You are Here : Home / USA News

ഹ്യൂസ്റ്റന്‍ സീറൊ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ വെഞ്ചരിപ്പും

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, March 09, 2017 01:48 hrs UTC

ഹ്യൂസ്റ്റന്‍: സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളും ഇടവക ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ സെന്റ് ജോസഫ് ഹാളിന്റെ വെഞ്ചരിപ്പും കൂദാശയും നടത്തുന്നു. മാര്‍ച്ച് 17, 18, 19 തിയ്യതികളിലായിട്ടാണ് ഭക്ത്യാദര പൂര്‍വ്വമായ ചടങ്ങുകള്‍ നടക്കുന്നതെന്ന് ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലും മീഡിയ പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്ററുമായ ഐസക് വര്‍ഗീസ് പുത്തനങ്ങാടിയും അറിയിച്ചു. മാര്‍ച്ച് 17ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കൊന്തനമസ്‌കാരം, കൊടിയേറ്റ്, നൊവേനാ, ലതീഞ്ഞ്, നേര്‍ച്ച, കുര്‍ബ്ബാന. മാര്‍ച്ച് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് കൊന്തനമസ്‌കാരം, നൊവേനാ, ലതീഞ്ഞ്, നേര്‍ച്ച, റാസകുര്‍ബ്ബാന, ഷിക്കാഗൊ സീറൊ മലബാര്‍ കത്തോലിക്കാ രൂപത സഹമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികനായിരിക്കും. രാത്രി 8 മണിക്ക് യുവജന കൂട്ടായ്മ പ്രോഗ്രാം,. മാര്‍ച്ച് 19-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയില്‍ ഷിക്കാഗൊ സീറൊ മലബാര്‍ കത്തോലിക്കാ രൂപതാധ്യക്ഷന്‍ മാര്‍. ജോക്കബ് അങ്ങാളിയത്ത് മുഖ്യ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. തിരുനാള്‍ കര്‍മ്മങ്ങള്‍ക്കു ശേഷം ഏകദേശം വൈകുന്നേരം 6 മണിയോടെ അതികമനീയമായി പണികഴിപ്പിച്ച സെന്റ് ജോസഫ് ഹാളിന്റെ കുദാശ കര്‍മ്മം മാര്‍. ജേക്കബ് അങ്ങാടിയത്ത് നിര്‍വ്വഹിക്കും. ഓഡിറ്റോറിയത്തിന്റെ വെഞ്ചെരിപ്പിനു ശേഷം ചേരുന്ന പൊതു സമ്മേളനത്തിന് ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ അധ്യക്ഷത വഹിക്കും. രൂപതാ ബിഷപ് മാര്‍ ജേക്കബ് ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തും. മിസൗറി സിറ്റി മേയര്‍ അലന്‍ ഓവന്‍, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ ലിയോനാര്‍ഡ് സ്‌കര്‍സെല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഇടവക ട്രസ്റ്റിമാരായ പ്രിന്‍സ് ജേക്കബ് സ്വാഗതവും സാവിയോ മാത്യു നന്ദിയും പറയും. തുടര്‍ന്ന് വൈവിധ്യമേറിയ കലാപരിപാടികളാണ്. സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. ട്രസ്റ്റിമാരായ ജി. ടോം കടമ്പാട്ട്, സജി സൈമണ്‍, പ്രിന്‍സ് ജേക്കബ്, സാവിയോ മാത്യു, മറ്റ് യൂത്ത് പ്രതിനിധികളായ ഫെബി ജോസഫ്, ജിനി മാത്യു, ആഷ്‌ലിന്‍ ജോസ്, ജെറില്‍ പുല്ലിയില്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കും. ഇടവകാംഗങ്ങളുടെ ചിരകലാഭിലാഷമായിരുന്ന അതിമനോഹരമായി പണിതീര്‍ത്ത സെന്റ് ജോസഫ് ഹാളില്‍ 1200ല്‍പ്പരം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എല്ലാ ആധുനിക സ്റ്റേജ്, അണിയറ സംവിധാനങ്ങളും ഈ ഓഡിറ്റോറിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാള്‍ തിരുകര്‍മ്മങ്ങളിലേക്കും ഹാള്‍ വെഞ്ചരിപ്പ് പരിപാടികളിലേക്കും എല്ലാ വിശ്വാസികളേയും, ഭക്തജനങ്ങളേയും ഇടവക പ്രവര്‍ത്തക അധികാരികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.