സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ച ഹൈകോടതി വിധി, യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്നത് ഗോവിന്ദച്ചാമിയെ മാത്രമല്ല, കേരളീയ സമൂഹത്തെ ഒന്നാകെയാണ്. തീര്‍ന്നില്ല, റെയില്‍വേയെയും ബാര്‍ കൗണ്‍സിലിനെപ്പോലെ നീതിന്യായം സംരക്ഷിക്കാന്‍ പ്രതിഞ്ജാബദ്ധമായ സംവിധാനത്തെയും ഹൈക്കോടതി വിധി പ്രതിക്കൂട്ടിലാക്കുന്നു. കൊടുംകുറ്റവാളിയായതിനാല്‍ വിധി കേട്ടിട്ടും കൂസലില്ലായ്മയോടെയാണത്രേ ഗോവിന്ദച്ചാമി കോടതിയുടെ പടികളിറങ്ങിവന്നത്. റെയില്‍വേക്കും അഭിഭാഷക സമൂഹത്തിനും കേരളീയ പൊതുസമൂഹത്തിനും ഈ കേസില്‍ ഇങ്ങനെ ലജ്ജയില്ലായ്മ അഭിനയിക്കാന്‍ കഴിയുമോ? ഒന്നാമതായി പ്രതിക്കൂട്ടില്‍ പ്രതിഭാഗം അഭിഭാഷകര്‍ തന്നെയാണ്. പെണ്‍കുട്ടി മരിച്ച ശേഷവും വേട്ടയാടപ്പെടുന്ന രീതിയില്‍ കോടതിയില്‍ വാദപ്രതിവാദം നടന്നതിനെയാണ് കോടതി വിമര്‍ശിച്ചത്. ഇത്തരം വാദങ്ങള്‍ നിരുത്സഹപ്പെടുത്തണമെന്ന് കാണിച്ച് ബാര്‍ കൗണ്‍സിലിന് അറിയിപ്പ് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സൗമ്യ കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി വന്നവരോട്, സൗമ്യയുമായി നിങ്ങള്‍ ലൈംഗികബന്ധം പുലര്‍ത്തിയിട്ടില്ലേ എന്നുതുടങ്ങിയ മ്ളേച്ഛമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് അഭിഭാഷകര്‍ തന്നെ പരാതിപ്പെട്ടിട്ടുണ്ട്. അഭിഭാഷക വൃത്തിയുടെ മാത്രമല്ല, നീതിന്യായ വ്യവസ്ഥയുടെ കൂടി ധാര്‍മികത ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ക്രോസ് വിസ്താരത്തിനിടെ സൗമ്യയെക്കുറിച്ചുള്ള പ്രതിഭാഗം അഭിഭാഷകന്റെ പല ചോദ്യങ്ങളും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുന്നതിന് സമമായിരുന്നു എന്ന് പറയുന്നു. നിരപരാധിയായ ഇരയെയും സാക്ഷികളെയും വ്യക്തിഹത്യ നടത്തുന്നതിന് സമാനമാണിത്. ഇരകളെ വ്യക്തിഹത്യ നടത്തുന്നതിനും അഭിഭാഷകന്‍ അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനും നിയന്ത്രണം വേണമെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന ബാര്‍ കൗണ്‍സിലുകളുടെ ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിനായി വിധിന്യായം അയച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകന് ഇത്തരം ചോദ്യങ്ങള്‍ക്ക് വിചാരണക്കോടതി അനുമതി നല്‍കിയത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നാണ് ഹൈക്കോടതി പരാമര്‍ശിച്ചത്. അനാവശ്യ ചോദ്യങ്ങള്‍ തടയുന്നത് കോടതി തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ വഴക്കടിച്ചുവെന്നും വിധിന്യായത്തില്‍ പറയുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം സംശയാതീതമായി തെളിഞ്ഞ ഒരു കേസിലാണ് അഭിഭാഷകര്‍ ഇത്ര ക്രൂരമായി പെരുമാറിയത് എന്നത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ പാളിച്ചകളെയല്ലേഎടുത്തുകാട്ടുന്നത് ?
