അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശബരീനാഥിനെക്കുറിച്ച് അമ്മ ഡോ.എം.ടി.സുലേഖ എഴുതുന്നു
അച്ഛന്റെ ശീലങ്ങളെ പിന്തുടരാന്‍ ശബരീനാഥിന് കുട്ടിക്കാലം മുതലേ താല്‍പ്പര്യമായിരുന്നു. അതുകൊണ്ടുതന്നെയാവണം രാഷ്ട്രീയവും അവന് ഇഷ്ടപ്പെട്ട മേഖലയായത്. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജില്‍ പഠിക്കുന്ന കാലം തൊട്ട് കെ.എസ്.യു പ്രവര്‍ത്തകനാണ്. എന്നാല്‍ സി.ഇ.ടി അന്ന് എസ്.എഫ്.ഐയുടെ കോട്ടയാണ്. മറ്റു വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ല. അവിടെയാണ് ശബരീനാഥിന്റെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടിച്ച് വോയ്‌സ് ഓഫ് സി.ഇ.ടി എന്ന സംഘടനയുണ്ടാക്കിയത്. അടുത്തവര്‍ഷം കോളജ് യൂണിയന്‍ കെ.എസ്.യു പിടിച്ചടക്കുകയും ചെയ്തു. അവനില്‍ ഒരു രാഷ്ട്രീയക്കാരനുണ്ടെന്ന് ജി.കെ.മനസ്സിലാക്കിയ നിമിഷമായിരുന്നു അത്.
മക്കളുടെ കാര്യത്തില്‍ ജി.കെയ്ക്ക് ഒട്ടും ആശങ്കയില്ലായിരുന്നു. നല്ല രീതിയിലാണ് അവരെ വളര്‍ത്തിയത്. ശബരീനാഥിനും അനന്തപത്മനാഭനും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അവര്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ഇടയ്ക്ക് എന്നോടു പറയും.
''നമ്മുടെ മക്കള്‍ എന്നെപ്പോലെയാണ്. അവരൊരിക്കലും അക്രമത്തിന്റെ പാത പിന്തുടരില്ല. അതുകൊണ്ടുതന്നെ അവരെക്കുറിച്ച് മോശമായ വാര്‍ത്തകളും വരില്ല.''
അതുപോലെ തന്നെയായിരുന്നു മക്കളും. അച്ഛനെ വേദനിപ്പിക്കുന്ന ഒരുകാര്യവും ചെയ്യില്ല. കുട്ടിക്കാലത്ത് രണ്ടുമക്കളും അച്ഛന്റെ വിരലില്‍ തൂങ്ങിയാണ് പുറത്തേക്ക് പോകുന്നത്. അദ്ദേഹത്തിന് എപ്പോഴും രാഷ്ട്രീയചിന്ത ആയിരിക്കും. അതിനാല്‍ കുടുംബത്തിലെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണ്. ഒരിക്കല്‍ ജി.കെയും ശബരിയും കൂടി ഒന്നിച്ചുപോകുമ്പോള്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കുശലം ചോദിക്കാന്‍ വന്നു. അക്കൂട്ടത്തില്‍ മോന്‍ എത്രാം €ാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചു. അഞ്ചിലെന്ന് ജി.കെയുടെ മറുപടി. ഉടന്‍ ശബരി അച്ഛന്റെ കാലില്‍ ആരും കാണാതെ ചവിട്ടിയശേഷം മെല്ലെ പറഞ്ഞു-അഞ്ചിലല്ല, ആറില്‍. ജി.കെ. അപ്പോള്‍ത്തന്നെ തിരുത്തുകയും ചെയ്തു. ഇക്കാര്യം പറഞ്ഞ് ഇടയ്ക്കിടെ ഞങ്ങള്‍ ജി.കെയെ കളിയാക്കാറുണ്ട്.
വീഡിയോ കാസെറ്റുകള്‍ കേരളത്തില്‍ പുറത്തിറങ്ങിയ കാലം. അന്ന് ഞങ്ങളുടെ വീട്ടില്‍ ഒരു വി.സി.ആര്‍ ഉണ്ടായിരുന്നു. വെള്ളയമ്പലത്ത് 'ചാനല്‍ ട്വല്‍വ്' എന്നൊരു വീഡിയോ ഷോപ്പില്‍ മാത്രമേ അന്ന് കാസെറ്റുകള്‍ കിട്ടുകയുള്ളൂ. കാസെറ്റ് എടുക്കാന്‍ എനിക്കൊപ്പം ശബരിയും വരും. അവനന്ന് ആറാം €ാസിലാണ് പഠിക്കുന്നത്. അന്ന് ഞാന്‍ മൂന്ന് മലയാളസിനിമയുടെ കാസെറ്റുകള്‍ എടുത്തു. എന്നാല്‍ ശബരി സമ്മതിച്ചില്ല. ഒരെണ്ണം മാത്രം എടുത്താല്‍ മതിയെന്ന് അവന്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് വരേണ്ടല്ലോ.അതിനാല്‍ കുറച്ചധികം എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവന്‍ ദേഷ്യത്തോടെ എന്നെയൊന്ന് നോക്കി.
''കാര്‍ത്തികേയന്റെ ഭാര്യ വന്ന് മൂന്ന് കാസെറ്റുകള്‍ കൊണ്ടുപോയി എന്ന് ആളുകളെക്കൊണ്ട് പറയിക്കണോ?''
എന്നായിരുന്നു അവന്റെ ചോദ്യം. അവന്റെ മൂല്യബോധം മനസ്സിലാക്കിയ നിമിഷമായിരുന്നു അത്. ഇത്തരം സാമൂഹ്യബോധമൊന്നും അവനെ ആരും പഠിപ്പിച്ചതല്ല. അച്ഛനില്‍ നിന്ന് കണ്ടുപഠിച്ചതും സ്വയം ആര്‍ജിച്ചെടുത്തതുമാണ്.
ജി.കെ. സുഖമില്ലാതെ കിടക്കുമ്പോള്‍ രാഹുല്‍ഗാന്ധി വീട്ടില്‍ വന്നിരുന്നു. അന്ന് ശബരീനാഥിന്റെ താല്‍പ്പര്യം ജി.കെ. രാഹുലിനെ അറിയിക്കുകയും ചെയ്തു. ശബരീനാഥിനോട് തന്നെ വന്നു കാണാന്‍ നിര്‍ദ്ദേശിച്ചാണ് രാഹുല്‍ ഞങ്ങളുടെ വീടിന്റെ പടിയിറങ്ങിയത്. പിന്നീട് ജി.കെയുടെ അസുഖം കൂടുതലായപ്പോള്‍ കൂടിക്കാഴ്ചകളൊന്നും നടന്നില്ല. ഇപ്പോള്‍ അവന്‍ അരുവിക്കര മണ്ഡലത്തില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ആയിരിക്കുന്നു. ഇക്കാര്യത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ജി.കെ. തന്നെയായിരിക്കും. തീര്‍ച്ച.
Comments