You are Here : Home / Aswamedham 360

ഹജ്ജ് സബ്‌സിഡിയും എയര്‍ ഇന്ത്യയും

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, January 20, 2018 12:16 hrs UTC

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. കാരണം, പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കേണ്ടത് ഓരോ വ്യക്തിയുടേയും സ്വന്തം സമ്പാദ്യത്തില്‍ നിന്നു വേണമെന്ന നിബന്ധനയുള്ളതുകൊണ്ടു തന്നെ. ഹജ്ജ് കര്‍മ്മം നിര്‍ബ്ബന്ധമായും നിര്‍വ്വഹിക്കേണ്ടത് ഓരോ ഇസ്ലാം മത വിശ്വാസിയുടേയും കടമയാണ്. എന്നാല്‍ സാമ്പത്തികശേഷിയും ശാരീരികക്ഷമതയും യാത്രാ സൗകര്യവും ഉള്ളവര്‍ക്കേ ശരീഅത്ത് നിയമപ്രകാരം ഹജ്ജ് നിര്‍ബന്ധമാക്കിയിട്ടുള്ളൂ. പരസഹായത്തോടെ ഹജ്ജ് ചെയ്യാന്‍ ആരോടും കല്‍പിച്ചിട്ടില്ല. ഇതാണ് സബ്‌സിഡി നിഷേധത്തെ സ്വാഗതം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹജ്ജ് സബ്‌സിഡി ഹജ്ജ് യാത്രികര്‍ക്ക് ആശ്വാസമാണെങ്കിലും സമുദായത്തിന് അത് ഭാരവും കളങ്കവും ചാര്‍ത്തുന്നു എന്നതാണ് മറ്റൊരു കാരണം. ഇസ്ലാം മത വിശ്വാസികള്‍ നിര്‍വ്വഹിക്കുന്ന ശുദ്ധ മതചടങ്ങായ ഹജ്ജിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശതകോടികള്‍ ചോര്‍ത്തുന്നുവെന്നും, അത് ഭരണഘടനക്കും മതേതരത്വത്തിനും വിരുദ്ധമാണെന്നും ഏറെ കാലമായി തല്പര കക്ഷികള്‍ പ്രചരിപ്പിച്ചുവരുന്നു.

 

ഇതര സമുദായങ്ങളില്‍ മുസ്ലിം വിരുദ്ധ മനോഭാവം വളരാന്‍ അതും ഒരു കാരണമാണ്. ഒരു മുസ്ലിം ഹജ്ജ് കര്‍മ്മത്തിനായി യാത്ര പുറപ്പെടുന്നതു മുതല്‍ മടക്കയാത്ര വരെ ആ വ്യക്തിക്ക് ആവശ്യമായി വരുന്ന യാത്രാ ചിലവ്, ഭക്ഷണം, താമസ സൗകര്യങ്ങള്‍ തുടങ്ങി മറ്റെല്ലാ ആവശ്യങ്ങള്‍ക്കും ആവശ്യമായ ധനം കൈവശമുണ്ടായിരിക്കണമെന്നത് നിര്‍ബ്ബന്ധമാണെന്ന് ശരിഅത്ത് പറയുന്നു. അതുപോലെ ഹജ്ജിന് പോകുന്ന വ്യക്തി ചെലവ് നല്‍കാന്‍ ബാധ്യതയുള്ള തന്റെ കുടുംബത്തിനും ആശ്രിതര്‍ക്കും യാത്ര കഴിഞ്ഞു തിരിച്ചു വരുന്നതുവരെ മാന്യമായി ജീവിക്കുന്നതിനുള്ള ധനം വകയിരുത്തുകയെന്നതും ഈ നിബന്ധനയുടെ പരിധിയില്‍ പെടുന്നു. സംഭാവനകള്‍ പിരിച്ചുകൊണ്ടുള്ള ഹജ്ജ് ഇസ്ലാം അനുശാസിക്കുന്നില്ല. ഹജ്ജിനും ഉംറക്കും പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയും സ്വന്തം സമ്പാദ്യത്തില്‍ നിന്നോ, അല്ലെങ്കില്‍ നേരായ രൂപത്തില്‍ നിന്നോ അനന്തരാവകാശമായി ലഭിച്ച സ്വത്തില്‍നിന്നോ ചെലവഴിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ ഒരുങ്ങാവൂ എന്നാണ് നിബന്ധന. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുമിത്രാദികളില്‍ നിന്നോ, മറ്റു ഔദാര്യവാന്മാരില്‍നിന്നോ സംഭാവന സ്വീകരിച്ചുകൊണ്ട് ഹജ്ജിന്ന് പോകണമെന്ന് ഇസ്ലാം ആവശ്യപ്പെടുന്നില്ല.