നീതി അട്ടിമറിക്കാനാണ് ഇവിടെ അഭിഭാഷകര്‍ ശ്രമിച്ചത് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സൗമ്യ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇളകിപ്പോയതിനും ശരീരത്തില്‍ പെണ്‍കുട്ടിയുടെ നഖക്ഷതം ഏറ്റതിനും തെളിവുണ്ട്. ട്രെയിനില്‍നിന്നു ചാടിയ പ്രതി പെണ്‍കുട്ടിയെ വലിച്ചിഴച്ച് പാളത്തിനടുത്ത് ബലാത്സംഗം ചെയ്തതും സംശയാതീതമായി തെളിയുന്നു. ബലാത്സംഗത്തിനു മുമ്പും പിമ്പും സംഭവസ്ഥലത്ത് പ്രതി ഉണ്ടായിരുന്നതായി സാക്ഷിമൊഴിയുണ്ട്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുറ്റംചെയ്തതെന്നത് സംശയാതീതമാണ്. ഇക്കാര്യങ്ങള്‍ക്കെല്ലാം വ്യക്തമായി തെളിവുകളുണ്ട്. ഇരയെപ്പോലെ തന്നെ പ്രതിക്കും നിയമത്തിന്റെ പരിരക്ഷ ലഭിക്കണമെന്നത് ശരിയാണ്. പക്ഷേ, അത് ഒരു കൊടുംകുറ്റവാളിയെ ഏതുവിധേനയും രക്ഷിക്കാനുള്ള നെറികെട്ട ശ്രമമായി മാറ്റുന്നത് കടുത്ത നീതികേടാണ് എന്നാണ് ഹൈകോടതിയുടെ അഭിപ്രായങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്. ഇതിന് നീതിയെ സംരക്ഷിക്കേണ്ട അഭിഭാഷക സമൂഹം തന്നെ കൂട്ടുനില്‍ക്കുന്നതാണ് ഏറ്റവും ഭീതിദം. സൗമ്യ കേസില്‍ മാത്രമല്ല, സ്ത്രീപീഡനക്കേസുകളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി. ഇരകളെയും സാക്ഷികളെയും വിരട്ടി കേസ് ദുര്‍ബലമാക്കാന്‍ ഏതുമാര്‍ഗവും സ്വീകരിക്കുംവിധം അധ:പ്പതിച്ചിരിക്കുകയാണ് കേരളത്തിലെ ചില അഭിഭാഷകര്‍. സൂര്യനെല്ലി, വിതുര, ഐസ്‌ക്രീം കേസുകളില്‍ ഇരകളായ പെണ്‍കുട്ടികള്‍ ഇത്തരം അഭിഭാഷകരുടെ ‘മാനഭംഗ’ത്തിന് വീണ്ടും ഇരകളാക്കപ്പെട്ടവരാണ്. പ്രതികള്‍ നടത്തിയ ക്രൂരതയോളം പോന്നതായിരുന്നു ഇവരുടെ ക്രോസ് വിസ്താരങ്ങളെന്ന് പെണ്‍കുട്ടികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിചാരണക്കിടെയുള്ള ഇത്തരം മാനഭംഗങ്ങളില്‍ മനംമടുത്താണ് ഈയിടെ വിതുര കേസിലെ പെണ്‍കുട്ടി ഇനി കേസിനില്ല എന്ന നിലപാടുതന്നെയെടുത്തത്. പ്രതികളെ രക്ഷിക്കാന്‍ ഏത് അടവും പയറ്റണമെന്ന് ഇവര്‍ പഠിച്ച നീതി പുസ്തകങ്ങളിലുണ്ടോ? അതോ, അന്തിമമായി നീതി സംരക്ഷിക്കപ്പെടുകയാണോ വേണ്ടത്? സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെപ്പോലൊരു കൊടുംക്രൂരനുവേണ്ടി വന്‍തുക വാങ്ങി കേസ് വാദിക്കാന്‍ പ്രമുഖ അഭിഭാഷകന്‍ എത്തിയതിനുപുറകിലെ വിവാദവും ദുരൂഹതയും ഇനിയും മാറിയിട്ടില്ല. ആരാണ് ഈ അഭിഭാഷക സംഘത്തിന് പണം മുടക്കുന്നത്, അവരുടെ താല്‍പര്യമെന്ത് എന്നൊക്കെയുള്ള കാര്യങ്ങള്‍ ചോദ്യചിഹ്നങ്ങളായി കോടതിയെപോലും അലട്ടുന്നുവെന്നതിന്റെ പ്രത്യക്ഷ സൂചനയാണ്, അഭിഭാഷകരുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശങ്ങള്‍. കോടതി വിധി പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു പൊതുസംവിധാനം റെയില്‍വേയാണ്. ദുരന്തം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും ഇന്ത്യന്‍ റെയില്‍വേ നിലപാട് മാറ്റിയിട്ടില്ല. വനിതകളുടെ കമ്പാര്‍ട്ട്മെന്‍്റ് ഇപ്പോഴും പിന്‍ഭാഗത്തു നിന്നാണ്. ഇത് മധ്യഭാഗത്തേക്ക് മാറ്റാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ല. വനിതാ കമ്പാര്‍ട്ടുമെന്‍്റില്‍ ഒരു വനിതാ കോണ്‍സ്റ്റബിളിനെപോലും സുരക്ഷയ്ക്ക് നിയോഗിക്കാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ല. സൗമ്യ വധത്തിനുശേഷം ഇക്കാര്യങ്ങളെല്ലാം റെയില്‍വേ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. നാലുവര്‍ഷം കഴിഞ്ഞിട്ടും അത് പാലിക്കാനായിട്ടില്ല എന്നത്, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തിന് നാണക്കേടല്ലേ? സൗമ്യക്കുശേഷവും എത്ര പെണ്‍കുട്ടികള്‍ കേരളത്തിലോടുന്ന ട്രെയിനുകളില്‍ അപമാനശ്രമത്തിന് ഇരകളായി. അവര്‍ ക്രൂരമായി കൊല്ലപ്പെടാത്തതുകൊണ്ടുമാത്രമാണ് റെയില്‍വേ ഇതുവരെ രക്ഷപ്പെട്ടുപോന്നത്. സര്‍ക്കാറിനും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സൗമ്യ വധത്തിന്റെ പാശ്ചാത്തലത്തില്‍ കേരളത്തിലെ ആഭ്യന്തരമന്ത്രി ചില പ്രഖ്യാപനങ്ങള്‍ അന്ന് നടത്തിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയാനുള്ള നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനുശേഷം 2012-ലാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചില ഉറപ്പുകള്‍ നല്‍കിയത്. തുടര്‍ച്ചയായി ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കാന്‍ നിയമം ഭേദഗതി ചെയ്യുമെന്നും സ്ത്രീസുരക്ഷക്കുള്ള പുതിയ നിയമത്തിന്റെ കരട് ആയെന്നുമായിരുന്നു അന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍, മനോവൈകല്യമുള്ള സ്ത്രീകള്‍, കുട്ടികള്‍ എന്നിവരോട് ലൈംഗികാതിക്രമം കാണിക്കുന്നവര്‍ക്ക് കഠിനശിക്ഷ നല്‍കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളുടെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുതിയ നിയമത്തില്‍ വകുപ്പുകള്‍ ചേര്‍ക്കും, കേന്ദ്രനിയമമായ ഗാര്‍ഹിക പീഡന നിരോധ നിയമം പൂര്‍ണമായി നടപ്പാക്കും, വിദ്യാലയങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും, ആഴ്ചതോറും പരാതി പരിശോധിച്ച് നിയമനടപടി സ്വീകരിക്കും, സ്ഥാപന മേധാവി, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരാതി പരിശോധിക്കും എന്നൊക്കെയായിരുന്നു ആ ഉറപ്പുകള്‍. സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകാതെ പരാതി നല്‍കാന്‍ ഹെല്‍പ് ലൈനുകള്‍ പുനരാരംഭിക്കുമെന്നും ഇരകളാക്കപ്പെട്ട സ്ത്രീകളെ താല്‍കാലിക വസതികളില്‍ താമസിപ്പിക്കുമെന്നും ഇവരെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിചാരണക്ക് സൗകര്യമൊരുക്കുമെന്നും തീരുമാനമുണ്ടായി. ഇവയെല്ലാം ഇന്ന് ആഭ്യന്തരമന്ത്രിക്കുതന്നെ ഓര്‍മയുണ്ടാകുമോ എന്ന് സംശയമാണ്.
ഇവയില്‍ ഏതു കാര്യമാണ് അദ്ദേഹം നടപ്പാക്കിയത് എന്നത് ഈ സമയത്തെങ്കിലും ഒന്ന് വ്യക്തമാക്കേണ്ടതാണ്. ദല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ വച്ച് ക്രൂരമായി വധിക്കപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതിയിലെ ഫണ്ടില്‍ ചില്ലിക്കാശ് ഇതുവരെയായിട്ടും ചെലവഴിച്ചിട്ടില്ല. ഒരിക്കലും ചെലവഴിക്കപ്പെടാത്ത ആ ഫണ്ടിനു സമാനമായിരിക്കുകയാണ് നമ്മുടെ ആഭ്യന്തരമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങളും. ഗോവിന്ദച്ചാമിമാര്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഇടം നാം ഉള്‍പ്പെട്ട പൊതുസമൂഹം തന്നെയാണെന്ന് ഹൈകോടതി പറയുന്നുണ്ട്. ഭാവനയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ് സൗമ്യ കേസിലുണ്ടായതെന്ന് ഹൈക്കോടതി പരിഹസിക്കുന്നു. പെണ്‍കുട്ടിയെ അപകടത്തില്‍നിന്നു രക്ഷിക്കാന്‍ ശ്രമിക്കാതെ നിര്‍ജീവവും സ്വാര്‍ഥവുമായി പെരുമാറിയ സഹയാത്രികരുടെ തണുപ്പന്‍ നിലപാടാണ് സൗമ്യയുടെ ജീവനെടുത്തതെന്ന് വിധിന്യായത്തില്‍ കുറ്റപ്പെടുത്തുന്നു. ഈ നിലപാട് ക്രൂരമാണ്. പൊതുസമൂഹത്തിന്റെ നിസ്സംഗത ഒരു സാധുവായ പെണ്‍കുട്ടിയുടെ ജീവനെടുത്തു. സൗമ്യയുടെ നിലവിളി സഹയാത്രികര്‍ കേള്‍ക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. സഹയാത്രികര്‍ സഹായിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. നിലവിളി കേട്ട് തൊട്ടടുത്ത കമ്പാര്‍ട്ട്മെന്‍്റിലുണ്ടായിരുന്ന ടോമി ദേവസ്യ എന്ന യാത്രക്കാരന്‍ അപായച്ചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും സഹയാത്രികര്‍ തടഞ്ഞു. സമയത്തിന് വീട്ടിലെത്തണമെന്നു പറഞ്ഞായിരുന്നു മറ്റു യാത്രക്കാര്‍ ഇയാളെ തടഞ്ഞത്. മരിക്കാന്‍ പോകുന്ന ഒരു പെണ്‍കുട്ടിയുടെ പിടച്ചിലിനേക്കാള്‍ വലുതായിരുന്നു ഓരോരുത്തര്‍ക്കും അവരവരുടെ വീടെത്തുക എന്നത്.
