ദക്ഷിണാഫ്രിക്കയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍ ഗാഡ്‌ല ഹെന്‍റി മ്ഫാകനൈസ്വയുടെയും മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയുടെയു മകനായി 1918 ജൂലൈ 18 നാണ് നെല്‍സണ്‍ മണ്ടേല ജനിച്ചത്.അദ്ദേഹത്തിന്റെ അദ്ധ്യാപകനാണ് നെല്‍സണ്‍ എന്ന പേരു കൂടി നല്‍കിയത്. കറുത്തവംശജരില്‍ നിന്ന് ആദ്യമായി ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് പദംവരെയെത്തിയ അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്‌തകമാണ്.
സ്കൂള്‍ കാലഘട്ടം കഴിഞ്ഞശേഷം ഫോര്‍ട്ട് ഹെയര്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന മണ്ടേല ആദ്യവര്‍ഷം തന്നെ യൂണിവേഴ്സിറ്റിയിലെ ചില നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സമര ജീവിതം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി പുറത്താക്കി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തായ മണ്ടേലയെ വിവാഹം കഴിപ്പിക്കാന്‍ പിതാവിന്റെ മരണശേഷം രക്ഷകര്‍ത്താവായ റീജന്റ് ജോണ്‍ഗിന്റാബ തീരുമാനിച്ചു. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാതിരുന്ന മണ്ടേല ജോഹന്നാസ്ബര്‍ഗിലേക്ക് ഓടിപ്പോയി.അവിടെ ഒരു ഖനിയില്‍ കാവല്‍ക്കാരനായി. പക്ഷേ റീജന്റിന്റെ ദത്തുപുത്രനാണെന്നറിഞ്ഞപ്പോള്‍ മണ്ടേലയെ പുറത്താക്കി.
ഫോര്‍ട്ട് ഹരെ സര്‍വകലാശാല,വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മണ്ടേല ജോഹന്നാസ് ബര്‍ഗില്‍ താമസിക്കുമ്പോഴാണ് സാമ്രാജ്യത്വത്തിനെതിരെയുളള പോരാട്ടങ്ങളിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നത്.
അഭിഭാഷകന്റെ സഹായിയായി ജോലിചെയ്ത് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ആഫ്രിക്കയില്‍നിന്നും ബിരുദം നേടി. നിയമപഠനം തുടര്‍ന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.വര്‍ണ്ണവിവേചനത്തിനും വംശീയമായ വേര്‍തിരിവിനും വേണ്ടി നിലകൊണ്ടിരുന്നതുമായ നാഷണല്‍ പാര്‍ട്ടിയുടെ ഭരണത്തിനെതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1952ലെ സമരത്തിലും 1955ലെ പീപ്പിള്‍സ് കോണ്‍ഗ്രസ്സിലും മണ്ടേല സജീവമായി.
മഹാത്മാ ഗാന്ധി അദ്ദേഹത്തിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു.ഗന്ധിജിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അഹിംസാമാര്‍ഗ്ഗത്തില്‍ സമരം തുടങ്ങിയ മണ്ടേല പിന്നീട്ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിപ്ലവവിഭാഗമായ ഉംഖോണ്ടൊ വി സിസ്വെയുടെ തലവനായി മാറി.1964 ഏപ്രില്‍ 20 ന് പ്രിട്ടോറിയയിലെ സുപ്രീം കോടതിയില്‍ മണ്ടേല വിചാരണ നേരിട്ടു. രാജ്യദ്രോഹക്കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ആരോപിച്ചത്. മണ്ടേലയും കൂട്ടരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തുടര്‍ന്ന് 18 വര്‍ഷം റോബന്‍ ദ്വീപിലെ ജയിലിലായിരുന്നു മണ്ടേല. ജയില്‍മോചനം വാഗ്ദാനം ചെയ്തെങ്കിലും തനിക്ക് സ്വാതന്ത്ര്യം വേണ്ടെന്നു അറിയിച്ച മണ്ടേല വാഗ്ദാനം നിരസിച്ചു.1990 ഫെബ്രുവരി 11നു മണ്ടേലയെ വിക്റ്റര്‍ വേര്‍സ്റ്റര്‍ ജയിലില്‍നിന്നും മോചിതനാക്കി.1994 ല്‍ മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.ജയില്‍ജീവിതത്തിനിടെ രചിച്ച ആത്മകഥയും അദ്ദേഹം പ്രസിദ്ധീകരിച്ചു. വര്‍ണവിവേചനം അവസാനിപ്പിക്കാനുളള ചര്‍ച്ചകളിലും അദ്ദേഹം സജീവമായി ഇടപെട്ടു.ദാരിദ്ര്യത്തിനും എയ്‌ഡ്‌സ് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുമായി നെല്‍സണ്‍ മണ്ടേല ഫൗണ്ടേഷന്‍ സ്ഥാപിച്ച് കൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.
1993ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും 1990ലെ ഭാരതരത്‌നം പുരസ്‌കാരവും ലഭിച്ചു. ആറു മക്കളും 20 ചെറുമക്കളുമുണ്ട്.ആഫ്രിക്കന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും നഴ്‌സുമായിരുന്ന എവ്‌ലിന്‍ മാസെ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ. മൂന്നു വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്.
Comments