You are Here : Home / Aswamedham 360

അജിത് പൈയുടെ പദ്ധതിക്ക് സമ്മിശ്ര പ്രതികരണം

Text Size  

Story Dated: Thursday, November 23, 2017 11:44 hrs UTC

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ അജീത്‌പൈ 2001 മുതല്‍ രണ്ടു വര്‍ഷം ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി വെറൈസണിന്റെ അസോസിയേറ്റ് ജനറല്‍ കൗണ്‍സല്‍ ആയിരുന്നു. 2017 ജനുവരിയില്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ ചെയര്‍മാനായി പൈയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് നിയമിച്ചു. 2015 ല്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരുന്ന എഫ്‌സിസിയോട് ആവശ്യപ്പെട്ടതനുസരിച്ച് ചെയര്‍മാന്‍ ടോം വീലര്‍ തന്റെ കയ്യൊപ്പ് പദ്ധതിയായി നെറ്റ് ന്യൂട്രാലിറ്റി നയം സ്വീകരിച്ച് നടപ്പിലാക്കി. ഇതനുസരിച്ച് ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളെയും ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസുകളെയും നിയന്ത്രിക്കുവാന്‍ അധികാരം ഉണ്ടായി. ഈ നയം മാറ്റുമെന്ന് ട്രമ്പും റിപ്പബ്ലിക്കന്‍ നേതാക്കളും പറഞ്ഞിരുന്നു.

ഇപ്പോള്‍ പൈയുടെ കൈയ്യൊപ്പ് പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന പുതിയ നയം നടപ്പിലാവുകയാണ്. എഫ്‌സിസിയുടെ പുതിയ നയത്തില്‍ ഹൈസ്പീഡ് ഇന്റര്‍ നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കോം കാസ്റ്റ് വെറൈസണ്‍, എടി ആന്റ് ടി എന്നീ വ്യവസായ ഭീമന്മാര്‍ക്ക് വെബിലെ ഉള്ളടക്കം നിയന്ത്രിക്കുവാനും ഇവ വേഗത്തില്‍ എത്തിക്കുവാന്‍ ലേലത്തില്‍ വില്‍ക്കുവാനും കഴിയും. ഒരു ഉപഭോക്താവ് കമ്പ്യൂട്ടറില്‍ മിന്നിമറയുന്ന പരസ്യങ്ങള്‍ ലേലത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ വാങ്ങിയിരുന്ന പതിവ് വളരെ വര്‍ഷങ്ങളായി നിലവില്‍ ഉണ്ടായിരുന്നു. ഒബാമ സ്വീകരിച്ച നയം വന്‍കിട, ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരുപോലെ പ്രയോജനകരമായിരിക്കും എന്നാണ് കരുതിയിരുന്നത്. ഫലത്തില്‍ ഇങ്ങനെ സംഭവിച്ചില്ല. തന്റെ നിര്‍ദേശത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഇന്റര്‍നെറ്റ് മൈക്രോമാനേജ് ചെയ്യുന്നത് അവസാനിക്കുമെന്ന് പൈ പറഞ്ഞു.

 

ഡിസംബര്‍ 14ന് നടക്കുന്ന എഫ്‌സിസിയുടെ യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചേക്കും. പൈയുടെ പദ്ധതിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. യാഥാസ്ഥിതികരും, കേബിള്‍, ബ്രോഡ്ബാന്റ്, വയര്‍ലെസ് കമ്പനികളും ദേശം സ്വാഗതം ചെയ്തു. ഈ കമ്പനികളാണ് അമേരിക്കന്‍ ഭവനങ്ങളിലും സ്മാര്‍ട്ട് ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്. ഇത് പൈയുടെ ചെയര്‍മാന്‍ഷിപ്പിന്റെ കയ്യൊപ്പ് നേട്ടമായി കണക്കാക്കാം. ഒബാമ എഫ്‌സിസിയും ചെയര്‍മാന്‍ പൈയും തമ്മില്‍ വളരെ വലിയ വ്യത്യാസം ഇത് പ്രഖ്യാപിക്കുന്നു, യാഥാസ്ഥിതിക സ്ഥാപനം ടെക്‌നോളഡ്ജിന്റെ ഡയറക്ടര്‍ ഫ്രെഡ് കാംപ്‌ബെല്‍ പറഞ്ഞു. വെറൈസണ്‍ ഒരു പ്രസ്താവനയില്‍ ചെയര്‍മാന്‍ പൈയുടെ പ്രഖ്യാപനം തങ്ങള്‍ക്ക് വലിയ പ്രേരണ നല്‍കുന്നുവെന്നും അടുത്ത മാസത്തെ എഫ്‌സിസിയോഗം ഇന്റര്‍നെറ്റ് സര്‍വീസസിന് ലളിതമായ നിയന്ത്രണം തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. എന്നാല്‍ വിമര്‍ശകരുമുണ്ട്.

 

ഫ്രീപ്രസ് ആക്ഷന്‍ ഫണ്ടും ചില ഉപഭോക്തൃ സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം വെറൈസണ്‍ സ്റ്റോറുകള്‍ക്ക് മുന്നിലായിരിക്കും. പൈ വെറൈസണെ സഹായിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. കുത്തക കമ്പനികളെ മാത്രം സഹായിക്കുവാനാണ് ഈ തീരുമാനമെന്നും ഇതൊരു ദുരന്തമാണെന്നും മുന്‍ ചെയര്‍മാന്‍ വീലര്‍ പ്രതികരിച്ചു. ഇതിനിടയില്‍ ചില സാങ്കേതിക വ്യവസായ ഭീമന്മാര്‍ എഫ് സിസിയുടെ പദ്ധതിക്കെതിരെ ശക്തമായ ലോബിയിംഗ് നടത്തുകയാണ്. സിലികോണ്‍ വാലി അതികായകന്മാരും ടെലി കമ്മ്യൂണിക്കേഷന്‍സ് വ്യവസായത്തിലെ സംഘടിതരും തമ്മിലുള്ള ചേരിപ്പോരായി ഇത് മാറിക്കഴിഞ്ഞു. ഇരുവശത്തും തുല്യശക്തരായ വ്യവസായ അതികായന്മാരാണ് ഉള്ളത്. പൈയുടെ പദ്ധതി ഇന്റര്‍നെറ്റ് സര്‍വീസസ് പ്രൊവൈഡര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.