You are Here : Home / USA News

സി.എം.എസ് കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ന്യൂജേഴ്സിയില്‍ വിദ്യാജ്യോതി തെളിയിച്ചു

Text Size  

Story Dated: Saturday, January 28, 2017 01:39 hrs UTC

വര്‍ഗീസ് പ്ലാമ്മൂട്ടില്‍

 

ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം സി. എം.എസ് കോളജിന്‍റെ പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടനയായ വിദ്യാസൗഹൃദത്തിന്‍റെ ഒരു പ്രത്യേക യോഗം ന്യൂജേഴ്സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സ്വാദ് റെസ്റ്റോറന്‍റില്‍ നടത്തപ്പെട്ടു. കോളജിന്‍െറ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളെ കോര്‍ത്തിണക്കി സംഘടിപ്പിച്ച ഗ്ലോബല്‍ അലംമ്നൈ മീറ്റിന്‍റെ ഭാഗമായിരുന്നു ഈ യോഗം. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെയും ഉന്നതവിദ്യാഭ്യാസത്തിന്‍റെയും ദീപശിഖ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൊളുത്തിയതിന്‍റെ പ്രതീകമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിദ്യാജ്യോതി തെളിയിച്ച് ഓര്‍മ്മ പുതുക്കി. ഡോ. ബഞ്ചമിന്‍ ജോര്‍ജിന്‍റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രൊഫ. സണ്ണി മാത്യൂസ് കോളജിന്‍റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി. റാണി ലക്ഷ്മി ഭായ് തിരുവിതാംകൂര്‍ ഭരിക്കുന്ന കാലത്ത് ബ്രിട്ടീഷ് റസിഡന്‍റായെത്തിയ കേണല്‍ മണ്‍റോയുടെ ദീര്‍ഘവീക്ഷണത്തിന്‍റെ ഫലമായിരുന്നു

 

 

 

കോട്ടയം കോളജ് എന്ന പേരില്‍ 1817 ല്‍ ആരംഭിച്ച വിദ്യാലയം. അദ്ദേഹത്തിന്‍റെ ഉത്സാഹത്തില്‍ 1816 ല്‍ കേരളത്തിലെത്തിയ റവ. ബഞ്ചമിന്‍ ബെയിലിയായിരുന്നു ആദ്യ പ്രിന്‍സിപ്പല്‍. അടുത്തവര്‍ഷം റവ. ബേക്കര്‍ ഫെന്നിനെ പ്രിന്‍സിപ്പല്‍ സ്ഥാനം ഏല്‍പ്പിച്ച്, ബയിലി മലയാളം വേദപുസ്തക പരിഭാഷ എന്ന തന്‍റെ പ്രധാനദൗത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. മീനച്ചിലാറിന്‍റെ തീരത്ത് ഓര്‍ത്തഡോക്സ് പഴയസെമിനാരി സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആരംഭിച്ച കോളജ് 1838 ല്‍ ഇപ്പോഴത്തെ കാമ്പസ് സ്ഥിതിചെയ്യുന്ന അണ്ണാന്‍കുന്നിലേക്ക് മാറ്റി സ്ഥാപിച്ചു. ആധുനിക സെക്കുലര്‍ വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്നതില്‍ കേണല്‍ മണ്‍റോയുടേയും ബെഞ്ചമിന്‍ ബയിലിയുടേയും പങ്ക് വലുതാണ്. കോളജിന്‍റെ അക്കാദമിക്ക് നിലവാരം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടേതിനു തുല്യമായിരിക്കണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. സുറിയാനി, സംസ്കൃതം, ലാറ്റിന്‍, ഇംഗ്ലീഷ്, ഗ്രീക്ക്, ചരിത്രം, കണക്ക്, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലൂന്നിയ ഒരു പാഠ്യ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കിയത് എന്നോര്‍ക്കുമ്പോള്‍ കാലത്തിന് എത്രയോ മുമ്പേയാണവര്‍ നടന്നിരുന്നതെന്ന് മനസ്സിലാകും. 200 വര്‍ഷത്തില്‍ കോട്ടയത്തിനും കേരളത്തിനും എത്ര മാറ്റങ്ങളാണ് സംഭവിച്ചത്. ആ മാറ്റങ്ങളുടെ ജൈത്രയാത്രയില്‍ സി. എം. എസ്. കോളജിന്‍റെ സ്വാധീനം വിലമതിക്കാനാവാത്തതാണ്.1818 ല്‍ 40 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന കോളജ് ഇന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും 14 ഡിപ്പാര്‍ട്ട്മെന്‍റുകളും 47 കോഴ്സുകളുമടങ്ങുന്ന ഒരു സ്വയംഭരണ കലാലയമാണ്.

 

 

ചടങ്ങില്‍ പങ്കെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥി ജോര്‍ജ് മാത്യു(1958-59) ആദ്യ വിദ്യാജ്യോതി തെളിയിച്ചു മറ്റുള്ളവര്‍ക്ക് കൈമാറി. ഡോ. ഏബ്രഹാം ഫിലിപ്പ്, ഡോ. റ്റി.വി. ജോണ്‍, റവ. ജേക്കബ് ഫിലിപ്പ്, രാജന്‍ മാത്യു, എലിസബത്ത് ചെറിയാന്‍, പ്രൊഫ. ആലീസ് പോത്തന്‍, രാജന്‍ പാലമറ്റം, കെ. ജെ. സേവിയര്‍, സൈറ വര്‍ഗീസ്, ആന്‍സി ഈശോ, രാജു ഏബ്രഹാം എന്നിവര്‍ തങ്ങളുടെ കലാലയ സ്മരണകള്‍ പങ്കുവച്ചു. വര്‍ഗീസ് പ്ലാമ്മൂട്ടില്‍ കൃതജ്ഞത അര്‍പ്പിച്ചു. സമീപ ഭാവിയില്‍ വിപുലമായ രീതിയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി യോഗം സംഘടിപ്പിക്കണമെന്ന് ഉരുത്തിരിഞ്ഞ ആശയം പ്രാവര്‍ത്തിക മാക്കുവാന്‍ ഡോ. ബഞ്ചമിന്‍ ജോര്‍ജ്, റവ. ജേക്കബ് ഫിലിപ്പ്, ഡോ. റ്റി. വി. ജോണ്‍, സൈറ വര്‍ഗീസ്, ആന്‍സി ഈശോ, പ്രൊഫ. സണ്ണി മാത്യൂസ് എന്നിവരെ ചുമതലപ്പെടുത്തി. സ്നേഹവിരുന്നോടെ യോഗം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.