You are Here : Home / USA News

വാഷിംഗ്ടണ്‍ ഡി.സി. പ്രോലൈഫ് മാര്‍ച്ചില്‍ മലയാളികളുടെ നിറസാന്നിധ്യം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, January 31, 2017 12:07 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള 44ാമത് വാര്‍ഷിക പ്രോലൈഫ് മാര്‍ച്ചിന് ഈ വര്‍ഷം മലയാളിക്രൈസ്തവരില്‍നിന്നും അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പങ്കെടുത്തവരുടെ എണ്ണം, ദേശീയ മലയാളിപ്രാതിനിധ്യം, വിശിഷ്ട ആത്മീയാചാര്യന്മാരുടെ എണ്ണം എന്നിവകൊണ്ട് ജനുവരി 27 ന് വാഷിംഗ്ടണ്‍ കാപ്പിറ്റോള്‍ ഹില്ലില്‍ അരങ്ങേറിയ മാര്‍ച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചു. ജനുവരി 27 വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി.സി. അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസമുദ്രമായി മാറി. ശൈത്യകാലത്തിന്റെ കൊടും തണുപ്പിനെ വകവക്കാതെ, വസ്ത്രങ്ങള്‍ പല ലേയറുകളിലായി സ്വയം 'ബണ്ടില്‍ അപ്പ്' ചെയ്ത് വര്‍ദ്ധിത ആവേശത്തോടെ, കയ്യില്‍ ജീവന്റെ മഹത്വം ഉത്‌ഘോഷിക്കുന്ന വിവിധ പ്ലാക്കാര്‍ഡുകളും പിടിച്ച് കൊച്ചുകുട്ടികള്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് വരെ, വൈദികസന്യസ്തര്‍ മുതല്‍ വൈദിക മേലധ്യക്ഷന്മാര്‍ വരെ മാര്‍ച്ചില്‍ അണിനിരന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും, ഭിന്നശേഷിക്കാരായ കുട്ടികളുമായി മാതാപിതാക്കളും, നടക്കാന്‍വയ്യാത്ത കുഞ്ഞുങ്ങളെ സ്‌ട്രോളറില്‍ ഇരുത്തി ഉന്തി ബന്ധുജനങ്ങളും, പ്രോലൈഫ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുത്തു.

 

 

 

ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ അഭിവന്ദ്യ തിമോത്തി ഡോളന്‍, ബിഷപ് വിന്‍സന്റ് മാത്യൂസ് ജൂനിയര്‍, ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ 'മാര്‍ച്ച് ഫോര്‍ ലൈഫിന്' നേതൃത്വം നല്‍കി. കൂടാതെ വിവിധ ദേവാലയങ്ങളില്‍നിന്നും, കാത്തലിക് സ്‌കൂളുകളില്‍നിന്നും, മതബോധന സ്‌കൂളുകളില്‍നിന്നും, വൈദികസെമിനാരികളില്‍നിന്നുമായി ധാരാളം ആള്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് ബസുകളിലായി തലസ്ഥാനത്ത് എത്തിചേര്‍ന്ന് ജീവന്റെ മഹത്വം ഉത്‌ഘോഷിച്ചുകൊണ്ട് കൊച്ചു ഗ്രൂപ്പുകളായി ജാഥയില്‍ പങ്കുചേര്‍ന്നു. ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴിലുള്ള സെ. ചാള്‍സ് ബൊറോമിയോ സെമിനാരി, വിവിധ ഇടവകകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, കന്യാസ്ത്രിമഠങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി നൂറുകണക്കിന് വൈദികരും, കന്യാസ്ത്രിമാരും, അല്‍മായരും, പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും ജീവന്‍ രക്ഷാമാര്‍ച്ചില്‍ തോള്‍ചേര്‍ന്നു. ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ സണ്ടേ സ്‌കൂള്‍ കുട്ടികളും, യുവജനങ്ങളും, അധ്യാപകരും, മരിയന്‍ മദേഴ്‌സും ഉള്‍പ്പെടെ 50 ലധികം പ്രോലൈഫ് വോളന്റിയേഴ്‌സ് മാര്‍ച്ചില്‍ ആവേശപൂര്‍വം പങ്കെടുത്തു. കഴിഞ്ഞ 44 വര്‍ഷങ്ങളായി 'മാര്‍ച്ച് ഫോര്‍ ലൈഫ്' എന്ന പേരിലറിയപ്പെടുന്ന ജീവന്‍ സംരക്ഷണറാലി സമാധാനപരമായി വാഷിംഗ്ടണ്‍ ഡി.സി. നടന്നുവരുന്നു. അമേരിക്കയുടെ നാനാഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന ലക്ഷക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരും, വോളന്റിയര്‍മാരും, അനുഭാവികളും ജീവന്റെ സംരക്ഷണത്തിനായി ഒത്തുകൂടിയത് മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്. തലേദിവസം തന്നെ തലസ്ഥാനനഗരി ജനപ്രളയമായി മാറിയിരുന്നു.

