You are Here : Home / USA News

ജോസ്സിക്കു വേണ്ടി സുമനസുകളുടെ സഹായം തേടി ഫാ.ഡേവിസ് ചിറമേൽ

Text Size  

Story Dated: Wednesday, January 25, 2017 01:22 hrs UTC

തൃശ്ശൂർ : അപൂർവങ്ങളിൽ അപൂർവ്വരോഗം ബാധിച്ച ജോസിയെന്ന (19) യുവാവിന്റെ ചികിത്സയ്ക്ക് സഹായം തേടി കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമേൽ. തൃശ്ശൂർ വരടിയം, അവന്നൂർ സ്വദേശികളായ ഷോളി-ജെസ്സി ദമ്പതികളുടെ ഏക മകനാണ് ജോസി. ഇപ്പോൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമാണ്. 2012 ലാണ് ജോസി അപൂർവങ്ങളിൽ അപൂർവമായി ലിംഗത്തിൽ ബാധിക്കുന്ന പ്രിമിറ്റിവ് ന്യൂറോ എക്ടോർമെൽ ട്യൂമർ എന്ന രോഗബാധിതനാണെന്ന് തിരിച്ചറിയുന്നത്. ഇതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ ആശുപത്രികളിൽ ചികിത്സ തേടി ചെന്നു. കാൻസർ രോഗത്തിന് നൽകുന്ന മരുന്നുകളും റേഡിയേഷൻ ചികിത്സയും നൽകിയെങ്കിലും ഒന്നും ഫലവത്തായില്ല. ഇക്കാരണത്താൽ ജോസി നിരന്തരമായ വേദനയും പനിയും മൂലം പുളയുകയാണ്. കോട്ടയം,തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ പ്രൊഫസറായിരുന്ന കാൻസർ ചികിത്സാരംഗത്തെ പ്രമുഖനും മുതിർന്ന ഓൻകോളജിസ്റ്റുമായ ഡോ.സി.എസ്.മധുവാണ്

 

 

കഴിഞ്ഞ കുറെ നാളുകളായി ചികിൽസിക്കുന്നത്. ജോസിയുടെ ആത്മ ധൈര്യവും മാതാപിതാക്കളുടെ മുഴുവൻ സമയ പരിചരണവുമാണ് ഈ യുവാവിന് വേണ്ടി നൂതന ചികിത്സാരീതികൾ കണ്ടെത്താൻ ശ്രമിക്കാനുള്ള കാരണമെന്ന് ഡോ.മധു പറയുന്നു. ഏക മകനുവേണ്ടി എന്തും ത്യജിക്കാനും ഏതു ചികിത്സ നൽകാനും മാതാപിതാക്കൾ തയ്യാറാണ്. ഡോ.മധുവിന്റെ അഭിപ്രായത്തിൽ കാൻസർ ചികിത്സാരംഗത്ത് വിദേശങ്ങളിൽ ഏറെ ഗുണപ്രദമെന്നു കണ്ടെത്തിയ 'നിവോലുമാമ്പ്' എന്ന ഇമ്മ്യൂണോതെറാപ്പി ജോസ്സിയിലും നിർണായക ഫലം ഉണ്ടാക്കിയേക്കാം. ഡോ.മധുവിന്റെ പൂർവ വിദ്യാർത്ഥിയും ന്യൂയോർക്കിലെ ക്ളിവ് ലാൻഡ് ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുന്ന പ്രശസ്തനായ ഓങ്കോളജിസ്റ് ഡോ.സാബി ജോർജിനെയും നാട്ടിൽവെച്ച് നേരിൽകണ്ട് ജോസിയുടെ മാതാപിതാക്കൾ ചികിത്സാസഹായം തേടിയിരുന്നു. അദ്ദേഹവും ഇമ്മ്യൂണോതെറാപ്പി തന്നെയാണ് ഫലപ്രദമെന്ന് വിലയിരുത്തുകയാണുണ്ടായത്.

 

 

ജോസിക്ക് ഒരുതവണ 'ഇമ്മ്യൂണോതെറാപ്പി' ചികിത്സയ്ക്ക് 2 ലക്ഷം രൂപയോളം ചെലവുവരും. കുറഞ്ഞ പക്ഷം 6 തവണയെങ്കിലും ഈ ചികിത്സാരീതി ഉപയോഗിക്കണം. കൂടാതെയുള്ള ചികിത്സയും സംരക്ഷയും തുടരുകയും വേണം. കഴിഞ്ഞ 4 വർഷത്തെ ചികിത്സകൊണ്ട് കിടപ്പാടം ഉൾപ്പടെ ജോസിക്കും കുടുംബത്തിനും നഷ്ടപ്പെട്ടു കഴിഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ നടന്നുവരുന്നത്. ഈ ഒരു അവസ്ഥയിലാണ് ജോസ്സിയും കുടുംബവും ഫാ.ഡേവിസ് ചിറമേലിനെ നേരിൽ കണ്ട് സഹായം തേടിയത്. അപൂർവങ്ങളിൽ അപൂർവ്വരോഗം ബാധിക്കുന്നവരുടെ ദുരവസ്ഥ മനസിലാക്കി ജോസിയെ സഹായിക്കുവാൻ ഉദാരമതികളായ സുമനസുകൾ മുന്നോട്ടു വരണമെന്ന് ഫാ.ഡേവിസ് ചിറമേൽ അഭ്യർഥിച്ചു. ചികിത്സക്കായുള്ള 'Nivolumab 140 ' മരുന്ന് നൽകാൻ കഴിയുമെങ്കിൽ അത്തരത്തിലും സഹായിക്കാം. ഇന്ത്യയിൽ ഈ മരുന്നിന് വിദേശത്തേക്കാൾ വിലക്കുറവാണ്. ചികിത്സാ സഹായങ്ങൾ ജോസിയുടെ മാതാവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതാണ്.

Bank Details Jessy Sholly, A/c No. 32714152184

State Bank of India Vilangan.P.O Amala Nagar, Trichur IFSC Code : SBIN 0008693

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Fr. Davis Chiramal - 98462 36342 frdavischiramel@gmail.com