You are Here : Home / USA News

കെ.സി.സി.എന്‍.എ തെരെഞ്ഞെടുപ്പ് മാര്‍ച്ച് 4 ന് ഫിലാഡെല്‍ഫിയായില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 25, 2017 01:15 hrs UTC

അനില്‍ മറ്റത്തിക്കുന്നേല്‍

 

ഷിക്കാഗോ: 2017 2019 കാലയളവിലേക്ക് നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ശക്തമായ കൂട്ടായമയായ ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയെ നയിക്കുവാനുള്ള നേതൃത്വത്തെ തെരഞ്ഞെടുക്കുവാന്‍ മാര്‍ച്ച് നാലിന് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഫിലാഡെല്‍ഫിയായിലേക്ക് എത്തുമ്പോള്‍ മറ്റൊരു വാശിയേറിയ കെസിസിഎന്‍എ തെരെഞ്ഞെടുപ്പിനു കൂടി നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹം ഒരുങ്ങുകയാണ്. രണ്ടു പാനലുകളിലൂടെ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടു കൂടി തെരെഞ്ഞെടുപ്പ് പ്രചാരണം ഇതിനകം തന്നെ ചൂട് പിടിച്ചു കഴിഞ്ഞു. പല യൂണിറ്റുകളിലും ഇരു പാനലുകളിലെയും സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇതിനകം തന്നെ എത്തി കഴിഞ്ഞു. ഫ്‌ലോറിഡയിലെ താമ്പായില്‍ നിന്നും ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്ന പാനലും ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നും ബേബി മണക്കുന്നേല്‍ നേതൃത്വം നല്‍കുന്ന പാനലുമാണ് തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്.

 

 

 

 

പ്രസിഡണ്ട് സ്ഥാനാര്‍ഥികളായി ജെയിംസ് ഇല്ലിക്കലും ബേബി മണക്കുന്നേലും എത്തുമ്പോള്‍, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷിക്കാഗോയില്‍ നിന്നും മേയമ്മ വെട്ടിക്കാട്ടും അറ്റ്‌ലാന്റയില്‍ നിന്നും സൈമണ്‍ ഇല്ലിക്കാട്ടിലും മത്സരിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഡാളസ്സില്‍ നിന്നും യുവത്വം തുളുമ്പുന്ന ജൈസണ്‍ ഒളിയിലും ന്യൂയോര്‍ക്കില്‍ നിന്നുള്ള എബ്രഹാം പുതിയടത്ത്‌ശേരിലുമാണ് മത്സരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും ജയ്ക്ക് പോളപ്രയിലും മിയാമിയില്‍ നിന്നും ജേക്കബ് (രജ്ഞന്‍) പാടവത്തിലും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും സാന്‍ അന്റോണിയായില്‍ നിന്നും ഷീജോ പഴംപള്ളിലും ലോസാഞ്ചല്‍സില്‍ നിന്നും അനില്‍ മറ്റപ്പള്ളികുന്നേലും സ്ഥാനാര്‍ത്ഥികളാകും. കെ സി സി എന്‍ എ യുടെ അംഗസംഘടനകളില്‍ എല്ലാം തന്നെ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞതോടെ വോട്ടഭ്യര്‍ത്ഥന ഇരു പാനലിലെയും സ്ഥാനാര്‍ത്ഥികള്‍ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ കെ സി സി എന്‍ എ യുടെ ഭാഗമായ കെ.സി.വൈ.എല്‍.എന്‍.എ, കെ.സി.ഡബ്ല്യു.എഫ്.എന്‍.എ തുടങ്ങിയ പോക്ഷക സംഘടനകളുടെയും ഭാരവാഹികളെ തെരെഞ്ഞെടുത്തതോടെ ഇനി എല്ലാ കണ്ണുകളും ഫിലാഡെല്‍ഫിയായിലേക്ക് തിരിയുകയാണ് . നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് പാനല്‍ സംവിധാനത്തിന് അതീതമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത് എങ്കില്‍ പോലും ശക്തമായ പാനല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തപെടുന്ന തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇതിനകം തന്നെ നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തില്‍ അലയൊലികള്‍ തീര്‍ത്തു കഴിഞ്ഞു. ഈ വരുന്ന മാര്‍ച്ച് 4ന് Assumption Church, 10197 North East Ave., Philadelphia 19117 ല്‍ വെച്ച് നടക്കുവരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുമ്പോള്‍, വേണ്ടതെല്ലാം ചെയ്യുവാനും, വേണ്ടത് പോലെ എല്ലാവരെയും സ്വീകരിക്കുവാനും ഉള്ള ഒരുക്കത്തിലും ഉത്സാഹത്തിലുമാണ് ഫിലാഡല്‍ഫിയ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ ക്ലമന്റ് പതിയിലും മറ്റ് കമ്മറ്റിയ്ങ്ങളും. സ്ഥാനാര്‍ഥികള്‍ക്കും സമ്മതി ദായകര്‍ക്കും സമുദായ സ്‌നേഹികള്‍ക്കുമായി മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ പ്രത്യേക നിരക്കില്‍ തൊട്ടടുത്തുള്ള Holiday Inn Express, Bensalem, PA 19020 ല്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ.സി.സി.എന്‍.എ ഇലക്ഷന്‍ 2017- 2019 ഒരു വന്‍ വിജയമാക്കി ത്തീര്‍ക്കുവാനും, അതില്‍ പങ്ക് കൊള്ളുവാനും, അതിന് സാക്ഷ്യം വഹിക്കുവാനും ഏവരെയും ക്ഷണിക്കുന്നതായി ശ്രീ ക്ലെമന്റ് പതിയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 215 245 5222.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.