 

 

 

 

ജീവന്റെ സംരക്ഷണത്തിനും, കുടുംബമൂല്യങ്ങളുടെ പോഷണത്തിനും ഊന്നല്‍നല്‍കി നടത്തപ്പെടുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് അമേരിക്കയിലെന്നല്ല, ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ്. അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റായി സ്ഥാനമേറ്റിരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് അടുത്തവര്‍ഷം നടക്കേണ്ട 45ാമതു പ്രോലൈഫ് വാര്‍ഷിക മാര്‍ച്ചിനുമുന്‍പ് അമേരിക്കന്‍ നീതിന്യായ വ്യവസ്ഥിതി മാറ്റിമറിക്കുമോ? അതോ പ്രോലൈഫ് മാര്‍ച്ചിന് ഇതോടെ തിരശീലവീഴുമോ. കാത്തിരുന്നു കാണുക. ജീവന്റെ സംരക്ഷണത്തിനായി പ്രോലൈഫ് ആയ താന്‍ നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റായതിന്‌ശേഷം ആദ്യമായി നടത്തപ്പെടുന്ന പ്രോലൈഫ് മാര്‍ച്ച് വളരെ പ്രതീക്ഷയോടെയാണ് സംഘാടകര്‍ വീക്ഷിക്കുന്നത്. ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സഹായിക്കുകയോ, അതിനുള്ള ഉപദേശം നല്‍കുകയോ ചെയ്യുന്ന വിദേശ നോണ്‍ പ്രോഫിറ്റ് ഏജന്‍സികള്‍ക്ക് നല്‍കിക്കൊണ്ടിക്കുന്ന ഫെഡറല്‍ ധനസഹായത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രമ്പ്-പെന്‍സ് ഭരണകൂടം ജനുവരി 22 ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് വളരെയധികം ആവേശവും ഊര്‍ജ്ജവും പകര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുള്ള തുറുപ്പുചീട്ടായി റിപ്പബ്ലിക്കന്‍ഡമോക്രാറ്റ് ഭരണകൂടങ്ങള്‍ മാറിമാറി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന ഈ അഭ്യാസത്തിന് പ്രസിഡന്റ് ട്രമ്പ് തന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് നിരോധനം ഏര്‍പ്പെടുത്തിയിരിക്കയാണ്.

 

 

 

 

 

