You are Here : Home / Aswamedham 360

'ആ കുട്ടികള്‍ ദൈവത്തിന്റെ മടിയില്‍ ഇരിക്കുന്നു'

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, November 09, 2017 11:56 hrs UTC

സതര്‍ലാന്‍ഡ്സ്പ്രിംഗ്സ്, ടെക്സസ്: ചിത്തഭ്രമം പിടിപ്പെട്ട ഘാതകന്റെ വെടിയുണ്ടകളേറ്റ് മരിച്ച 26 പേരുടെ സംസ്‌കാര ചടങ്ങുകള്‍ ഫസ്റ്റ് ബാപ്ടിസ്റ്റ് ചര്‍ച്ചില്‍ നടന്നു. ആ 26 പേരും ദൈവത്തിന്റെ പൂന്തോട്ടത്തിലാണെന്ന് പാസ്റ്റര്‍ ക്രിസ്‌കിര്‍ക്ക്ഹാം പറഞ്ഞു 'കുട്ടികള്‍ ദൈവത്തിന്റെ മടിയില്‍ ഇരിക്കുന്നു. മുതിര്‍ന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണുന്നു' അദ്ദേഹം തുടര്‍ന്നു. ദക്ഷിണ ടെക്സസിലെ സാന്‍ അന്റോണിയോ നഗരത്തില്‍ നിന്ന് 21 മൈല്‍ കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് സതര്‍ലാന്‍ഡ് സ്പ്രിംഗ്സ്. ജനസംഖ്യ 643. ഇതില്‍ നിന്ന് ഘാതകന്‍ നഷ്ടപ്പെടുത്തിയത് 26 ജീവനുകള്‍. മരിച്ച ഒരു സ്ത്രീ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലപ്പെട്ടവരില്‍ പോലീസ് ഉള്‍പ്പെടുത്തി. പട്ടണത്തിലെ നാല്‍കവലയില്‍ വാഹനങ്ങള്‍ നിറുത്തി ഓടിച്ചുപോകാന്‍ സ്റ്റോപ്പ് സൈന്‍ ഇല്ല. സൂക്ഷിച്ചുപോകാന്‍ മിന്നുന്ന ട്രാഫിക് ലൈറ്റുകള്‍ മാത്രമേയുള്ളു. വലിയ ബഹളങ്ങളില്ലാത്ത ഒരു ഉറക്കം തുടങ്ങി പട്ടണം.

 

 

ആകെ ഉണരുന്നത് സമീപത്തെ ലാവെര്‍ണിയ ഹൈസ്‌കൂള്‍ ബെയേഴ്സ് വെള്ളിയാഴ്ചകളില്‍ (അമേരിക്കന്‍) ഫുട്ബോള്‍ കളിക്കുമ്പോഴാണ്. ഡെവിന്‍ കെല്ലി നടത്തിയ കൂട്ടക്കുരുതിക്ക് ശേഷമാണ് പട്ടണം ഞെട്ടി ഉണര്‍ന്നത്. ഇപ്പോള്‍ എപ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടമുണ്ട്. സംസ്‌കാരം നടക്കുമ്പോള്‍ ഒ ബി വാനുകളും ക്യാമറാമാന്‍മാരും, റിപ്പോര്‍ട്ടര്‍മാരും സതര്‍ലാന്‍ഡ് സ്പ്രിംഗ്സ് ആദ്യമായി കാണുന്ന കാഴ്ചയാണ്. വളരെ അടുത്ത ബന്ധമുള്ള സമൂഹം. ആളുകള്‍ക്ക് അന്യോന്യം അറിയാം. ആവശ്യം വരുമ്പോള്‍ സഹായിക്കുവാന്‍ ആളുണ്ടാവും. സമീപ പട്ടണമായ ലാവെര്‍ണിയയില്‍ ബാള്‍ഡീസ് ഡൈനര്‍ എന്ന റെസ്റ്റോറന്റിന്റെ ഉടമ തന്റെ അനുഭവം പറഞ്ഞു. എന്റെ വാഹനം ഒരു മാനിനെ ഇടിച്ചപ്പോള്‍ സമീപത്ത് കൂടിവന്നിരുന്ന 5 വാഹനങ്ങള്‍ നിറുത്തി. അവയില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിവന്ന് എന്നെ സഹായിച്ചു. എമര്‍ജന്‍സി സര്‍വീസസിനെ വിളിക്കുകയും ചെയ്തു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും വരുന്നതും നടന്ന് തന്നെ ആയിരുന്നു. ഇപ്പോള്‍ രക്ഷിതാക്കള്‍ അവരെ വാഹനങ്ങളില്‍ മാത്രം സഞ്ചരിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. സ്‌കൂളിന് മുന്നില്‍ കുട്ടികളെ വിളിച്ചുകൊണ്ട് പോകുവാനുള്ള വാഹനങ്ങളുടെ നീണ്ട നിര കാണാം. റോണ്‍റിക്ക്എവേ ജൂനിയര്‍ (48) തന്റെ കാറില്‍ എപ്പോഴും ഒരു പിസ്റ്റള്‍ സൂക്ഷിക്കുന്നു.