 

മറ്റുള്ളവരുടെ ധനം സ്വീകരിക്കുന്നതില്‍ നിന്നും അവരോട് ചോദിച്ചു വാങ്ങുന്നതില്‍ നിന്നും ഹജ്ജിന്ന് പുറപ്പെടാനുദ്ദേശിക്കുന്ന വ്യക്തി മാന്യമായി മാറിനില്‍ക്കേണ്ടതുണ്ട്. അടുത്തതായി കടബാധ്യതകളാണ്. എല്ലാവിധ കടങ്ങളും മറ്റു ബാധ്യതകളും വീട്ടിയിട്ടായിരിക്കണം ഒരു വ്യക്തി ഹജ്ജിന് പോകേണ്ടത്. ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ ഉപയോഗിക്കുന്ന പണം പരിപൂര്‍ണ്ണമായും ഹലാലായ (നേരായ) മാര്‍ഗേണ സമ്പാദിച്ചതായിരിക്കണം. നബി (സ) പറഞ്ഞു: ഒരാള്‍ തന്റെ നല്ല സമ്പാദ്യവുമായി ഹജ്ജിന് പുറപ്പെട്ട് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ‘ (നിന്റെ ആഹ്വാനത്തിന് ഞാനുത്തരം നല്‍കിയിരിക്കുന്നു) എന്ന് പറയുമ്പോള്‍ വാന ലോകത്തുനിന്ന് ഒരു പ്രതിശബ്ദമുണ്ടാകും.... ‘നീ അല്ലാഹുവിന്റെ ആഹ്വാനത്തിനുത്തരം നല്‍കി, നീ സൗഭാഗ്യവാനായി, നിന്റെ പാഥേയം ഹലാലാണ്. നിന്റെ വാഹനം ഹലാലാണ്. നിന്റെ ഹജ്ജ് സ്വീകരിക്കപ്പെട്ടിരിക്കുന്നു.’ എന്നാല്‍ മറ്റൊരു വ്യക്തി ഹറാമായി സമ്പാദിച്ച സമ്പാദ്യവുമായി ഹജ്ജിന് പുറപ്പെട്ട് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ‘ എന്ന് പറയുമ്പോള്‍, വാനലോകത്ത് നിന്ന് അവന് കിട്ടുന്ന ഉത്തരം: നീ അല്ലാഹുവിന്റെ ആഹ്വാനത്തിനുത്തരം നല്‍കിയിട്ടില്ല; നീ സൗഭാഗ്യവാനായതുമില്ല. നിന്റെ പാഥേയം ഹറാമാണ്. നിന്റെ സമ്പാദ്യവും ഹറാമാണ്.

 

നിന്റെ ഹജ്ജ് അസ്വീകാര്യമാണ്.’ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനു മുന്‍പ് പാലിക്കേണ്ട ചില നിബന്ധനകള്‍ മാത്രമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കേട്ടയുടനെ നിരവധി സംഘടനകളും വ്യക്തികളും രംഗപ്രവേശം ചെയ്ത് പരസ്പര ബന്ധമില്ലാത്തതും അവിശ്വസനീയവുമായ പ്രസ്താവനകളിറക്കുന്നത് അപഹാസ്യമാണ്. 2012ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇത്തരുണത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹാജിമാര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സബ്‌സിഡി പത്തുകൊല്ലത്തിനകം നിര്‍ത്തലാക്കണമെന്നും, ആ തുക മുസ്ലിം സമുദായത്തിന്റെ സാമൂഹികവിദ്യാഭ്യാസ ഉന്നമനത്തിന് വിനിയോഗിക്കണമെന്നുമാണ് അന്ന് സുപ്രീം കോടതി വിധിച്ചത്. ആ വിധിയില്‍ ചില കേന്ദ്രങ്ങള്‍ വിയോചിപ്പ് പ്രകടിപ്പിച്ചെങ്കിലും മുസ്ലിം സമുദായം ബഹുഭൂരിഭാഗവും അന്ന് സ്വാഗതം ചെയ്തിരുന്നു. 2023 ആകുമ്പോഴേക്കും സബ്‌സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി, അത് ഭരണഘടനക്കോ സെക്യുലരിസത്തിനോ വിരുദ്ധമായതുകൊണ്ടല്ലെന്നും അമര്‍നാഥ് തീര്‍ഥാടനം, കുംഭമേള തുടങ്ങിയ മതചടങ്ങുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുള്ള സൗകര്യമൊരുക്കിക്കൊടുക്കുന്നതുപോലെ ഭരണഘടനാ വിധേയം തന്നെയാണെന്നും, ഹജ്ജ് സബ്‌സിഡി ഖുര്‍ആനിന് നിരക്കാത്തതുകൊണ്ടാണ് അവസാനിപ്പിക്കാനാവശ്യപ്പെടുന്നതെന്നും വ്യക്തമാക്കിയിരുന്നു. 'ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുളള ആനുകൂല്യം രാജാക്കന്മാരുടെ കാലം മുതല്‍ക്കുളളതാണ്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷവും ഈ പാരമ്പര്യം തുടര്‍ന്നു വന്നു.

