ കേന്ദ്രങ്ങളാണ്‌. അമേരിക്കയിലെ ആദ്യ മലയാളി റിട്ടയര്‍മെന്റ്‌ കമ്മ്യൂണിറ്റിയാണ്‌ മാനവികതയിലും സ്‌നേഹത്തിലും ധാര്‍മികതയിലും അടിയുറച്ച ജന്‍മനാടിന്റെ ജീവിതമാതൃകയെ പിന്തുടര്‍ന്ന്‌ കെസിഎ ഹോംസില്‍ ജീവിതം നയിക്കാന്‍ തയാറെടുക്കുന്നത്‌. നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ ജന്മനാടും വീടും വിട്ട്‌, പഠനത്തിനും ഉപജീവനമാര്‍ഗ്ഗത്തിനും മറ്റുമായി അമേരിക്കയുടെ മണ്ണില്‍ എത്തിച്ചേര്‍ന്ന മലയാളിസമൂഹത്തിന്റെ ഒന്നാംതലമുറ തങ്ങളുടെ വിശ്രമജീവിതത്തെകുറിച്ച്‌ ആകുലരായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ബൃഹത് പദ്ധതിക്ക്‌ പ്രാധാന്യമേറെയാണ്‌. നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക്‌ ആരോഗ്യകരമായതും ഊര്‍ജസ്വലവുമായൊരു വിശ്രമജീവിതം എന്നതിനൊപ്പം വിശ്വാസ്യതയാര്‍ന്നതും സുരക്ഷിതത്വവും സൗകര്യവും പ്രദാനം ചെയ്യുന്നതുമായ ജീവിതമെന്നതും പ്രോജക്‌ടിനെ ശ്രദ്ധേയമാക്കുന്നു. ഇതിനൊപ്പം തന്നെ റിട്ടയര്‍ ചെയ്‌തവര്‍ പലപ്പോഴും അറിയാതെ പോകുന്ന സ്റ്റേറ്റ്‌, ഫെഡറല്‍ ഗവണ്‍മെന്റ്‌ തലത്തിലെ പല ആനുകൂല്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും അവ എങ്ങനെ ലഭ്യമാകുമെന്നതു സംബന്ധിച്ചും ആരോഗ്യസംബന്ധിയായും സാമ്പത്തികസംബന്ധിയായും അറിഞ്ഞിരിക്കേണ്ട വിവരങ്ങളും ഇവിടെ നിന്ന്‌ നമുക്ക്‌ ലഭ്യമാകുന്നു. സ്റ്റേറ്റ്‌ തലത്തില്‍ ഇന്‍കം ടാക്‌സ്‌ ഇല്ലന്നതാണ്‌ ടെക്‌സസിന്റെ പ്രത്യേകത. നോര്‍ത്ത്‌ ഈസ്‌റ്റിനെ അപേക്ഷിച്ച്‌ ഇവിടെ സ്ഥലത്തിന്‌ വില കുറവാണ്‌. റിട്ടയര്‍ ഹോം എന്നതിലുപരി കമ്മ്യൂണിറ്റി സെന്റര്‍ എന്ന ആശയവും വിഭാവനചെയ്‌ത്‌ രൂപപ്പെടുത്തിയ പദ്ധതിക്ക്‌ 2007 മെയ്‌ അഞ്ചാം തീയതിയാണ്‌ സിറ്റി അധികൃതരുടേയും സഭാ മേലദ്ധ്യക്ഷന്മാരുടേയും, പൗരപ്രമാണികളുടേയും വിവിധ മലയാളി സംഘടനാനേതാക്കളുടേയും മറ്റനേകം വിശിഷ്ട വ്യക്തികളുടേയും സാന്നിദ്ധ്യത്തില്‍്‌ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ നടന്നത്‌. ഏതൊരു പദ്ധതിക്കുമെന്നതുപോലെ പ്രാഥമികഘട്ടത്തില്‍ വിവിധ പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നിരുന്നു. ആദ്യകാല കുടിയേറ്റ മലയാളിസമൂഹത്തിലൊരാളും വര്‍ഷങ്ങളായി മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യവും ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ യാക്കോബായ അതിഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ വെരി. റവ.ഗീവര്‍ഗ്ഗീസ്‌ പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ ഈ പദ്ധതിയുടെ അമരക്കാരനായിരിക്കുന്നതു തന്നെ ഈ പദ്ധതിയോട്‌ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. ഡാലസിനു പുറമേ ഇല്ലിനോയിസ്‌, ന്യൂയോര്‍ക്ക്‌ തുടങ്ങി വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറുകണക്കിന്‌ മലയാളികള്‍ ഇതിനോടകം ഈ പദ്ധതിയില്‍ അംഗത്വമെടുത്തു കഴിഞ്ഞു. താമസമാക്കാനാഗ്രഹിക്കുന്നവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച്‌ രണ്ടായിരം മുതല്‍ മൂവായിരത്തിയഞ്ഞൂറു സ്‌ക്വയര്‍ ഫീറ്റ്‌ വരെ വിസ്‌തീര്‍ണമുള്ള, ആധുനിക സൗകര്യങ്ങളോടു കൂടിയ 15 വീടുകളുടേയും പണി കഴിഞ്ഞ്‌ താമസം തുടങ്ങിക്കഴിഞ്ഞു. ഭവനങ്ങള്‍ സ്വന്തമാക്കുന്നതിനായി എല്ലാ മലയാളികളെയും ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌റ്റേഴ്‌സിനു വേണ്ടി സ്വാഗതം ചെയ്യുന്നതായി ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ എം.സി. അലക്‌സാണ്ടറും വെരി.റവ. ഗീവര്‍ഗ്ഗീസ്‌ പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്‌ക്കോപ്പയും അറിയിച്ചു. വിവരങ്ങള്‍ക്ക്‌: എം സി അലക്‌സാണ്ടര്‍: (845) 553 -0879

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.