You are Here : Home / USA News

പദ്മ പ്രഭയില്‍ ഗാന ഗന്ധർവ്വൻ

Text Size  

Story Dated: Thursday, January 26, 2017 12:39 hrs UTC

മലയാളി എന്ന തന്റെ സ്വത്വത്തിൽ അഭിമാനിക്കുന്ന ഒരോരുത്തർക്കും അതിനുള്ള കാരണങ്ങൾ പലതായിരിക്കാം .എന്നാൽ ഏതാണ്ട് എല്ലാവർക്കും പൊതുവായ ഒരു കാരണം എന്താണെന്ന് ചോദിച്ചാൽ കിട്ടുന്ന അപൂർവം ഉത്തരങ്ങളിൽ ഒന്ന് തീർച്ചയായും ഗാന ഗന്ധർവന്റെ ജന്മ കർമ്മ സാന്നിധ്യം പകർന്ന ആ നാടിൻറെ പുണ്യം ആയിരിക്കും .അതേ ...പകരം വയ്ക്കാനാവാത്ത ശബ്ദ മാധുര്യം കൊണ്ട് തലമുറകളായി മലയാളിയുടെയും ഭാരതത്തിലെ മുഴുവൻ സംഗീത പ്രേമികളുടെയും മനസ്സിൽ കുടിയേറിയ കെ ജെ യേശുദാസ് എന്ന നാമം ആണത് .പദ്മ വിഭൂഷണിലൂടെ രാജ്യം ഒരിക്കൽ കൂടി ആ നാദ ധാരയെ പ്രണമിക്കുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തി ചിത്രത്തിലൂടെ ഒരു യാത്ര . അനുഗ്രഹീത നടനും ഗായകനും ആയിരുന്ന യശ:ശരീരനായ അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്തിന്‍റെയും അഞ്ചുമക്കളില്‍ മൂത്ത പുത്രനായി 1940 ജനുവരി പത്താം തീയതി തീയതി എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍.എൽ .വി സംഗീത അക്കാദമിയിലും തിരുവനന്തപുരം സ്വാതിതിരുനാല്‍ സംഗീത അക്കദമിയിലും നിന്ന് കര്‍ണ്ണാടക സംഗീതം പഠിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശിഷ്യനായിരുന്നു യേശുദാസ്. അക്കാലത്ത് കെ.എസ്.ആന്‍റണി എന്ന സംവിധായകന്‍റെ ക്ഷണമനുസരിച്ച് നസിയത്ത് നിര്‍മ്മിച്ച "കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിനുവേണ്ടി എം.ബി.ശ്രീനിവാസന്‍ സംഗീതം നല്‍കിയ നാലുവരികള്‍ 1962 ല്‍ (ജാതിഭേദം മതദ്വേഷം...) ആദ്യമായി ആലപിച്ചു. എങ്കിലും പുറത്തുവന്ന ആദ്യചിത്രം "ശ്രീകോവില്‍' ആയിരുന്നു. ദക്ഷിണാമൂര്‍ത്തിയായിരുന്നു അതിന്‍റെ സംഗീത സംവിധായകന്‍. ദാരിദ്ര്യത്തിന്റെയും നിരുത്സാഹ പെടുത്തുന്ന എതിർപ്പുകളുടെയും ദുരിത പർവങ്ങൾ പിന്നിട്ട് നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറി സംഗീത സാഗരങ്ങളെ പാടിയുണര്‍ത്തി. പാട്ടിന്‍റെ പാലാഴി തീര്‍ത്ത്‌ ചലച്ചിത്ര സംഗീതത്തിന്‍റെ കനക സിംഹാസനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. കടല്‍ കടന്ന്‌ അറബിയിലും ലത്തീനിലും ഇംഗ്ലീഷിലും റഷ്യനിലും യേശുദാസ് പാടി. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. വയലാര്‍ - ദേവരാജന്‍ ടീമില്‍ ഉടലെടുത്ത അക്കാലത്തെ പാട്ടുകള്‍ക്ക് ജീവനേകാന്‍ ഒരേയൊരു ശബ്ദമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളു. യേശുദാസ്.എം.എസ്. ബാബുരാജ്, എം.കെ. അര്‍ജുനന്‍ , ദക്ഷിണാമൂര്‍ത്തി, എ.ടി. ഉമ്മര്‍ , രവി ബോംബേ, എം.