ഓണം കഴിഞ്ഞാല്‍ അടുത്ത ആശ്വാസം ക്രിസ്മസാണ്. ക്രിസ്മസ് കാലം എത്രയും വേഗം എത്തണേയെന്ന പ്രാര്‍ത്ഥനയാണ് പിന്നീട്. കാരണം പത്തുദിവസം സ്‌കൂളിലൊന്നും പോകാതെ അടിച്ചുപൊളിച്ചു നടക്കാമല്ലോ. അക്കാലത്ത് ക്രിസ്മസ് കരോളിന് പോകാന്‍ പ്രത്യേക താല്‍പ്പര്യമാണ്. കാരണം മറ്റൊന്നുമല്ല. ശ്രുതിയും താളവും നോക്കാതെ പാടാനുള്ള സ്വാതന്ത്ര്യമുള്ളത് അവിടെ മാത്രമാണ്. എന്തും ഏതുരീതിയിലും പാടാം. ആരും ചോദിക്കാനില്ല. പത്തുപൈസയ്ക്കുവരെ വലിയ വിലയുള്ള കാലമാണന്ന്. ഓരോ വീട്ടിലും കയറുമ്പോള്‍ പത്തും ഇരുപതും പൈസയാണ് കിട്ടുക. കരോളില്‍നിന്ന് കിട്ടുന്ന രണ്ടും മൂന്നും രൂപ കൊണ്ടാണ് ബോളും ബാറ്റും വാങ്ങിക്കുന്നത്. കൂട്ടത്തിലുള്ള ഷൈനാണ് പെട്രോള്‍മാക്‌സുമായി മുമ്പില്‍ നില്‍ക്കുക.
ഞങ്ങളുടെ കരോള്‍ സെറ്റിനെ മൈന്റ് ചെയ്യാത്ത ഒരാള്‍ നാട്ടിലുണ്ട്. ഫ്രാന്‍സിസ് ചേട്ടന്‍. പള്ളിയില്‍ നിന്നു വരുന്ന കരോളാണെങ്കില്‍ ചേട്ടന്‍ വാതില്‍ തുറന്നുകൊടുക്കും. ചായയും കാപ്പിയും നല്‍കി സ്വീകരിച്ചിരുത്തും. കുറെ സമയം സല്‍ക്കരിച്ചശേഷമേ അവരെ വിടുകയുള്ളൂ. ഞങ്ങളെ അദ്ദേഹം മൈന്‍ഡ് ചെയ്യില്ല. ഒരിക്കലെങ്കിലും ഫ്രാന്‍സിസ് ചേട്ടനില്‍ നിന്ന് കാശ് വാങ്ങിക്കണമെന്നത് ഞങ്ങളുടെ വാശിയായിരുന്നു. അങ്ങനെയാണ് ഒരു ക്രിസ്മസ് തലേന്ന് ചേട്ടന്റെ വീട്ടിലെത്തിയത്. മുറ്റത്ത് ഗാര്‍ഡനൊക്കെയുള്ള ഒറ്റപ്പെട്ട വീടാണത്. ഇരുപതു മിനുട്ടുനേരം വീട്ടുമുറ്റത്തുനിന്ന് പാടിയിട്ടും വാതില്‍ തുറന്നില്ല. ഉച്ചത്തില്‍ പാട്ടുപാടി.
രക്ഷയില്ല. സഹികെട്ടപ്പോള്‍ ഞങ്ങള്‍ ചേട്ടന്‍ കിടക്കുന്ന മുറിയുടെ ജനാലയ്ക്കരികില്‍നിന്ന് ഡ്രമ്മടിച്ചു. എന്നിട്ടും ഫലമില്ലെന്നു വന്നപ്പോള്‍ പുരയ്ക്കു ചുറ്റും പാട്ടുപാടി നടന്നു. പെട്ടെന്നാണ് ഫ്രാന്‍സിസ് ചേട്ടന്‍ വാതില്‍ തുറന്ന് പുറത്തേക്കുവന്നത്. ദേഷ്യത്തോടെ വന്ന അദ്ദേഹം കൈയില്‍കിട്ടിയ ഷൂസും ചെരുപ്പും ഉപയോഗിച്ച് ഞങ്ങളെ എറിഞ്ഞു.
എല്ലാവരും ചിതറിയോടി. ചിലര്‍ ഗാര്‍ഡനില്‍ ഒളിച്ചു. ക്രിസ്മസ് അപ്പൂപ്പന്‍വേഷം കെട്ടിയ പയ്യനാകട്ടെ മുഖംമൂടിയൊക്കെ വലിച്ചെറിഞ്ഞ് മതില്‍ചാടി രക്ഷപ്പെട്ടു. എല്ലാവരും ഓടിയിട്ടും ചേട്ടന്‍ ഷൈനിനെ പിടികൂടി. സംഭവം നാട്ടില്‍ വലിയ പ്രശ്‌നമായി. അദ്ദേഹം എല്ലാവരോടും ഇക്കാര്യം പറഞ്ഞു. മാത്രമല്ല, ഷൈനിന്റെ അച്ഛനെയും അമ്മയെയും വിളിപ്പിച്ചു. ഇതറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും സങ്കടമായി. കാരണം ഒരു കാര്യം ഒന്നിച്ചുചെയ്തിട്ട് അവന്‍ മാത്രം പിടിയിലായല്ലോ എന്ന ദുഃഖമായിരുന്നു ഞങ്ങള്‍ക്ക്. അച്ഛനും അമ്മയും വന്നശേഷമാണ് ഫ്രാന്‍സിസ് ചേട്ടന്‍ ഷൈനിനെ വിട്ടത്.
പിറ്റേ ദിവസം പതിവുപോലെ ഞങ്ങള്‍ ചങ്ങാതിക്കൂട്ടം ഒത്തുചേര്‍ന്നു. ഷൈനും അവിടേക്കു വന്നു. എല്ലാവര്‍ക്കും ഒരേയൊരു സംശയമായിരുന്നു-കൂട്ടത്തിലെ ഏറ്റവും വലിയ ഓട്ടക്കാരനായ ഷൈനിനെ എങ്ങനെയാണ് ചേട്ടന്‍ പിടിച്ചത്? ഷൈന്‍ തന്നെയാണ് അതിന് മറുപടി പറഞ്ഞത്.
''എല്ലാവരും ഓടിയപ്പോള്‍ ഞാനും ഗാര്‍ഡനിലാണ് ഒളിച്ചത്. പക്ഷേ കൈയിലുണ്ടായിരുന്ന പെട്രോള്‍ മാക്‌സ് ഓഫ് ചെയ്യാന്‍ മറന്നുപോയി!!!!.''
Comments