You are Here : Home / Aswamedham 360

പേരുമാറ്റല്‍ ഗുണമോ ദോഷമോ? പൊതുജനം പലവിധം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, December 16, 2013 04:42 hrs UTC

ബാംഗ്ലൂര്‍ വിമാനത്താവളം ഇനി മുതല്‍ കെംപെ ഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം എന്നറിയപ്പെടും. ബാംഗ്ലൂര്‍ നഗരത്തിന്റെ സ്ഥാപകനോടുള്ള ആദരസൂചകമായാണ്‌ വിമാനത്താവളത്തിന്റെ പേര്‌ കെംപെ ഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം എന്നാക്കി മാറ്റുന്നത്‌. ഡിസംബര്‍ 14 മുതല്‍ വിമാനത്താവളത്തിന്‌ പുതിയ പേര്‌ നിലവില്‍ വന്നു. വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്‌ഘാടനവും നടന്നു. വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ വരുന്നതിന്റെയും പേരു മാറ്റുന്നതിന്റെയും സന്തോഷത്തിലാണ്‌ ബാംഗ്ലൂര്‍ നിവാസികള്‍.
എന്നാല്‍ ഇതൊരു നല്ല നീക്കമല്ല എന്നാണ്‌ ചില ആളുകളുടെ അഭിപ്രായം. പെട്ടെന്നുള്ള പേരു മാറ്റം നഗരത്തിനു പുറത്തു നിന്നുള്ളവരുടെ കണ്ണില്‍ നഗരത്തിന്റേതായ ഐഡന്റിറ്റി നഷ്‌ടപ്പെടുത്താനേ ഇടയാക്കൂ എന്ന്‌ അവര്‍ പറയുന്നു. ഏതൊരു നഗരത്തിലുമുള്ള വിമാനത്താവളവും നഗരത്തിന്റെ കൂടി ഇമേജ്‌ വര്‍ദ്ധിപ്പിക്കാനേ ഉതകൂ എന്നും എങ്കിലും പെട്ടെന്നുള്ള ഈ പേരുമാറ്റം അത്ര നല്ലതല്ല, അത്‌ ഗുരുതരമായ പ്രത്യാഘാതങ്ങളാണ്‌ ഉണ്ടാക്കുക എന്നും അവര്‍ പറയുന്നു. ഉദാഹരണത്തിന്‌ ഈ പേര്‌ പലരും ഉച്ഛരിക്കുക പല രീതിയിലാണെന്ന്‌ ആര്‍ക്കിടെക്‌ടായ ദേവ്‌ പറയുന്നു. അര്‍ത്ഥമുള്ള പല പേരുകളുമുള്ള പല വിമാനത്താവളങ്ങളും ലോകത്തെമ്പാടുമുണ്ട്‌. എന്നാല്‍ വിമാനത്താവളത്തിന്റെ പേരു മാറ്റിയതു കൊണ്ട്‌ കെംപെ ഗൗഡയോട്‌ ആര്‍ക്കും പ്രത്യേക ബഹുമാനം കൂടില്ല എന്നും ഇദ്ദേഹം പറയുന്നു. മദ്രാസ്‌ ചെന്നൈ ആയപ്പോഴും കല്‍ക്കട്ട കൊല്‍ക്കത്തയായപ്പോഴും ബാംഗ്ലൂര്‍ ബംഗളുരു ആയപ്പോളും ഇതാണ്‌ സംഭവിച്ചതെന്ന്‌ അദ്ദേഹം പറയുന്നു. സോഫ്‌റ്റ്‌വെയര്‍ ഡെവലപ്പറായ മുനിം കാസിയ ഇതിനെ സ്വാഗതം ചെയ്യുകയാണ്‌.
അദ്ദേഹം പറയുന്നത്‌ രാഷ്‌ട്രീയക്കാര്‍ ഇടക്കിടെ വന്ന്‌ പേരു മാറ്റുന്നതിനെ ഇനി നമ്മള്‍ ഭയപ്പെടേണ്ടതില്ല, ഇതിനി നമ്മുതടേത്‌ മാത്രമാണ്‌ എന്നാണ്‌.
സുബ്രതാ മജുംദാര്‍ എന്നയാള്‍ പറയുന്നത്‌ വിമാനത്താവളത്തിന്റെ പേരു പരിഗണിക്കുന്ന സമയത്ത്‌ ബന്ധപ്പെട്ടവര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ഒരു പേര്‌ ശാസ്‌ത്രജ്ഞനായ സി.വി.രാമന്റേതായിരുന്നു എന്ന്‌. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിന്റെ ആദ്യത്തെ ഡയറക്‌ടറും നോബല്‍സമ്മാനജേതാവുമായിരുന്ന സി.വി.രാമന്റേ പേര്‌ വിമാനത്താവളത്തിനിടുന്നത്‌ ശാസ്‌ത്രത്തിന്‌ അധികാരത്തിനു മേലുള്ള പവറായിരിക്കും എന്ന്‌ അദ്ദേഹം പറയുന്നു.
കാനന്‍ ഗില്‍ എന്ന ഹാസ്യതാരത്തിന്‌ ഇതൊരു തമാശയാണ്‌. വിവേചനം പരിഹരിക്കാനായി ഇവിടുത്തെ എല്ലാ റോഡുകള്‍ക്കും പ്രദേശങ്ങള്‍ക്കും ആളുകള്‍ക്കുമൊക്കെ കെംപെ ഗൗഡ എന്നിടേണ്ടിയിരുന്നു എന്നദ്ദേഹം പറയുന്നു.
എന്നാല്‍ എല്ലാവരും ഇതിനെ എതിര്‍ക്കുന്നവരല്ല, ചിലര്‍ ഇതിനെ സ്വാഗതം ചെയ്യുന്നുമുണ്ട്‌. ?ഞാന്‍ ഈ നീക്കം ഇഷ്‌ടപ്പെടുന്നു. ചരിത്രത്തിലെ ഒരു പേര്‌ വിമാനത്താവളത്തിന്‌ ഇടുന്നത്‌ നല്ലതാണ്‌. ഇതുപോലെ പല വിമാനത്താവളങ്ങള്‍ക്കും ചരിത്രത്തിലെ മഹാന്‍മാരുടെ പേരുകള്‍ ഇട്ടിട്ടുണ്ട്‌. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളം, കോല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ അന്താരാഷ്‌ട്ര വിമാനത്താവളം, നാഗ്‌പൂരിലെ ബാബാസാഹിബ്‌ അംബേദ്‌കര്‍ വിമാനത്താവളം, എന്നിവ അതിന്‌ ഉദാഹരണങ്ങളാണ്‌. എന്നാല്‍ ഒരേയൊരു പ്രശ്‌നമെന്നു പറയുന്നത്‌ ബാംഗ്ലൂര്‍ നഗരത്തിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ കെംപെഗൗഡ തന്നെയാണ്‌ എന്നത്‌ ഇപ്പോഴും ഒരു തര്‍ക്കവിഷയമാണ്‌ എന്നതാണ്‌- കാര്‍ത്തിക്‌ ഹുലിക്കല്‍ എന്ന അഭിഭാഷകന്‍ പറയുന്നു.
 
സിംബോസിസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബിസിനസ്‌ മാനേജ്‌മെന്റിലെ എം.ബി.എ വിദ്യാര്‍ത്ഥിയായ അമന്‍ജോത്‌ ബാബ്ര പറയുന്നത്‌ ബഹുമാന്യനായ ഒരു വ്യക്തിയുടെ പേരില്‍ വിമാനത്താവളം അറിയപ്പെടുന്നത്‌ വളരെ നല്ല കാര്യമാണ്‌. എന്നാല്‍ ഇത്‌ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു പേരല്ല. ഈ പേര്‌ ആളുകള്‍ക്ക്‌ ഉച്ഛരിക്കാനും വളരെ ബുദ്ധിമുട്ടാണ്‌. അതു കൊണ്ടു തന്നെ ഈ മാറ്റം ആളുകള്‍ സ്വീകരിക്കണമെങ്കില്‍ ഒരുപാട്‌ കാലതാമസമെടുക്കും. ഇതിനൊപ്പം ഭരണാധികാരികള്‍ കെംപെ ഗൗഡയുടെ പ്രവൃത്തികളും മഹത്വവും ലഘുലേഖകളിലൂടെയും മറ്റും ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ നമ്മുടെ ഭാഗത്തു നിന്നും അദ്ദേഹത്തിനുള്ള ഒരു നല്ല ആദരവു കൂടിയായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.