സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 257 റണ്‍സിന്റെ ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 409 റണ്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ടീമിന് 63 റണ്‍ ചേര്‍ക്കുന്നതിനിടെ നഷ്‌ടമായത് ഏഴ് വിക്കറ്റാണ്.വിന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അല്‍പമെങ്കിലും ചെറുത്തു നിന്നത്. 48 പന്തില്‍ 56 റണ്‍സാണ് ഹോള്‍ഡറുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്ക് ഏറ്റവും കൂടുതല്‍ റണ്‍ വിട്ടുകൊടുത്തതും ഹോള്‍ഡര്‍ തന്നെ. സാമുവെല്‍സ്, സിമണ്‍സ്, റസ്സല്‍ എന്നിവര്‍ ഒരു റണ്‍ പോലും നേടാതെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ റെക്കോഡുകള്‍ വാരിക്കുട്ടിയ ഗെയിലിനെ മൂന്ന് റണ്‍സിന് അബോട്ട് തളച്ചു. സ്‌മിത്ത് 31, കാര്‍ട്ടര്‍ 10, റാംഡിന്‍ 22, സമി അഞ്ച്, ടെയ്‌ലര്‍ 15, ബെന്‍ ഒരു റണ്ണും നേടി. വിന്‍ഡീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ല് ഒടിച്ചത് ഇമ്രാന്‍ താഹിര്‍ എന്ന സ്‌പിന്നറാണ്. പത്ത് ഓവറില്‍ 45 റണ്‍ വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് ഇമ്രാന്‍ താഹിര്‍ നേടിയത്. കൂറ്റന്‍ അടിക്കാരായ സ്‌മിത്ത്, റാംദിന്‍, ഡാരന്‍ സമി, റസ്സല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇമ്രാന്‍ താഹിര്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി അബോട്ട്, മോര്‍ക്കല്‍ എന്നിവര്‍ രണ്ടും, സ്‌റ്റെയിന്‍ ഒരു വിക്കറ്റും നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീവില്യേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തത് രണ്ടും കല്‍പ്പിച്ചായിരുന്നു. ഓപ്പണറായ ഡി കോക്ക് 12 റണ്‍സിന് പുറത്തായപ്പോള്‍ അംലയും(65), ഡുപ്ലെസിസും(62) ചേര്‍ന്ന് വ്യക്‌തമായ അടിത്തറ നല്‍കി. പിന്നീട് ക്രീസിലെത്തിയ റൊസൊയ്‌ക്കും നായകന്‍ ഡീവില്യേഴ്‌സിനും അടിച്ചു തകര്‍ക്കാനല്ലാതെ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഇരുവരും വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങൂം വിലങ്ങും തല്ലിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കിതപ്പില്ലാതെ കുതിച്ചു. ഇരുവരും ചേര്‍ന്ന് 134 റണ്‍സാണ് അടിച്ചു കൂട്ടിയത്. റൊസൊ 39 പന്തില്‍ 61 റണ്‍ നേടി.
Comments