You are Here : Home / Aswamedham 360

ഇവിടെയുള്ള യു.ഡി.എഫുകാര്‍ക്കെല്ലാവര്‍ക്കും ഗണേഷിനോട് ഒരുതരം പകയുണ്ട്: ജഗദീഷ്

Text Size  

Story Dated: Friday, May 13, 2016 07:18 hrs UTC

പി.വി.ജഗദീഷ്‌കുമാറിന്റെ യാത്ര പഴയ മഹീന്ദ്ര ജീപ്പിലാണ്. സ്വന്തം ഇന്നോവ എ.സി.കാറുണ്ടെങ്കിലും തല്‍ക്കാലം അതു വേണ്ടെന്നാണ് ജഗദീഷിന്റെ പക്ഷം.
''ജീപ്പില്‍ പോകുമ്പോഴാണ് സൗകര്യം. റോഡരികിലൂടെ നടന്നുപോകുന്നവരെയും കടത്തിണ്ണയിലിരിക്കുന്നവരെയും കണ്ടാല്‍ ചാടിയിറങ്ങി വോട്ടുചോദിക്കാം. ചൂടൊന്നും പ്രശ്‌നമല്ല. ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയാലും കാരവനില്‍ കയറി വിശ്രമിക്കുന്ന ആളല്ല ഞാന്‍. അതുകൊണ്ടുതന്നെ ഈ വെയില്‍ എന്നെ തളര്‍ത്തില്ല.''
തിരുവനന്തപുരം കാലടിയിലാണ് ജഗദീഷിന്റെ വീടെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ പത്തനാപുരത്തിനടുത്ത് ഒരു വീട് വാടകയ്‌ക്കെടുത്തു. താമസം അവിടേക്ക് മാറ്റി.


''എപ്പോഴും പുലര്‍ച്ചെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കും. ആറരയാവുമ്പോഴേക്കും പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങും. ഏഴുമണിക്ക് അവര്‍ക്കൊപ്പം ഇറങ്ങും. ഭക്ഷണമൊക്കെ കഴിക്കുന്നത് പ്രവര്‍ത്തകരുടെ വീട്ടില്‍നിന്നാണ്. വൈകിട്ട് മിക്കപ്പോഴും പൊതുയോഗമോ കുടുംബയോഗമോ ഉണ്ടാവും. അതുകഴിയുമ്പോഴേക്കും പതിനൊന്നു മണിയാവും. വീട്ടിലെത്തുമ്പോള്‍ പന്ത്രണ്ടുമണി. ഈ പുതിയ ശീലവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു.''


രാഷ്ട്രീയക്കാരന്റെ പുതിയ കുപ്പായത്തിനിടയിലും ജഗദീഷ് ഹാപ്പിയാണ്. ഒപ്പം സീരിയസും.

ജഗദീഷിന്റെ മുഖം കണ്ടാലറിയാം, വിജയപ്രതീക്ഷ ഏറെയുണ്ടെന്ന്?


സംശയമെന്താ? പത്തനാപുരം യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ്. ഇവിടെയുള്ള യു.ഡി.എഫുകാര്‍ക്കെല്ലാവര്‍ക്കും ഗണേഷിനോട് ഒരുതരം പകയുണ്ട്. മന്ത്രിസ്ഥാനം പോയതിന്റെ പേരില്‍ മുന്നണി വിട്ട് തങ്ങളെ ചതിച്ചയാളാണ് ഗണേഷെന്നാണ് അവര്‍ പറയുന്നത്. വികസനത്തിന്റെ കാര്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന മണ്ഡലമാണിത്. ഇവിടുത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. കശുവണ്ടി ഫാക്ടറികള്‍ പൂട്ടിയതോടെ തൊഴിലാളികള്‍ പട്ടിണിയിലായി. ജയിച്ചുപോയതില്‍പിന്നെ ഗണേഷ്‌കുമാര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. നല്ല എഫര്‍ട്ട് എടുത്താല്‍ ഈ മണ്ഡലത്തെ നന്നാക്കിയെടുക്കാന്‍ കഴിയും.

കോണ്‍ഗ്രസിലെ ഷാഹിദ കമാല്‍ മത്സരിക്കുന്നത് ജഗദീഷിന് ഭീഷണിയല്ലേ?


ഷാഹിദ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷുമായി ബന്ധപ്പെട്ടിരുന്നു. അവരിപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ എന്നെയത് ബാധിക്കില്ല.

അടുത്ത സുഹൃത്തായ ഗണേഷുമായി കൊമ്പുകോര്‍ക്കുമ്പോള്‍?


ഞങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമൊന്നുമില്ല. ഇടയ്ക്കിടെ ഫോണ്‍ ചെയ്യാറുമില്ല. ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ചു കണ്ടാല്‍ ഹായ്-ഹലോ ബന്ധം മാത്രം. ഞാന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്ന് പത്രക്കാര്‍ എഴുതിയ സമയത്ത് ഗണേശനെ വിളിച്ചിരുന്നു. പക്ഷെ ഫോണെടുത്തില്ല. പിന്നീട് ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടേയില്ല. കൊല്ലം പ്രസ് ക്ലബില്‍ എന്നെയും മുകേഷിനെയും ഗണേഷിനെയും ഉള്‍പ്പെടുത്തി പ്രസ്മീറ്റ് സംഘടിപ്പിച്ചെങ്കിലും ഗണേഷ് വന്നില്ല. മാതൃഭൂമി ടി.വി പത്തനാപുരത്തെ മൂന്നു സ്ഥാനാര്‍ഥികളെയും വിളിച്ചു. അവിടെയും ഗണേഷ് വന്നില്ല.

ഗണേഷിന് വേണ്ടി സീരിയല്‍ താരങ്ങള്‍ വോട്ടുചോദിക്കാന്‍ വരുമെന്ന് കേള്‍ക്കുന്നുണ്ട്?


വരട്ടെ. അതിലൊന്നും എനിക്ക് പേടിയില്ല. പത്തനാപുരത്തിനടുത്ത നിലമേല്‍ കോളജിലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോളജിലും ഞാന്‍ അധ്യാപകനായിരുന്നിട്ടുണ്ട്. അന്ന് ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്ന് മുതിര്‍ന്നവരാണ്. അവര്‍ എനിക്കുവേണ്ടി വോട്ടുപിടിക്കാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ഓരോ വീടുകളിലും സ്‌ക്വാഡായി കയറി അവര്‍ വോട്ടുചോദിക്കും. സീരിയല്‍ താരങ്ങളെ എന്റെ വിദ്യാര്‍ഥികളെ വച്ച് പ്രതിരോധിക്കാനാണ് തീരുമാനം.

മൂന്നുപേരും താരങ്ങളായതിനാല്‍ മറ്റുതാരങ്ങള്‍ക്ക് പത്തനാപുരത്ത് വരാന്‍ പ്രയാസമുണ്ടാകും. അല്ലേ?


അത് സത്യമാണ്. മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഇന്നസെന്റേട്ടന്‍ എന്നെ വിളിച്ചുപറഞ്ഞു-ജയിച്ചാലും തോറ്റാലും അമ്മയുടെ ഒരു മെമ്പര്‍ എം.എല്‍.എയാവും. ഇതില്‍പരം സന്തോഷം മറ്റെന്തുണ്ട്? ശ്രീനിവാസന്‍ പറഞ്ഞത്, നീ ജയിച്ചാല്‍ കേരളത്തിന് രണ്ട് എം.എല്‍.എമാരെ കിട്ടും എന്നാണ്. നീ എം.എല്‍.എയും ഗണേശന്‍ എക്‌സ് എം.എല്‍.എയും.

സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയിച്ച താരത്തെ നേരിട്ടുകാണുമ്പോള്‍ നാട്ടുകാര്‍ എന്തുപറയുന്നു?


അവര്‍ക്ക് അദ്ഭുതവും സന്തോഷവുമാണ്. ഒരുപാടു പ്രശ്‌നങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്നവരായിട്ടും എന്നെ കാണുമ്പോള്‍ അതൊക്കെ മറച്ചുവെച്ചാണ് മിക്കവരും സംസാരിക്കുന്നത്. നേരില്‍ കാണാന്‍ കഴിഞ്ഞല്ലോ. അതുമതിയെന്നാണ് പലരും പറഞ്ഞത്. വേദന ഉള്ളിലൊതുക്കിയാണ് പലരും സംസാരിച്ചത്. അവര്‍ അങ്ങനെ പറയുമ്പോള്‍ എന്നിലുള്ള ഉത്തരവാദിത്വം വര്‍ധിക്കുകയാണ്.

എവിടെച്ചെന്നാലും സെല്‍ഫിയാണല്ലോ. നിന്നുകൊടുത്ത് മടുത്തോ?

ഒരിക്കലുമില്ല. കാലഘട്ടത്തിന്റെ ആവശ്യമാണ് സെല്‍ഫി. പണ്ടൊക്കെ ഓട്ടോഗ്രാഫായിരുന്നു. നമ്മളോടുള്ള ആരാധന കൊണ്ടാണല്ലോ അവര്‍ സെല്‍ഫിയെടുക്കാന്‍ വരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലുള്ളപ്പോള്‍വരെ ഞാന്‍ ക്ഷമയോടെ സെല്‍ഫിക്ക് നിന്നുകൊടുക്കാറുണ്ട്. സെല്‍ഫി എന്നത് ജനങ്ങളുടെ അവകാശമാണ്. അത് അംഗീകരിച്ചേപറ്റൂ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.