 

 

വന്യകരടിയെയും ചെന്നായേയും നേരിടാനായിരുന്നു ഇതുവരെ. ഇപ്പോള്‍ മനുഷ്യനെ നേരിടാനും കൂടി വേണ്ടിയാണെന്ന് അയാള്‍ പറയുന്നു. സംസ്‌കാര ചടങ്ങുകളില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ തോളില്‍ കൈ വച്ച് അവരെ ആശ്വസിപ്പിക്കുവാന്‍ കിര്‍ക്ക്ഹാം പറഞ്ഞു. പള്ളിയില്‍ കൂടിയിരുന്നവര്‍ ഇങ്ങനെ ചെയ്തു. അടക്കിപ്പിടിച്ച പ്രാര്‍ത്ഥനകളും വിങ്ങിപ്പൊട്ടലുകളും ഹാളില്‍ നിറഞ്ഞു. അക്രമി എന്തുകൊണ്ട് കൂട്ടക്കൊല ചെയ്തു എന്ന് വ്യക്തമായിട്ടില്ല. അയാളുടെ ഫോണിലെ സുരക്ഷ ഭേദിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അയാള്‍ ഈ പള്ളിയിലെ അംഗമല്ല. ഭാര്യയുടെ മാതാപിതാക്കള്‍ക്ക് അംഗത്വമുണ്ട്. പക്ഷെ അവര്‍ പള്ളിയില്‍ വരാറില്ല. ഇക്കഴിഞ്ഞ ഹാലോവീനില്‍ പള്ളിയില്‍ നടന്ന പരിപാടിയില്‍ കെല്ലി പങ്കെടുത്തു. 2012ല്‍ ഭാര്യയെയും അവരുടെ മുന്‍ഭര്‍ത്താവിലെ മകനെയും ആക്രമിച്ചതിന് കെല്ലിയെ അറസ്റ്റ് ചെയ്തിരുന്നു. അതിന് മുന്‍പ് ഹോളോമാന്‍ എയര്‍ഫോഴ്സ് ബെയ്സിലേയ്ക്ക് വെടിക്കോപ്പുകള്‍ കടത്താന്‍ ശ്രമിച്ചതിന് മറ്റുള്ളവരെയും തന്നെത്തന്നെയും ആക്രമിക്കുവാനുള്ള കെല്ലിയുടെ മാനസികനില പരിഗണിച്ച് പീക്ക് ബിഹേവിയറല്‍ ഹെല്‍ത്ത് സര്‍വീസസില്‍ അയച്ചു.

 

 

 

 

അവിടെ നിന്ന് അയാള്‍ രക്ഷപ്പെട്ടെങ്കിലും പിടിക്കപ്പെടുകയും വീണ്ടും മാനസിക ചികിത്സാലയത്തില്‍ എത്തിക്കുകയും ചെയ്തു. കെല്ലിയുടെ പൂര്‍വ്വ ചരിത്രവും കോര്‍ട്ട്മാര്‍ഷല്‍ വിധിയും എഫ്ബിഐയ്ക്ക് അയക്കാതിരുന്നത് എന്താണെന്ന് എയര്‍ഫോഴ്സ് അന്വേഷിക്കുകയാണ്. ഉദരത്തിലുണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 18 മാസം മുതല്‍ 72 വയസുവരെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 20 പേര്‍ ചികിത്സയിലാണ്. കൂട്ടക്കുരുതി നടത്തി ഓടി രക്ഷപ്പെടുന്നതിനിടയില്‍ കെല്ലി ഒരു കുഴിയില്‍ വീണു. ഇതിനകം വെടിയേറ്റിരുന്ന അയാള്‍ മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.