 

ഈ ആനുകൂല്യമാണ് കേന്ദ്ര സസര്‍ക്കാര്‍ ഏകപക്ഷിയമായി നിര്‍ത്തലാക്കിയത്. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുകയും ഇതര മതസ്ഥരായ തീര്‍ത്ഥാടകകര്‍ക്ക് ആനുകൂല്യം തുടരുകയും ചെയ്യുന്നത് വിവേചനപര'മാണെന്നാണ് ഒരു മുസ്ലിം മത സംഘടന പറയുന്നത്. എത്ര ബാലിശമായ പ്രസ്താവനയാണിത്. മൂന്നര പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇന്ദിരാഗാന്ധിയാണ് ഹജ്ജ് സബ്‌സിഡി ആദ്യമായി നടപ്പാക്കിയത്. ഹജ്ജ് കര്‍മ്മത്തിന്റെ നിബന്ധനകളെ സൗകര്യപൂര്‍വ്വം വിസ്മരിച്ച്, ഇസ്ലാം മത ശാസനകള്‍ പോലും നിഷിദ്ധമായി കരുതുന്ന ഹജ്ജിനുള്ള സര്‍ക്കാര്‍ ധനസഹായം എന്ന അനീതി അടിച്ചേല്‍പ്പിക്കുക വഴി കോണ്‍ഗ്രസ് ലക്ഷ്യമിട്ടത് അവരുടെ സ്വാധീനം കൂടുതലായി മുസ്ലീങ്ങള്‍ക്കിടയില്‍ ഉറപ്പിക്കുക എന്നതായിരുന്നു. ഹജ്ജ് സബ്‌സിഡി വഴി യഥാര്‍ത്ഥത്തില്‍ ലാഭം കൊയ്തത് എയര്‍ ഇന്ത്യയായിരുന്നു. ഓരോ ഹാജിമാര്‍ക്കും അനുവദിച്ചിട്ടുള്ള സബ്‌സിഡി മുഴുവനും ടിക്കറ്റ് വിലയിനത്തില്‍ എയര്‍ ഇന്ത്യക്കായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. തത്വത്തില്‍ ഹാജിമാര്‍ക്ക് സബ്‌സിഡി നല്‍കിയെന്ന് സര്‍ക്കാര്‍ പറയുമെങ്കിലും ഹാജിമാര്‍ നേരിട്ട് അത് കൈപ്പറ്റുന്നില്ല. 2023 ഓടെ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ള ഹജ്ജ് സബ്‌സിഡി ഒറ്റയടിക്ക് പൂര്‍ണമായി നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത് ഗൂഢ ലക്ഷ്യങ്ങളാണോ എന്ന സംശയവും ഇപ്പോള്‍ ബലപ്പെടുന്നു. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഹജ്ജ് യാത്രക്കാരെ കൊള്ളയടിക്കുമ്പോള്‍ അതില്‍ ഒരു ആശ്വാസം എന്ന നിലയ്ക്കാണ് ഹജ്ജ് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നത്.