1984 മുതല്‍ ഡമോക്രാറ്റ് പ്രസിഡന്റുമാര്‍ അധികാരത്തിലെത്തുമ്പോള്‍ നിരോധനം നീക്കുകയും നികുതിദായകന്റെ പണം അനധികൃതഗര്‍ഭച്ഛിദ്രത്തിനും, ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദേശഏജന്‍സികളുടെ പക്കലേക്ക് ഒഴുക്കിയിരുന്നു. ഏറ്റവും അവസാനമായി ഒബാമ പ്രസിഡന്റായ ഉടന്‍ 2009 ല്‍ നിരോധനം നീക്കിയിരുന്നു. ഇതുവഴി അമേരിക്കന്‍ നികുതിദായകരുടെ പണം ഗര്‍ഭച്ഛിദ്രം പ്രോല്‍സാഹിപ്പിക്കുന്ന വിദേശഏജന്‍സികളുടെ പക്കല്‍ എത്തിയിരുന്നു. ഇതിനാണ് ഇപ്പോഴത്തെ പ്രസിഡന്റ് ട്രമ്പ് തടയിട്ടിരിക്കുന്നത്. തന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് നിരോധനം ഏര്‍പ്പെടുത്തിയത് പ്രോലൈഫ് ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച ജനുവരി 22 നാണെന്നുള്ളതും പ്രോലൈഫുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 1973 ജനുവരി 22 ലെ റോ VS വെയിഡ് കേസില്‍ യു. എസ്. സുപ്രീം കോടതിയുടെ സുപ്രധാനമായ വിധിയിലൂടെ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയതിനെതുടര്‍ന്ന് അതു റദ്ദുചെയ്ത് ഗര്‍ഭസ്ഥശിശുവിനെ ഭ്രൂണാവസ്ഥയില്‍ നശിപ്പിക്കുന്ന നടപടിക്കറുതിവരുത്താന്‍ ജീവന് വിലകല്‍പ്പിക്കുന്ന എല്ലാ മനുഷ്യസ്‌നേഹികളും വര്‍ണ, വര്‍ഗ, സ്ത്രീപുരുഷഭേദമെന്യേ കൈകോര്‍ക്കുന്ന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മാര്‍ച്ച് ആണ് വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി. സി. യില്‍ അരങ്ങേറിയത്. 1974 മുതല്‍ എല്ലാവര്‍ഷവും ജനുവരി മാസം 22 നോടടുത്തുവരുന്ന വീക്കെന്‍ഡില്‍ നടത്തപ്പെടുന്ന പ്രോലൈഫ് റാലി വാഷിംഗ്ടണ്‍ കൂടാതെ മറ്റു പല അമേരിക്കന്‍ സിറ്റികളിലും അരങ്ങേറുന്നുണ്ട്. ഗര്‍ഭസ്ഥശിശു മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുമായി കുതിക്കുന്നതു മുതല്‍ സ്വാഭാവികമായി ആ ജീവന്‍ നശിക്കുന്നതുവരെ മനുഷ്യജീവന്‍ വളരെ പരിപാവനവും, വിലമതിക്കാനാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും വിളിച്ചോതിക്കൊണ്ടായിരുന്നു പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും സമാധാനപരമായി റാലിയില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച്ച ഉച്ചക്ക് 11:45 നു മ്യൂസിക്കല്‍ ഓപ്പനിംഗിലൂടെ തുടക്കമിട്ട റാലിയിലും, മാര്‍ച്ചിലും രാഷ്ട്രീയ, ആത്മീയ, സാംസ്‌കാരിക, പ്രോലൈഫ് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രസിഡന്റ് ട്രമ്പിന്റെ സീനിയര്‍ കൗണ്‍സലര്‍ കെല്ലിയാന്‍ കോണ്‍വേ, ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍, ബാള്‍ട്ടിമോര്‍ റേവന്‍സ് ഫെയിം ബെഞ്ജമിന്‍ വാറ്റ്‌സണ്‍, അബി ജോണ്‍സണ്‍, ബിഷപ് വിന്‍സന്റ് മാത്യൂസ് ജൂനിയര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്ത് ജനങ്ങളോടു സംസാരിച്ചു. 12 മണിക്കാരംഭിച്ച ബഹുജനമാര്‍ച്ച് കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ കൂടി സഞ്ചരിച്ച് സുപ്രീം കോടതി വളപ്പില്‍ സമാപിച്ചു. പ്രോലൈഫ് മുദ്രാവാക്യങ്ങളും, ബഹുവര്‍ണ പോസ്റ്ററുകളും, ബാനറുകളും, ഉച്ചഭാഷിണിയും, പാട്ടും, നടത്തവുമെല്ലാം മാര്‍ച്ചിന് കൊഴുപ്പേകുന്നതോടൊപ്പം മാര്‍ച്ചുകാര്‍ക്ക് ആവേശവും പകര്‍ന്നു. 'The Power of ONE' എന്നതായിരുന്നു ഈ വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ആപ്തവാക്യം. ഒരു വ്യക്തിക്ക് മറ്റൊരാളിലോ, പലവ്യക്തികളിലോ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും എന്നതാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭത്തില്‍ അകാലത്തില്‍ നശിപ്പിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ജീവന്‍ കിട്ടിയിരുന്നെങ്കില്‍ സമൂഹത്തില്‍ അവര്‍ക്കും വ്യതിയാനങ്ങള്‍ വരുത്താന്‍ സാധിക്കും. യു.എസില്‍ മാത്രം ഓരോ വര്‍ഷവും പത്തുലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ നശിപ്പിക്കപ്പെടുന്നു. സ്വയം ശബ്ദിക്കാന്‍ സാധിക്കാത്ത ഇവര്‍ക്ക് മറ്റുള്ളവരോടൊപ്പം പുറം ലോകം കാണുന്നതിനോ, ജീവന്‍ നിലനിര്‍ത്തിക്കൊണ്ട് ലോകത്ത മാറ്റിമറിക്കുന്നതിനോ ഉള്ള അവസരം നിഷേധിക്കപ്പെടുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥസേവനം ചെയ്തുകൊണ്ടിരിക്കുന്നു വിവിധ സ്ഥലങ്ങളിലെ പ്രോലൈഫ് മിനിസ്ട്രികളിലൂടെ. ഫോട്ടോ: എബിന്‍ സെബാസ്റ്റ്യന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.