കേരളത്തിലെ ഭരണം മതസംഘടനകളും മതനേതാക്കാളൂം ഏറ്റെടുക്കുന്നതിന്റെ പ്രതിധ്വനിയാണോ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് വയസ്സാക്കി കുറച്ചത് എന്ന് സംശയിക്കണം. മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസേതര മേഖലകളില്‍ ഇളവുകള്‍ പലതും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍, പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാന്‍ പതിനാറു വയസ്സാക്കി (2 വര്‍ഷം ഇളവ്) നിജപ്പെടുത്തിയത് മലബാറിലെ ഉന്നതരായ വ്യക്തികള്‍ക്കുവേണ്ടിയോ അല്ലെങ്കില്‍ ഭരണചക്രം തിരിക്കുന്ന ഏതെങ്കിലും മന്ത്രി (മാര്‍ ) ക്കുവേണ്ടിയോ അതുമല്ലെങ്കില്‍ ഉന്നതങ്ങളില്‍ സ്വാധീനമുള്ള വ്യക്തികള്‍ക്കുവേണ്ടിയോ ആയിരിക്കാം. അല്ലെങ്കില്‍ സുപ്രീം കോടതി വിധി നിലവിലിരിക്കേ ഇങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കുകയും പ്രതിഷേധിച്ചപ്പോള്‍ അത് പിന്‍വലിച്ച് മറ്റൊരെണ്ണം ഇറക്കുകയും ചെയ്യില്ലായിരുന്നു. അതും ജൂണ്‍ 27 വരെ നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്. അതൊന്നു മാത്രം മതി മലബാറില്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്കുനേരെ നടക്കുന്ന അനീതിക്ക് തെളിവായി.
കേരളത്തില്‍ ശൈശവ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞതായി പഠനങ്ങള്‍ തെളിയിക്കുന്നു . കേരളത്തില്‍ നടക്കുന്ന വിവാഹങ്ങളില്‍ 6.8 ശതമാനവും ശൈശവ വിവാഹങ്ങളാണെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. ശൈശവ വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറം ജില്ലയിലാണ്. 2001, 2002, 2003 വര്‍ഷങ്ങളില്‍ ശരാശരി കാല് ലക്ഷമായിരുന്നു മലപ്പുറത്തെ ഒരു വര്‍ഷത്തെ ശൈശവ വിവാഹങ്ങളുടെ എണ്ണം. 2012ല്‍ ഇത് 2698 ആയി കുത്തനെ കുറഞ്ഞു. ഇവിടെ പതിനാല് വയസ്സ് വരെയുള്ളവരുടെ വിവാഹം നടന്നതായും രേഖകളില്‍ നിന്ന് വ്യക്തമാണ്. 2012ല്‍ പതിനാല് വയസ്സിന് താഴെയുള്ള നാലു പെണ്‍കുട്ടികളുടെ വിവാഹവും നടന്നു. പതിനാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരുടെ 338 വിവാഹങ്ങളും നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശൈശവവിവാഹങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഐ.സി.ഡി.എസി.ന്റെ (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസ്) 2012ലെ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുപ്രീം കോടതിയുടെ ശൈശവ വിവാഹ നിരോധനം പ്രാബല്യത്തിലാകുകയും വിവാഹ രജിസ്ട്രേഷന് നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെയാണ് ശൈശവവിവാഹം കുറഞ്ഞതെന്നാണ് കരുതുന്നത്.
മൈസൂര്‍ കല്യാണം, മാലിക്കല്യാണം എന്ന പേരിലൊക്കെ മുതു കിളവന്മാര് 15-ഉം 16-ഉം വയസ്സുള്ള പെണ്‍കുട്ടികളെ നിക്കാഹ് ചെയ്തു കൊണ്ടു പോകുന്നത് പതിവാണിവിടം. സത്യത്തില്‍ നിക്കാഹ് അല്ല, പെണ്മക്കളെ പണത്തിനുവേണ്ടി വില്ക്കുകയാണിവിടെ. അന്ത്യശ്വാസം വലിക്കാന്‍ കിടക്കുന്ന അറബികള്‍ വരെ ഇവിടെനിന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊണ്ടുപോകുന്നു. ആ വക വിവാഹങ്ങളൊക്കെ സാധൂകരിക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നു ധൃതി പിടിച്ച ഈ സര്‍ക്കുലറും തുടര്‍ന്നു നടന്ന പ്രശ്നങ്ങളും. ഇപ്പോഴിതാ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വക ഒരു കണ്ടു പിടിത്തം...പെണ്‍കുട്ടികള്‍ പിഴച്ചു പോകാതിരിക്കാന്‍ 16 വയസ്സില്‍ തന്നെ വിവാഹം കഴിച്ചു വിടണമത്രേ. ഇവരെപ്പോലുള്ളവരാണ് മുസ്ലിം സമൂഹത്തെ മുഴുവന്‍ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്തുത ഉത്തരവിന്റെ സൂത്രധാരകര്‍ . ഇത്തരത്തിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനായിരിക്കാം ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സമൂദായത്തിനാകെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുളള ഈ ഉത്തരവ് വേണ്ടായിരുന്നു. വിവാഹപ്രായം പതിനാറോ പതിനെട്ടോ ആണെന്നുളളതാണോ ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന പ്രധാന പ്രശ്നം? ഉത്തരവ് ഇറക്കിയവരുടെയും അതിനെതിരെ പ്രതികരിക്കുന്നവരുടെയും സമീപനം കണ്ടാല്‍ ഇത് മാത്രമാണ് മുസ്ലിം സമൂഹത്തിന്റെ പ്രശ്നമെന്ന് തോന്നും.
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഉടുമുണ്ടഴിക്കേണ്ടി വരുന്ന നിരവധി സഹോദരിമാര്‍ ഇക്കൂട്ടത്തിലുണ്ട്. കെട്ടുപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിച്ചു വിടാന്‍ കഴിവില്ലാത്ത എത്രയോ മുസ്ലീം പെണ്‍കുട്ടികള്‍ സ്വന്തം കുടിലില്‍ നിരാശയോടെ ജീവിതം തളളിനീക്കുന്നു? അവരെ വിവാഹം കഴിച്ചയക്കാന്‍ സാമ്പത്തിക സഹായം നല്കാന് കഴിയാത്തവരാണ് പതിനാറു വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വിവാഹം കഴിച്ചയക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നത്. അതൊന്നും പ്രശ്നമായിക്കാണാതെ വിവാഹ പ്രായത്തില്‍ കുറവ് കാണിക്കാന്‍ താല്പര്യം കാണിക്കുന്ന ഭരണകൂട നേതൃത്വത്തെക്കുറിച്ചെന്തു പറയാന്‍? ഒരേ വിദ്യാലയത്തില്‍ ഒന്നിച്ചിരുന്നു പഠിക്കുന്ന പെണ്‍കുട്ടികള്‍ പരസ്പരം കളിവാക്കു പറയാന്‍ ഈയൊരു നിയമം മൂലം ഇടവരും. പതിനാറു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പുതിയാപ്ലയെ കിട്ടും, ഞങ്ങള്‍ക്ക് പതിനെട്ടാവേണ്ടേ? സര്‍ക്കാര്‍ എന്തു സ്നേഹമാണ് മുസ്ലിം പെണ്‍കുട്ടികളോട് കാണിക്കുന്നത്? പതിനാറില്‍ നിക്കാഹ്, പതിനേഴില്‍ അമ്മ. മുപ്പതിലെത്തുമ്പോള്‍ അമ്മുമ്മ! ഹാ എന്തു സുഖം! എന്തു മഹത്വം? ഒരു കാര്യം നമ്മുടെ ഭരണ കര്‍ത്താക്കള്‍ മനസിലാക്കണം. ഇന്നത്തെ മുസ്ലിം പെണ്‍കുട്ടികള്‍ ഒരുപാടു മുന്നോട്ടു പോയി. അവര്‍ ചിന്തിക്കാന്‍ തുടങ്ങി. അവരുടെ ജീവിതത്തെക്കുറിച്ച് ബോധ്യമുളളവരായിത്തീര്ന്നു. അതിന് വിദ്യാഭ്യാസം വഴിയൊരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസം നേടിയ പെണ്‍കട്ടികള്‍ മുമ്പത്തെ പോലെ അടിമപ്പെട്ട് ജീവിക്കാന്‍ സന്നദ്ധരല്ല. അവര്‍ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സ്വന്തം കാലില്‍ തലഉയര്‍ത്തി നില്ക്കാന് വഴിതേടുകയാണവര് .
