സിനിമയും ക്രിക്കറ്റും പോലെയല്ല രാഷ്ട്രീയം. മത്സരത്തിനിറങ്ങിയ നമ്മുടെ താരങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത് അടുത്തകാലത്താണ്. രാഷ്ട്രീയപാര്‍ട്ടികള്‍ സീറ്റ് വച്ചുനീട്ടിയപ്പോള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചതാണ്. പക്ഷെ അത് ഇത്രയും വലിയ പുലിവാലായി മാറുമെന്ന് അവര്‍ കരുതിയതേയില്ല.
മൂന്നു സ്ഥാനാര്‍ത്ഥികളും താരങ്ങളായപ്പോള്‍ പത്തനാപുരത്ത് മത്സരം ചൂടുപിടിച്ചിരിക്കുകയാണ്. അതിനു പുറമെയാണ് സൂര്യന്റെ ചൂട്. ഉഷ്ണം തണുപ്പിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭീമന്‍രഘു വില കൂടിയൊരു കൂളിംഗ് ഗ്ലാസ് വാങ്ങിച്ചു. അതുമായാണ് ഇപ്പോള്‍ നടപ്പ്. തൊഴിലാളികള്‍ക്കിടയില്‍ വോട്ടുചോദിക്കുമ്പോള്‍ പോലും താരം ഗ്ലാസ് ഒഴിവാക്കുന്നില്ല. മാത്രമല്ല, രാവിലെ പ്രചാരണത്തിനിറങ്ങുമ്പോള്‍ നാലു ഷര്‍ട്ടുകള്‍ കാറില്‍ കരുതിവയ്ക്കും. ചൂടില്‍ വിയര്‍ത്തുകുളിക്കുമ്പോള്‍ മാറ്റാന്‍ വേണ്ടി. വിയര്‍പ്പുനാറ്റവുമായി ജനങ്ങള്‍ക്കിടയിലേക്ക് ചെന്നാല്‍ വോട്ട് കിട്ടിയില്ലെങ്കിലോ?
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഗണേഷ്‌കുമാറിന് പക്ഷെ ചൂടൊന്നും പ്രശ്‌നമല്ല. പുള്ളിക്കാരന്‍ മത്സരം ഒരുപാടു കണ്ടതാണ്. മണ്ഡലത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ പറഞ്ഞാണ് ഗണേശന്‍ വോട്ടുചോദിക്കുന്നത്. അഡ്വാന്‍സ് വാങ്ങിച്ച വര്‍ക്കുകളെല്ലാം പൂര്‍ത്തിയാക്കിയാണ് യു.ഡി.എഫിലെ ജഗദീഷിന്റെ വോട്ടുപിടുത്തം. ഇത്തവണ പിടിച്ചെടുക്കാന്‍ തന്നെയാണ് മത്സരിക്കുന്നതെന്ന് ജഗദീഷ് വ്യക്തമാക്കിക്കഴിഞ്ഞു. അച്ഛന്‍ മരിച്ച സമയത്ത് പ്രോഗ്രാം ചെയ്യാന്‍ പോയ ആളാണ് ജഗദീഷെന്ന് പറഞ്ഞ് ആക്ഷേപിക്കാന്‍ ഗണേശന്‍ മുതിര്‍ന്നപ്പോള്‍, എന്നെക്കൊണ്ട് അധികം പറയിക്കേണ്ടെന്ന് പറഞ്ഞ് ഗണേശന്റെ വായടപ്പിക്കാന്‍ കഴിഞ്ഞതാണ് ജഗദീഷിന്റെ ആദ്യവിജയം.
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ക്രിക്കറ്റ്താരം ശ്രീശാന്തിപ്പോള്‍ പെട്ടുപോയ അവസ്ഥയിലാണ്. മത്സരിക്കുന്നതിന് മുമ്പുതന്നെ ഒരു സിനിമയില്‍ നായകനാവാന്‍ വാക്ക് കൊടുത്തതാണ്. പെട്ടെന്ന് സീറ്റ് കിട്ടിയപ്പോള്‍ ഇതൊക്കെ മറന്നുപോയി. പ്രചാരണത്തിന്റെ ചൂടിനിടയ്ക്ക് നാലുദിവസം അഭിനയിക്കാന്‍ ശ്രീശാന്ത് സമയം കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിച്ച സുരേഷ് ഗോവിന്ദിന്റെ 'ടീം ഫൈവ്' എന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനായി ജോയിന്‍ ചെയ്തത്. നിക്കി ഗില്‍റാണിയാണ് നായിക. ഷൂട്ടിംഗ് ആരംഭിച്ചതിന്റെ രണ്ടാംദിവസമാണ് കൊല്ലത്തെ വെടിക്കെട്ടപകടം നടന്നത്. രാഷ്ട്രീയത്തിലിറങ്ങിപ്പോയില്ലേ. പോകാതിരിക്കാന്‍ പറ്റുമോ? മാത്രമല്ല, ഡല്‍ഹിയില്‍നിന്ന് സാക്ഷാല്‍ നരേന്ദ്രമോദി വരെ എത്തിയ സ്ഥിതിക്ക് പോയില്ലെങ്കില്‍ മോശമാണ്. ഷൂട്ടിംഗ് നിര്‍ത്തിവച്ച് ശ്രീശാന്ത് നേരെ പരവൂരിലേക്ക്. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്.
ജയിച്ചാലും തോറ്റാലും എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞുകിട്ടണേയെന്നാണ് ഇവരുടെയൊക്കെ പ്രാര്‍ത്ഥന.
Comments