 

എന്നാല്‍ യാത്രാ നിരക്കില്‍ യാതൊരു നിയന്ത്രണവും വരുത്താതെ തന്നെ ഹജ്ജ് സബ്‌സിഡി പൂര്‍ണമായി നിര്‍ത്തലാക്കിയതില്‍ ദുരൂഹതയുണ്ടെന്നാണ് വിവിധ സംഘടനകള്‍ ആരോപിക്കുന്നത്. സുപ്രീം കോടതിയുടെ തീരുമാനപ്രകാരം 2023 ആകുമ്പോഴേക്കും സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ 2018ന്റെ തുടക്കത്തില്‍ തന്നെ ഇത്തരം ഒരു തീരുമാനമെടുത്തതിലും ദുരൂഹതകളുണ്ട്. എയര്‍ ഇന്ത്യയുടെ പകല്‍ക്കൊള്ള ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയില്‍ ജിദ്ദയിലേക്ക് ഏത് സമയത്തും വിമാന സര്‍വ്വീസ് ഉണ്ട്. ഹജ്ജ് സീസണ്‍ അല്ലാത്ത കാലത്ത് ഏകദേശം 25,00030,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ഹജ്ജ് സീസണില്‍ ഈ നിരക്ക് 75,000 വരെയാണ് എയര്‍ ഇന്ത്യ ഉയര്‍ത്തുന്നത്. അതായത് ഒരു തീര്‍ത്ഥാടകന് 40000 രൂപ കൂടുതല്‍ ! ഈ തുകയാണ് സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കി സബ്‌സിഡി എന്ന പേരില്‍ ഓരോ യാത്രക്കാരന്റേയും തലയില്‍ കെട്ടി വെയ്ക്കുന്നത്. ഹാജിമാരെ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നത് സൗദിയ എയര്‍ലൈന്‍സായാലും എയര്‍ ഇന്ത്യക്ക് 'നഷ്ടപരിഹാരം' കിട്ടുന്നു. 'കുടത്തില്‍ നിന്നുപോയാല്‍ കുളത്തിലേക്ക്' എന്ന് പറയുന്നപോലെ സര്‍ക്കാര്‍ ഹാജിമാരുടെ പേരില്‍ നല്‍കുന്ന പണം ചെന്നെത്തുന്നത് എയര്‍ ഇന്ത്യയുടെ കൈയ്യില്‍. സബ്‌സിഡി നിര്‍ത്തലാക്കിയ സ്ഥിതിക്ക് ഇനി ഹജ്ജിനു പോകുന്നവരുടെ കൈയ്യില്‍ നിന്ന് മേല്പറഞ്ഞ തുക എയര്‍ ഇന്ത്യ വസൂലാക്കുകയും ചെയ്യും.

 

ഈ തീവെട്ടിക്കൊള്ളയ്ക്ക് അറുതി വരുത്തിയിട്ട് വേണമായിരുന്നു ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍. അല്ലാത്ത പക്ഷം അത് ദുരുദ്ദേശപരമാണ്. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ ഈ തീരുമാനം ഹജ്ജിനു പോകുന്നവര്‍ക്ക് ഇരുതല വാളു പോലെയായി. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെതിരെ ചില സംഘടനകള്‍ മറ്റു ചില ന്യായവാദങ്ങളുമായി രംഗത്തു വന്നത് ശ്രദ്ധേയമാണ്. ഹജ്ജിനു മാത്രമല്ല മറ്റു പല തീര്‍ത്ഥാടന യാത്രകള്‍ക്ക് വേണ്ടിയും കേന്ദ്ര സര്‍ക്കാര്‍ നേരിട്ടും അല്ലാതെയും ഖജനാവില്‍ നിന്ന് പണം നല്‍കുന്നുണ്ടെന്നാണ് ഇക്കൂട്ടരുടെ വാദം. ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജെയ്ന്‍ എന്നിവിടങ്ങളില്‍ നടന്നുവരുന്ന കുംഭമേളകള്‍ക്ക് ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് പങ്കെടുക്കുന്നത്. ഈ തീര്‍ത്ഥാടക സംഗമങ്ങളുടെ നടത്തിപ്പിനാവശ്യമായ കേന്ദ്ര ഫണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാണത്രേ നല്‍കുന്നത്. 2014ലെ അലഹബാദ് കുംഭമേളക്ക് കേന്ദ്ര സര്‍ക്കാര്‍ 1150 കോടിയും, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 11 കോടിയും ചിലവഴിച്ചത്രേ. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഉജ്ജെയ്‌നില്‍ വെച്ച് നടക്കുന്ന സിംഹസ്ഥ മഹാകുംഭ മേളക്ക് വേണ്ടി 100 കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാറിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം കഴിഞ്ഞ വര്‍ഷം നല്‍കിയത്. മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവിട്ട 3400 കോടി രൂപക്ക് പുറമെയാണതെന്നും പറയുന്നു. നിലവില്‍ 450 കോടി രൂപയാണ് ഹജ്ജ് സബ്‌സിഡിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇവിടെ മറ്റൊരു സത്യം ആരോപണമുന്നയിക്കുന്ന സംഘടനകള്‍ വിസ്മരിക്കുകയാണ്. ഇതര മതവിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടനങ്ങളേയും കുംഭമേളകളേയും ഒരിക്കലും ഹജ്ജുമായി താരതമ്യം ചെയ്യരുത്. ഹജ്ജ് കര്‍മ്മത്തിന്റെ നിബന്ധനകളുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുവേണം ആ പരിശുദ്ധ കര്‍മ്മം നിര്‍വ്വഹിക്കാന്‍. അങ്ങനെ വരുമ്പോള്‍ ഈ സബ്‌സിഡി നിര്‍ത്തലാക്കല്‍ ഹജ്ജിനു പോകുന്നവര്‍ക്ക് ഗുണമേ ചെയ്യൂ.

