എംഎല്‍എമാര്‍ കൂട്ടത്തോടെ മത്സരരംഗത്തേക്കിറങ്ങുന്ന ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവരൊക്കെ പാര്‍ലമെന്റിലേക്ക് വിജയിച്ചു കയറിയാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ചെലവാകുക കോടികളാണ്. ഇടതുമുന്നണിയുടെ മാത്രം അഞ്ച് എംഎല്‍എ മാര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. യുഡിഎഫിന്റെ നിരയില്‍ ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ് എന്നീ എംഎല്‍എ മാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാലക്കാട് സീറ്റിലും ഒരു എംഎല്‍എ യെ തന്നെ ഇത്തവണ യുഡിഎഫ് രംഗത്തിറക്കുമെന്നാണ് വിവരം.ഏറ്റവുമാദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സിപിഐ ആകെയുള്ള നാല് സീറ്റുകളില്‍ രണ്ടിലും എംഎല്‍എ മാരെയാണ് മത്സരത്തിനിറക്കുന്നത്. തിരുവനന്തപുരം സീറ്റില്‍ നെടുമങ്ങാട് എംഎല്‍എ സി ദിവാകരനും മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറുമാണ് മത്സരിക്കുന്നത്. സിപിഎം പട്ടികയില്‍ മൂന്ന് എംഎല്‍എ മാരുടെ പേരുകളാണുള്ളത്. എ പ്രദീപ്കുമാര്‍ കോഴിക്കോട്ടും എ എം ആരിഫ് ആലപ്പുഴയിലും മത്സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജും അന്തിമപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അങ്ങനെയങ്കില്‍ എല്‍ഡിഎഫിന്റെ ഇരുപത് സ്ഥാനാര്‍ത്ഥികളില്‍ അഞ്ചു പേരും സിറ്റിങ് എംഎല്‍എ മാരാകും. പി സി ജോര്‍ജ്ജ് എംഎല്‍എ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് സീറ്റെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം യുഡിഎഫ് ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പി ജെ ജോസഫിനെയും പ്രതീക്ഷിക്കാം.ഇത്രയേറെ എം എല്‍ എ മാര്‍ ജയിച്ചാല്‍ സംസ്ഥാനം ഒരു മിനി നിയമസഭാ തെരഞ്ഞെടുപ്പിനാകും സാക്ഷ്യം വഹിക്കേണ്ടി വരുക. ഇത് ഖജനാവിന് വന്‍ ചെലവുണ്ടാക്കുകയും ചെയ്യും. പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് പണമില്ലാത്ത സാഹചര്യത്തിലാണ് ഭാരിച്ച ചെലവു വരുന്ന ഉപതെരഞ്ഞെടുപ്പിന് സാധ്യതകളൊരുക്കി ഭരണകക്ഷി തന്നെ എംഎല്‍എ മാരെ കൂട്ടത്തോടെ മത്സരരംഗത്തിറക്കിയിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഓരോ നിയമസഭാ ഉപതെരഞ്ഞെടുപ്പിനും സര്‍ക്കാരിന് ചെലവാകുന്നത് കോടികളാണ് .മുന്നണികളും ചെലവഴിക്കണം കോടിക്കണക്കിന് രൂപ.ഒരു നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമ്മിഷന് ചെലവാകുക 75 ലക്ഷം രൂപ .
തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ കണക്കു കൂട്ടിയാല്‍ ചെലവ് കോടി കടക്കും. ഉദ്യോഗസ്ഥരുടെ ഭക്ഷണം, യാത്ര, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ,നിരീക്ഷകരുടെ ചെലവ്, തുടങ്ങിയവ ഇതില്‍ പെടും. ചെലവുകളുടെ വകയില്‍ വോട്ടറുടെ വിരലില്‍ പുരട്ടുന്ന മഷിക്ക് വരെ നല്ല തുക ചെലവാകും . പത്തു മില്ലി മഷിയുടെ ഒരു കുപ്പിക്ക് വില 142 രൂപയാണ്. ഒരു ബൂത്തില്‍ 2 കുപ്പി മഷി വേണ്ടിവരും. ശരാശരി 165 ബൂത്തുകളെങ്കിലും ഒരു മണ്ഡലത്തിലുണ്ടാകും. ബൂത്തു തലങ്ങളില്‍ ഓരോ മുന്നണിക്കും അഞ്ചു മുതല്‍ പത്തുവരെ വോളന്റിയര്‍മാരും. ഇവരുടെ ചെലവ് പാര്‍ട്ടികള്‍ വഹിക്കണം. മുന്നണികള്‍ക്ക് തെരഞ്ഞെടുപ്പു കാലത്ത് ഓരോ നിയമസഭാ മണ്ഡലത്തിലും പ്രതിദിനം 2 ലക്ഷത്തിനു മേല്‍ ചെലവുണ്ടാകും. നിയമസഭയിലക്ക് ഒരു സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച തുകയുടെ പരിധി 28 ലക്ഷം രൂപയാണ്. ചെലവ് പക്ഷേ മൂന്നും നാലുമൊക്കെ ഇരട്ടിയും പിന്നിട്ട് കോടികള്‍ കടക്കും. ഉപ തെരഞ്ഞെടുപ്പിന്റെ ചെലവിനെക്കുറിച്ചു ചോദിച്ചാല്‍ വിജയ സാധ്യതയാണ് എം എല്‍ എ മാരെ സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്നിലെന്നാണ് നേതാക്കളുടെ മറുപടി.തെരഞ്ഞെടുപ്പുകളില്‍ ഒരാള്‍ 2 മണ്ഡലത്തില്‍ മത്സരിച്ചാല്‍ രാജി വയ്ക്കുന്ന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചെലവ് രാജിവയ്ക്കുന്നവരില്‍ നിന്ന് ഈടാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ കേസില്‍ ഇനിയും വിധി വന്നിട്ടില്ല. വന്നാലും എംഎല്‍എ മാര്‍ എം പി മാരാകുന്നതിന് വിധി ബാധകമാകാനും ഇടയില്ല.
Comments