പത്രധര്‍മ്മത്തെക്കുറിച്ചും, പത്രപ്രവര്‍ത്തകരെക്കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. യഥാര്‍ത്ഥ പത്രധര്‍മ്മവും, പത്രപ്രവര്‍ത്തകരും എങ്ങനെ ഉള്ളവരായിരിക്കണം എന്ന വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ട് പോകുന്ന ശോചനീയമായ അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍കുന്നത്. ഇതില്‍ നിന്ന് ഒരു തിരിച്ചുവരവ് അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെക്കുറിച്ചും, പത്രപ്രവര്‍ത്തകരെക്കുറിച്ചും പൊതുജന മദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ഇത് അനിവാര്യവുമാണ്. വാര്‍ത്താ മാധ്യമങ്ങള്‍ ഒരു സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ്. സമൂഹത്തിന്റെ എല്ലാതലങ്ങളിലും ഒരു മാറാവ്യാധി പോലെ ദൃശ്യമായികൊണ്ടിരിക്കുന്ന മൂല്യച്യുതികളിലേക്ക് വെളിച്ചം വീശി അവയെ നേര്‍വഴിക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്.
പത്രധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥം പോലും ഇന്ന് ഒരു ചോദ്യ ചിഹ്നമായി മാറിക്കൊണ്ടിരിക്കുന്നു. പത്രധര്‍മ്മം പാലിക്കുന്നവനായിരിക്കും യധാര്‍ത്ഥ പത്ര പ്രവര്‍ത്തകന്‍ എന്നായിരുന്നു ഇതുവരേയുള്ള അറിവ്. എന്നാല്‍ ഇതില്‍ നിന്നും വ്യതിചലിച്ച് തരംതാണ നിലയില്‍ ഇന്ന് നമ്മുടെ പത്ര സംസ്കാരം എത്തി നില്‍ക്കുന്നു. പ്രാരംഭ കാലഘട്ടത്തില്‍ നാടിന്റെ സ്പന്ദനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പത്ര ധര്‍മ്മം എന്നു വിശ്വസിക്കുകയും അതിനനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിച്ച് സത്യസന്ധതയുടെ ഒരു തരിമ്പു പോലും ഇല്ലാതെ പൊടിപ്പും തൊങ്ങലും വച്ച് തന്മയത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് വാര്‍ത്താ മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുകയാണ്. പത്രധര്‍മ്മവും, പത്രപ്രവര്‍ത്തകരും ഇന്ന് വാണിജ്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. പണവും സ്വാധീനവും ഉള്ളവന് എന്തും എഴുതി പിടിപ്പിക്കാവുന്ന വെറും കടലാസുകഷ്ണങ്ങളായി പത്രങ്ങള്‍ അധഃപതിച്ചിരിക്കുന്നു. സമൂഹത്തെ ബോധവത്കരിക്കുന്നതിനും, ഉദ്ധരിക്കുന്നതിനും വേണ്ടി ചില പത്രപ്രവര്‍ത്തകരെങ്കിലും തയ്യാറാക്കുന്ന വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാതെ അവ ഉള്‍പേജുകളില്‍ വലിയപ്പെടുമ്പോള്‍ സ്ത്രീപീഠനവും, കൊലപാതകവും,അക്രമ രാഷ്ട്രീയവും, ഗുണ്ടായിസവും ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ പത്രത്തിന്റെ മുന്‍ പേജുകളില്‍ സ്ഥാനം പിടിക്കുന്നു. ആസ്വാദ്യതയോടേ ഇത്തരം വാര്‍ത്തകള്‍ വായിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വായനക്കാരാണോ അതോ വാണിജ്യവത്കരണത്തിന്റെ പേരില്‍ സാധാരണ ജനങ്ങളെ വിഢികളാക്കുന്ന പത്രപ്രവൃത്തകരാണോ ഇതിനുത്തരവാദികള്‍ ?