തങ്ങള്ക്കനുയോജ്യനായ ഒരു പുരുഷനെക്കണ്ടെത്തി ജീവിതം തുടങ്ങാന്‍ കെല്പുളളവരായി അവര്‍ മാറിക്കഴിഞ്ഞു. വിവഹ പ്രായത്തെക്കുറിച്ചൊന്നും അവര്‍ക്ക് വേവലാതിയില്ല. അത് അതിന്റെ വഴിക്കു നടക്കും എന്ന ഉയര്‍ന്ന ചിന്തയിലേക്ക് അവര്‍ എത്തിക്കഴിഞ്ഞു. ശാരീരികമായ പക്വത നേടിയാല്‍ വിവാഹിതരാവാം എന്നതാണ് പ്രകൃതി നിയമം. ഇണചേരാനും, അമ്മയാവാനും ഉളള പക്വത കൈവന്നാല്‍ പിന്നെയൊന്നും ചിന്തിക്കേണ്ടതില്ല എന്നായിരുന്നു ഒരു കാലത്ത് മതപണ്ഡിതന്മാര് പ്രഖ്യാപിച്ചിരുന്നത്. അത് മാത്രം പോര, മാനസിക പക്വത കൂടി കൈവരണം എന്ന് ശാസ്ത്രം പഠിച്ചവര്‍ ന്യായം പറഞ്ഞു. കേള്‍ക്കുമ്പോള്‍ രണ്ടാമത്തേതാണ് ശരിയെന്ന് സമൂഹത്തിന് ബോധ്യപ്പെടും. ഇതൊക്കെ വെച്ചു കൊണ്ടാണ് ആണിന് 21 ഉം പെണ്ണിന് 18 ഉം വിവാഹ പ്രായമായി കോടതി കണ്ടെത്തുകയും, സര്‍ക്കാര്‍ അത് നിയമമാക്കുകയും ചെയ്തത്. ഇന്ന് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളും നമ്മള് വായിച്ചോ, കണ്ടോ അറിയുന്നില്ലേ? എല്ലാനിയമങ്ങളും ഉണ്ടാക്കുന്നത് ജനങ്ങളുടെ നന്മയെ കാംക്ഷിച്ചുകൊണ്ടാണ്. ജനങ്ങളെല്ലാം തുല്യരാണ്. മനുഷ്യസഹജമായ ബുദ്ധിയും, കഴിവും വികാരവും എല്ലാം ഏറെക്കുറെ തുല്യമായി മനുഷ്യരില്‍ കാണുന്നു. ചില ജൈവസംബന്ധമായ വ്യത്യാസങ്ങളുണ്ടാവാം. കഴിഞ്ഞകാലത്ത് പുറം തളളപ്പെട്ട്, അംഗീകാരം നിഷേധിക്കപ്പെട്ട ജീവിതാവസ്ഥയില്‍ കഴിഞ്ഞവരെ മുഖ്യധാരയിലെത്തിക്കാന്‍ ചില ആനുകൂല്യങ്ങളും, ഇളവുകളും റിസര്‍വേഷനുകളും നല്‍കേണ്ടി വരാം.
പക്ഷെ വിവാഹ കാര്യത്തിലും, അമ്മയും അച്ഛനുമാകാനുളള കാര്യത്തിലും ഇളവുകളും ആനുകൂല്യവും നല്‍കുന്നത് സംഘര്‍ങ്ങള്‍ക്കും, സംഘട്ടനങ്ങള്‍ക്കും ഇടനല്കും. ഇതൊന്നും അറിയാത്തവരാണോ ഭരണ തലപ്പത്തിരിക്കുന്നവര്‍? അതോ സമൂദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ചില സൂത്രധാരന്മാര് ചെയ്യുന്ന പ്രവൃത്തിയാണോ ഇതൊക്കെ? വിവാഹ പ്രായ നിയമമോ, പരസ്പരം സ്പര്‍ദ്ധയോ നിലവിലില്ലാത്ത ഒരുകാലം കേരളത്തിലുണ്ടായിരുന്നു. 1950 കളിലൊക്കെ അങ്ങിനെയായിരുന്നു. അന്നൊക്കെ അമ്മമാര്‍ പ്രസവിക്കുന്നത് പതിനാലാം വയസ്സിലാണെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. മാനസിക വളര്ച്ചയെത്താതെയാവുമോ അത്? ശാരീരിക പക്വത മാത്രമെ അക്കാലത്ത് ഉണ്ടായിരുന്നുളളൂ? വിവാഹ പ്രായകാര്യത്തില് ഭരണ കര്‍ത്താക്കളും, നിയമവ്യവസ്ഥയും ഒന്നും വേവലാതിപ്പെടേണ്ട. പ്രതിപക്ഷവും പുരോഗമന പ്രസ്ഥാനങ്ങളും എന്തോ സംഭവിച്ചു പോകുന്നു എന്നതരത്തില്‍ പ്രസ്താവനാ യുദ്ധം നടത്തേണ്ട. ജനങ്ങള്‍ ബോധവാന്മാരാണ് അവര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പൂര്‍ണ ധാരണയുളളവരാണ്. സാധാരണക്കാരും വിദ്യാഭ്യാസമുളളവരും കൃത്യമായി ഇത്തരം കാര്യങ്ങള്‍ സസൂക്ഷ്മം പഠിച്ച് നിര്‍വഹിച്ചു കൊളളും. അറിവില്ലാത്തവരും പട്ടിണിപ്പാവങ്ങളുമാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാനോ നല്ലൊരു ജീവിതം നയിക്കുന്നതിനെക്കുറിച്ച് മനസിലാക്കാനോ കഴിയാത്തവര്‍ . അവരെയാണ് നിയമം മൂലം പരിരക്ഷിക്കേണ്ടത്. അവരെ സഹായിക്കാനും, സംരക്ഷിക്കാനും മനുഷ്യരെപോലെ ജീവിക്കാനും ഉളള അവസരങ്ങളുണ്ടാക്കാനാണ് ഭരണകര്‍ത്താക്കളും നിയമം പാസാക്കുന്നവരും ശ്രദ്ധിക്കേണ്ടത്.
Comments