ജി. രാധാകൃഷ്ണന്‍ , ശ്യം, ജെറി അമല്‍ ദേവ്, ജോണ്‍സണ്‍ , രവീന്ദ്രന്‍ , ഔസേപ്പച്ചന്‍ , എ.ആര്‍. റഹ്മാന്‍ , തുടങ്ങി പുതുതലമുറയിലെ ജാസി ഗിഫ്റ്റും എം. ജയചന്ദ്രനും അടക്കമുള്ള എണ്ണമറ്റ സംഗീത സംവിധായകര്‍ ആ ശബ്ദത്തിന്റെ സാധ്യതകളിലൂടെ സംഗീതാസ്വാദകരുടെ കാതുകളെ വിരുന്നൂട്ടി. മുല്ലവീട്ടിൽ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് യേശുദാസ് വിവാഹം കഴിച്ചു. വിനോദ് ,വിജയ് , വിശാൽ എന്നിങ്ങനെ മൂന്ന് ആൺമക്കൾ . രണ്ടാമത്തെ മകനായ വിജയ് ഇന്ന് മലയാളത്തിലെ യുവ ഗായകരിൽ ശ്രദ്ധേയ സാന്നിദ്ധ്യം . അരനൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതം എത്ര പാട്ടുകള്‍ പാടിത്തന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. ഒരു ദിവസം പല ഭാഷകളില്‍ 11 പാട്ട് പാടിയ അപൂര്‍വത വരെയുണ്ടതില്‍. ആകെ അരലക്ഷം എന്നൊരു കണക്കുണ്ട് സംഗീത ഗവേഷകര്‍ക്ക്. ഭാഷകളിലുമുണ്ട് ഈ വൈവിധ്യം. മലയാളത്തിന്റെ മലയതിരുകള്‍ക്കകത്ത് ഒതുങ്ങാതെ എല്ലാ ഭാഷകളിലുമായി ആ ശബ്ദം പരന്നൊഴുകി ലോകം ശബരിമലപോലെയാകണമെന്ന്‌ പറഞ്ഞ തികഞ്ഞ അയ്യപ്പ ഭക്തൻ കൂടിയാണ് ഗാനഗന്ധര്‍വ്വന്‍ . ശബരിമലയില്‍ സമത്വവും സാഹോദര്യവും കുടികൊള്ളുന്നു. ഇവിടെ മതവിദ്വേഷമില്ല. മനുഷ്യര്‍ തമ്മില്‍ ഭേദഭാവമില്ല. എല്ലാവരേയും ഒന്നായി കാണുന്ന അദ്വൈത മൂര്‍ത്തിയാണ്‌ അയ്യപ്പന്‍. രണ്ട്‌ എന്ന ഭേദമില്ലിവിടെ. ഈശ്വരനും ഭക്തനും ഒന്നാണിവിടെ. താന്‍ തന്നെയാണ്‌ തന്നെ കാണാന്‍ വരുന്നതെന്ന സങ്കല്‍പം. ഈ സങ്കല്‍പം ലോകത്ത്‌ മറ്റോരിടത്തും ഇല്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ദാർശനിക കാഴ്ചപ്പാടുകൾ .വളരെ മുന്‍പെ തന്നെ കൊച്ചി വിട്ട് ചെന്നൈയിലേക്കും പിന്നീട് അമേരിക്കയിലെ ഫ്‌ളോറിഡയിലേക്കും താമസം മാറിയ ശേശുദാസ് പക്ഷേ ലോകത്തെവിടെയാണെങ്കിലും തന്റെ ജന്മദിനമായ ജനുവരി പത്തിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി ദേവിക്ക് സംഗീതാര്‍ച്ചന ചെയ്തിരിക്കും...... പിന്നണി ഗാന രംഗത്ത് കഴിഞ്ഞ 55 വര്‍ഷത്തിലേറെയായി മലയാളികളുടെ പ്രിയ ദാസേട്ടൻ പാടി കൊണ്ടേയിരിക്കുന്നു .യേശുദാസ് എന്ന നാലക്ഷരം മലയാളിക്ക് നാദബ്രഹ്‌മമാണ്‌. അരലക്ഷത്തിലേറെ ഗാനങ്ങളിലൂടെയുള്ള സ്വപ്ന സഞ്ചാരമാണ് .അന്ന് തൊട്ടു ഇന്ന് വരെ മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും യേശുദാസിന്‍റെ ഗാനങ്ങള്‍ അകമ്പടി യായി... ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇടര്‍ച്ചയില്ലാതെ ആ നാദധാര ആസ്വാദകന്റെ ഹൃദയത്തിലൂടെ അനസ്യുതം ഒഴുകിക്കൊണ്ടേയിരിക്കുന്നു... നിലയ്ക്കാത്ത നാദമായി ആ ഗാന വിസ്മയം നമുക്കൊപ്പം യാത്ര തുടരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.