പത്ര ധര്‍മ്മം പാടേ ഉപേക്ഷിച്ച് മനുഷ്യമനസ്സുകളിലെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്യുന്ന പൊടിപ്പും തൊങ്ങലും വച്ച വാര്‍ത്തകള്‍ കുത്തി നിറക്കുന്ന മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും പത്ര സംസ്ക്കാരത്തിന്റെ അന്തകരാണെന്നു വിശേഷിപ്പിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. സത്യസന്ധമായ വാര്‍ത്തകള്‍ പച്ചയായി എഴുതിയാല്‍ കിട്ടുന്ന വായനക്കാര്‍ വളരെ വിരളമാണെങ്കില്‍ പോലും അതിനൊരു അന്തസും, അഭിമാനവും ഉണ്ടെന്നതില്‍ തര്‍ക്കമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ അമിതമായ സ്വാധീനം പത്രധര്‍മ്മത്തെയും പത്രപ്രവൃത്തകരെയും തെറ്റായ ദിശയിലേക്ക് നയിക്കുന്നു എന്നു പറയുന്നതില്‍ അതിശയോക്തി ഇല്ല. പൊതു ജനങ്ങളില്‍ പ്രചാരം ലഭിച്ച പല പത്രങ്ങളും ഇന്ന് ഒരോ രാഷ്ട്രീയ കക്ഷികളുടെയും അധീനതയിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങളും, ജനവിരുദ്ധ പ്രവൃത്തനങ്ങളും, അഴിമതിയും മറച്ചു വക്കുന്നതിനും മറ്റൊരു തരത്തില്‍ വെള്ള പൂശി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള മറയായി മാധ്യമങ്ങളെ മാറ്റിയിരിക്കുന്നു. സാധാരണക്കാരുടെ ദുരിതങ്ങളും ദുഃഖങ്ങളും അധികാരങ്ങളില്‍ ഉള്ളവര്‍ക്ക് എത്തിച്ച് കൊടുത്തു പരിഹാരം നേടികൊടുക്കേണ്ട മാധ്യമങ്ങള്‍ കൃത്യനിര്‍വഹണത്തില്‍ നിന്ന് തീര്‍ത്തും വ്യതിചലിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അധഃപതിച്ചിരിക്കുന്നത് പത്ര ധര്‍മ്മത്തെ പ്രാണ വായു നല്‍കാതെ ഹിംസിക്കുന്നതിന് തുല്യമാണ്. പത്രധര്‍മ്മത്തെയും മാധ്യമപ്രവര്‍ത്തകരെയും ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുന്നതിന് വായനക്കാരനും വിലപ്പെട്ട പങ്ക് വഹിക്കുവാനുണ്ട്. നിലവാരം കുറഞ്ഞ വാര്‍ത്തകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ വായിക്കുന്നതില്‍ നിന്നും വായനക്കാര്‍ മാറിനില്‍ക്കണം.
ഇപ്രകാരം വായനക്കാരില്‍ നുരഞ്ഞു പൊന്തുന്ന അസംതൃപ്തി ഒരുപക്ഷേ മാധ്യമങ്ങളെ പുനര്‍ചിന്ത നടത്തുന്നതിലേക്ക് നയിക്കാം. പ്രാരംഭ കാലഘട്ടത്തില്‍ ജനഹൃദയങ്ങളില്‍ സ്ഥായിയായ സ്ഥാനവും സല്‍പ്പേരും നേടിയെടുക്കുന്നതിന് മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംസ്ക്കാരത്തിന്റെ പൈതൃകം ഭാവി തലമുറകളിലേക്ക് പകര്‍ന്ന് നല്‍കേണ്ട ഉത്തരവാദിത്വം ഒരു വെല്ലുവിളിയായി സ്വീകരിക്കുവാന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും മുന്നോട്ടു വരേണ്ടിയിരിക്കുന്നു. മാധ്യമ ധര്‍മ്മവും, മാധ്യമ പ്രവര്‍ത്തകരും ഒരു നാണയത്തിന്റെ ഇരു വശമാണെന്ന് ബോധ്യം വരുമ്പോളാണ് പത്രസംസ്കാരത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൂല്യം വീണ്ടെടുക്കുവാന്‍ സാധിക്കുക. ആര്‍ഷഭാരതം കെട്ടിപ്പടുത്ത പത്ര സംസ്കാരം തീക്കൂനയിലേക്ക് വലിച്ചെറിയുന്നതിനു മുന്‍പ് മാറോടണച്ചു സംരക്ഷിക്കുവാന്‍ ഒറ്റക്കെട്ടായി മുന്നേറാം
Comments