സഹജീവികളെ അപകടത്തില്‍നിന്നു രക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ചുമതലയുണ്ടെന്ന് കോടതി ഓര്‍മിപ്പിക്കുന്നു. രക്തദാഹിയും ലൈംഗിക വൈകൃതത്തിന് അടിമയുമായ പ്രതിയെക്കാള്‍ വലിയ തെറ്റാണ് മൂകസാക്ഷികളായ സഹയാത്രികര്‍ ഇവിടെ ചെയ്തത്. സമൂഹത്തിന്‍്റെ ചിന്താഗതിയില്‍ മാറ്റം വേണം. പെണ്‍കുട്ടിയുടെ ആത്മാവ് ഇവര്‍ക്കുമുന്നില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോടുണ്ടാകേണ്ട പ്രാഥമികമായ ഉത്തരവാദിത്തത്തെക്കുറിച്ചാണ് കോടതി ഇവിടെ ഓര്‍മിപ്പിച്ചത്. കണ്‍മുന്നില്‍ സഹജീവി ആക്രമിക്കപ്പെടുമ്പോള്‍ സ്വന്തം കാര്യം നോക്കിയിരുന്നവര്‍, പ്രതിയേക്കാള്‍ ക്രൂരമായ മനസ്സുള്ളവര്‍ തന്നെയാണ്. ഇവര്‍ തന്നെയാണ് പിന്നേറ്റ് ഈ കൊടുംക്രൂരതയെക്കുറിച്ച് കപടമായി സഹതപിക്കാനെത്തുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ച് ഫേസ്ബുക്കിലും മറ്റും പ്രതികരിച്ച് വലിയ നീതിമാന്മാരായി പ്രത്യക്ഷപ്പെടുന്നവരില്‍ പലരും ഇത്തരം ക്രൂരതകള്‍ക്കുമുന്നില്‍ നിശ്ശബ്ദരായി ഇരുന്നവരായിരിക്കാം. കേരളീയ പൊതുസമൂഹത്തിന്റെ ഈ കാപട്യം വിചാരണ ചെയ്യപ്പെടേണ്ടതുതന്നെയാണ്. വിദ്യാഭ്യാസത്തിലും രാഷ്ട്രീയബോധത്തിലും ജീവിതമൂല്യങ്ങളിലും ജീവിതനിലവാരത്തിലും മുന്നിലെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന കേരളീയ സമൂഹം ഇവിടെ പ്രതിക്കൂട്ടിലാകുന്നു, നരാധമന്‍ ആയ ഒരു കൊടുംകുറ്റവാളിക്കൊപ്പം. പൊതുസമൂഹം ആര്‍ജിച്ച ഈ ഗുണങ്ങളെല്ലാം വെറും മുഖംമൂടികള്‍ മാത്രമാണോ? ഓരോ മലയാളിയും സ്വയം വിചാരണ നടത്തേണ്ട സന്ദര്‍ഭം കൂടിയാണിത്. ഇത്തരം സ്വയം വിചാരണകളുടെ നിരവധി സന്ദര്‍ഭങ്ങളാണ് ഹൈകോടതി വിധി തുറന്നിട്ടിരിക്കുന്നത്. അത് ഗോവിന്ദച്ചാമിക്കുമാത്രം ബാധകമായ ഒന്നല്ല. നമുക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി ഗോവിന്ദച്ചാമിമാരെ പുറത്തുകൊണ്ടുവരാനുള്ള ഒരു സ്വയം വിചാരണയിലേക്ക് ഈ പെണ്‍കുട്ടിയുടെ വിലപ്പെട്ട ജീവത്യാഗം നയിക്കട്ടെ.
Comments