You are Here : Home / USA News

ഫിലാഡല്‍ഫിയായില്‍ ദിലീപ് ഷോ-2017 വന്‍പ്രതികരണം

Text Size  

Story Dated: Thursday, March 23, 2017 10:33 hrs UTC

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

 

ഫിലഡല്‍ഫിയ: കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനായി സഹോദരീയ നഗരത്തിന്റെ മടിത്തട്ടില്‍ വച്ച് ഈ വര്‍ഷത്തെ വസന്തകാലത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള ബ്രഹ്മാണ്ട ഷോ ആയ ദിലീപ് ഷോ- 2017, മെയ് 29 തിങ്കളാഴ്ച 5 മണിക്ക് (മെമ്മോറിയല്‍-ഡേ), കൗണ്‍സില്‍ റോക്ക്(നോര്‍ത്ത് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ (62 SWAP RD, NEWTOWN, PA, 18990) വച്ച് നടത്തുന്നതാണ്. അതിശൈത്യത്തിന്റെയും ആലസ്യത്തിന്റെയും തണുതണുപ്പന്‍ രാവുകളുടെ പിടിയില്‍ നിന്നും വസന്തരാവുകളുടെ കലാസന്ധ്യകളെ ഉല്ലാസത്തിന്റെ നാളുകളാക്കി മാറ്റുവാന്‍ ശ്രദ്ധേയരായ ഒരു പറ്റം കലാകാരന്‍മാര്‍ ഒരേ വേദിയില്‍ ഒന്നിക്കുകയാണ്.

 

 

 

 

മലയാള ചലച്ചിത്രവേദിയിലെ സകലകലാവല്ലഭനും സ്റ്റേജ് ഷോകളിലെ പ്രശസ്തനുമായ നാദിര്‍ഷായുടെ നേതൃത്വത്തില്‍ മലയാളത്തിന്റെ മാത്രം സ്വകാര്യ അഹങ്കാരമായ ജനകീയ താരജോഡി ദിലീപ്-കാവ്യ കൂട്ടുകെട്ട് നയിക്കുന്ന മലയാള ചലച്ചിത്ര വേദിയിലെ വമ്പന്‍ താരനിര തന്നെ ഒരേ വേദിയില്‍ അരങ്ങു തകര്‍ത്താടുകയാണ്. കണ്ടും-കേട്ടും പഴകി മടുത്ത ഹാസ്യത്തിന് അറുതി വരുത്തി വര്‍ത്തമാനകാലഘട്ടത്തിലെ സംഭവവികാസങ്ങളെ ചിരിയുടെ നൂലില്‍ കോര്‍ത്തിണക്കിക്കൊണ്ട് ഹാസ്യവേദിയിലെ തമ്പുരാക്കന്മാര്‍ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തുവാനായി എത്തുന്നു. ഹാസ്യ-നൃത്തസംഗീത വേദികളില്‍ കാഴ്ചയുടെ മായികവും ശബ്ദശ്രവണ വിസ്മയങ്ങളുടെ സപ്തസ്വരരാഗവര്‍ണ്ണത്തില്‍ ചാലിച്ച വര്‍ണ്ണ വിപഞ്ചികകള്‍ക്ക് സാക്ഷികളാകുവാന്‍ എല്ലാ കലാസ്വാദകരേയും, ചലച്ചിത്ര പ്രേമികളെയും അഭിമാനപൂര്‍വ്വം കോട്ടയം അസോസിയേഷന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.

 

 

 

താരനിബിഡമായ മെഗാ ഷോ-2017 ല്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും അമേരിക്കയിലും കേരളത്തിലുമായുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണെന്നും എല്ലാ മലയാളി സുഹൃത്തുക്കളും ഈ ചാരിറ്റി ഉദ്യമവുമായി സഹകരിക്കണമെന്നും ബെന്നി കൊട്ടാരത്തില്‍(പ്രസിഡന്റ്, കോട്ടയം അസോസിയേഷന്‍) പറയുകയുണ്ടായി. ഇതിനോടകം തന്നെ ഫിലഡല്‍ഫിയായിലെ മലയാളീ സമൂഹം ഹൃദയം കൊണ്ട് ഏറ്റെടുത്ത ഈ ഷോയുടെ ടിക്കറ്റ് വിതരണം പ്രതീക്ഷിച്ചതിലും ഉപരിയായിട്ടുള്ള സഹകരണം പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ലഭിച്ചു വരുന്നതായും പരസ്യങ്ങളിലൂടെയും സംഭാവനകളിലൂടെയും സഹകരിക്കുന്ന ഓരോ സ്ഥാപനങ്ങളെയും വ്യക്തികളേയും പ്രത്യേകം നന്ദി അറിയിക്കുന്നതായും ഈ ഷോയുടെ വന്‍വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും ജീമോന്‍ ജോര്‍ജ്ജ്(പ്രോഗ്രാം, കോര്‍ഡിനേറ്റര്‍) അറിയിക്കുകയുണ്ടായി. ഈ ഷോയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെയും പ്രമുഖ ഇന്‍ഡ്യന്‍ സ്റ്റോറുകളിലൂടെയും ലഭ്യമാണെന്നും കോട്ടയം അസോസിയേഷന്റെ പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക. www.kottayamassociation.org ബെന്നി കൊട്ടാരത്തില്‍(267) 237 4119, ജീമോന്‍ ജോര്‍ജ്ജ് 267 970 4267

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.