കണ്ണൂർ: ഹലോ... കോള്‍ എടുത്തതും മറുതലയ്ക്കല്‍ നിന്നും അവശ്യസാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്. പറഞ്ഞതെല്ലാം എഴുതിയെടുത്ത് ഫോണ്‍ വെക്കുന്നതിന് മുമ്പ് സയനോര പറഞ്ഞു, ഇത് ഞാനാണ് ഗായിക സയനോര. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യ സാധന വിതരണത്തിന് ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററില്‍ ഞായറാഴ്ച കോളുകള്‍ എടുക്കാനും പൊതുജനങ്ങളോട് അല്‍പ്പം കുശലം പറയാനും ഗായിക സയനോര ഫിലിപ്പുമുണ്ടായിരുന്നു. താവക്കര സ്വദേശിനിയായ രജനി രാജേന്ദ്രന്റേതായിരുന്നു ആദ്യ കോള്‍. പാല്‍, ഉരുളക്കിഴങ്ങ്, ഉള്ളി, നേന്ത്രപ്പഴം, ഹാന്റ് വാഷ്, ഡിഷ് വാഷ് തുടങ്ങി പത്തോളം സാധനങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു രജനിയുടെ വിളി. ഇതുപോലെ ദിനംപ്രതി 200ലേറെ പേരാണ് ജില്ലാപഞ്ചായത്തിന്റെ കോള്‍ സെന്ററിലേക്ക് വിളിച്ച് സാധനങ്ങള്‍ ആവശ്യപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ കേന്ദ്രീകരിച്ച് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോള്‍ സെന്റര്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. വിവരങ്ങള്‍ അറിയിക്കുന്നതിനായി അഞ്ച് വാട്സ് ആപ്പ് നമ്പറുകളും തയ്യാറാക്കിയിട്ടുണ്ട്. 9400066016, 9400066017, 9400066018, 9400066019 നാലു നമ്പറുകള്‍ അവശ്യ സാധനങ്ങള്‍ക്കും 9400066020 എന്ന നമ്പര്‍ ആവശ്യമുള്ള മരുന്നുകളെക്കുറിച്ച് വിവരം നല്‍കാനുമാണ്. ആവശ്യക്കാര്‍ വാട്സ് ആപ്പ് വഴി വിവരങ്ങള്‍ അറിയിക്കണം. ഈ നമ്പറിലേക്ക് എസ് എം എസ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും.
Comments