You are Here : Home / Aswamedham 360

സരിതയെ വിളിച്ചാല്‍ എന്താണ് കുഴപ്പം?

Text Size  

Story Dated: Tuesday, July 09, 2013 01:01 hrs UTC

ഇടതുവലതു പക്ഷഭേദമില്ലാതെ, പൊതുജന സേവകരുടെ ഉടുതുണി പറിഞ്ഞുവീഴുന്ന ഒരുവാരമാണ് കേരളത്തില്‍ കടന്നുപോയത്. ടെക്‌നോളജി വളര്‍ന്നതും, മീഡിയയുടെ സ്വാധീനവും തിരിച്ചറിയാതെ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കണ്ണടച്ച് പാലുകുടിച്ചു. "വ്യഭിചാരിണി വിലറേിയ ജീവനെ വേട്ടയാടുന്നു'. ചെറു പ്രായത്തില്‍ കേരളത്തില്‍ കണ്ടുകേട്ടതും അശ്‌ളീലവുമായ കഥകള്‍ ഇന്ന് യാഥാര്‍ത്ഥ്യമായി അവിടെ അരങ്ങേറുന്നു. സദാചാരബോധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് അപ്പനും മകനും ഒരേ സ്ത്രീയുടെ അടുക്കല്‍ ചെല്ലുന്നു. "ഭോഷനെ ഉരലിലിട്ട് ഉലക്ക കൊണ്ട് അവില്‍ പോലെ ഇടിച്ചാലും അവന്‍ തന്റെ ഭോഷത്വം വിട്ടുമാറുകയില്ല'.

 

ഒരുകാലത്ത് അവകാശങ്ങള്‍ നേടിയെടുക്കാനായി സമരം ചെയ്ത് ജയിലില്‍ക്കിടന്ന് പീഡനമേറ്റ് പുറത്തു വരുന്ന ജനനേതാക്കളായിരുന്നു, പിന്നീട് മന്ത്രിമാരായി നാടിനെ ഭരിച്ചവര്‍. ഇന്നിപ്പോള്‍ കള്ളപ്പണം കൊണ്ടും, ജാതിയുടെയും മതത്തിന്റെയും പേരില്‍ മന്ത്രിയാകുന്നു. അതു കഴിഞ്ഞാലുടന്‍ അഴിമതിയുടെയും വ്യഭിചാരത്തിന്റെയും പേരില്‍ ഓരോരുത്തനും പ്രതിക്കൂട്ടില്‍. കലികാലവൈഭവം. കപടസദാചാരബോധമുള്ളഒരു പിതാവ്മകനു കൊടുത്ത ഉപദേശം പോലെ ഉമ്മന്‍ചാണ്ടിയും ജോപ്പനെ ഉപദേശിച്ചതാണ്. പിതാവിന്റെ ഉപദേശം ഇങ്ങനെ: "മോനെ നീ പരസ്ത്രീകളുമായി ബന്ധപ്പെടരുത്. പെട്ടാല്‍ നിനക്ക് വല്ല അസുഖവും പിടിക്കും. പീന്നീടത് നിന്റെ ഭാര്യയ്ക്ക് പിടിക്കും. കുറച്ചു കഴിയുമ്പോള്‍ അത് എനിക്ക് പിടിക്കും. പിന്നീടത് നിന്റെ അമ്മയ്ക്ക് പിടിക്കും. അധികം കഴിയാതെ അതു ഈ നാട്ടിലെ ആണുങ്ങള്‍ക്ക് എല്ലാം പിടിക്കും.'

ഈ ഉപദേശം പോലെ മാത്രമാണ് ഇപ്പോഴത്തെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. മുഖ്യമന്ത്രിയും ജോപ്പനോട് പറഞ്ഞു. ഈ ഓഫീസില്‍ അവിഹിതമായതൊന്നും നടക്കരുത്. നടന്നാല്‍ അത് ഭരണത്തെ ബാധിക്കും. പിന്നീടത് എന്നെ ബാധിക്കും. എന്നെ ബാധിച്ചാല്‍ അത് പാര്‍ട്ടിയെ ബാധിക്കും. ഇതാ ഇവിടെ സരിത എന്നൊരു പരസ്ത്രീ. നാടുമുഴുവന്‍ രാഷ്ട്രീയ സിഫിലീസ്. നാറ്റംവമിക്കുന്നു. കേന്ദ്രമന്ത്രി, കേരള മന്ത്രിമാര്‍, ആഭ്യന്തരമന്ത്രി മൊത്തം നാറി. ആഭ്യന്തര മന്ത്രിക്ക് കേന്ദ്ര മന്ത്രിയെ സംരക്ഷിക്കണം. " കോഴിയെ കട്ടവന്റെ തലയില്‍ കോഴിപ്പൂട' അറിയാതെ തിരുവഞ്ചൂര്‍ തലയില്‍ തപ്പിനോക്കി. മീഡിയകള്‍ക്ക് ധാരാളംകിട്ടി. പാര്‍ട്ടിയെ മാത്രമല്ല, മുന്നണിയിലെ വീരന്മാരായ യുവമന്ത്രിമാര്‍ക്കും ഈ ഫോണ്‍വിളി എന്ന പകര്‍ച്ചവ്യാധി പിടി പെട്ടു.

 

 

എങ്ങനെയുണ്ട് കേരളത്തിന്റെ സദാചാരബോധം. ഏതായാലും കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കാനല്ല പാതിരയ്ക്ക്‌ വിളിച്ചതെന്ന് കരുണാകര സുതന്‍ മുരളി. സരിത വിളിക്കാത്തവരും സരിതയെ വിളിക്കാത്തവരും വിരളം ഈ മന്ത്രിസഭയില്‍. സരിതയുടെ ഊര്‍ജതന്ത്രം, മന്ത്രിമാരുടെ രസതന്ത്രം. പരിഹാരം ഒന്നും പറയാനില്ല. പ്രവാസി മലയാളി ഒന്നുതിരിച്ചറിയുക. ജീവിതം ഒരുയാത്രയാണ്. "നാടുവിട്ടലയുന്ന മനുഷ്യനും കൂടുവിട്ടലയുന്ന പക്ഷിയും ഒരുപോലെ'. താന്‍ താന്‍ വസിക്കുന്നിടം ആണ് കര്‍മ്മഭൂമി. അവിടുത്തെ നിയമങ്ങ0ള്‍ അറിഞ്ഞ് ജീവിക്കുക. കേരളം നരകമാണ് . വിവരദോഷികളുടെ നാട്. "സാത്താന്‍ ഓണ്‍ കണ്‍ട്രി.' കേരളത്തിലെ വിവരദോഷികളായ രാഷ്ട്രീയക്കാരെ ഈ അമേരിക്കയിലേക്ക് എഴുന്നള്ളിക്കരുതെയെന്നൊരു അപേക്ഷയും. കേരളരാഷ്ട്രീയം അമേരിക്കന്‍ മലയാളിയുടെ സ്വസ്ഥത നശിപ്പിക്കാതിരിക്കട്ടെ.