 

മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാനെന്നോണം സബ്‌സിഡി നിര്‍ത്തലാക്കിയതിന് ബദലായി മറ്റൊരു പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതാതത് ആ പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതായത് ഓരോ വര്‍ഷവും ഏകദേശം 450 കോടി രൂപ. സബ്‌സിഡി നിര്‍ത്തലാക്കുന്നത് നിയമപരമായി പ്രാബല്യത്തിലാകുന്നത് 2023ലാണ്. അപ്പോള്‍ 2023 വരെ മാത്രമേ മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിക്കൂവെന്നാണോ എന്നതിന് വ്യക്തതയില്ല. തന്നെയുമല്ല, മതേതര ഇന്ത്യയില്‍ എല്ലാ വിഭാഗത്തിലും പെട്ട നികുതിദായകരുടെ പണം എന്തിന് ഒരു പ്രത്യേക സമുദായത്തിനു മാത്രം നല്‍കണം? സര്‍ക്കാര്‍ ഖജനാവിലൂടെ ചിലവഴിക്കുന്ന ഈ തുക എന്തുകൊണ്ട് പാവപ്പെട്ട എല്ലാ വിഭാഗക്കാരുടേയും ഉന്നമനത്തിന് വിനിയോഗിച്ചു കൂടാ? ഭവനരഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക, കുടിവെള്ളം എല്ലാവര്‍ക്കും ലഭിക്കത്തക്ക സംവിധാനങ്ങളൊരുക്കുക, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ കുട്ടികളുടേയും വിദ്യാഭ്യാസത്തിനും അവരുടെ ഉന്നമനത്തിനുമായി വിനിയോഗിക്കുക, വയോധികര്‍ക്ക് സംരക്ഷണം നല്‍കുക, രോഗ ചികിത്സയ്ക്ക് വകയില്ലാത്തവര്‍ക്ക് ആതുരാലയങ്ങള്‍ നിര്‍മ്മിക്കുക എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആവശ്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കേ, എന്തുകൊണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രം ഈ തുക ചിലവഴിക്കണം? മുസ്ലിം സമുദായത്തിനുമേല്‍ വന്നു പതിക്കുന്ന ഈ കളങ്കത്തിന് പരിഹാരം ഒന്നേയുള്ളൂ. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് ഹജ്ജിന് പുറപ്പെടാനൊരുങ്ങുന്നവര്‍ക്ക് മുസ്ലിം സംഘടനകള്‍ ഒരു ബോധവത്ക്കരണം നല്‍കുന്നത് ഇത്തരുണത്തില്‍ ഉചിതമായിരിക്കും. തന്നെയുമല്ല, സൗദിയ പോലുള്ള എയര്‍ലൈന്‍സുകള്‍ മിതമായ നിരക്കില്‍ എയര്‍ ടിക്കറ്റ് നല്‍കുമ്പോള്‍ എന്തിന് എയര്‍ ഇന്ത്യയെ അഭയം പ്രാപിക്കണം? എയര്‍ ഇന്ത്യയിലെ യാത്ര ഒഴിവാക്കിയാല്‍ സീസണ്‍ സമയമാകുമ്പോള്‍ അവര്‍ ഈടാക്കുന്ന 40000 രൂപ അധിക ചാര്‍ജ് കൊടുക്കേണ്ടി വരില്ലല്ലോ. അതുവഴി പരിശുദ്ധ ഹജ്ജ് കര്‍മ്മം നേരായ രീതിയിലാണ് നിര്‍വ്വഹിച്ചതെന്ന ആത്മസംതൃപ്തി ലഭിക്കുകയും ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.