You are Here : Home / Aswamedham 360

നിറക്കൂട്ട് നൽകിയ നിയോഗം

Text Size  

Varghese Korason

vkorason@yahoo.com

Story Dated: Wednesday, December 20, 2017 12:41 hrs UTC

'വാൽക്കണ്ണാടി - കോരസൺ

നിലക്കാതെയുള്ള കൂവലുകളാണ് യോഗം തുങ്ങിയപ്പോൾ മുതൽ, പലരും കസേരകളിൽ നിന്ന് ഉറച്ചു സംസാരിക്കാൻ തുടങ്ങി. എങ്ങനെയും യോഗം കലക്കുക എന്നതാണ് ഉദ്ദേശം. 1978 ലെ കോളേജ് യൂണിയൻ ഉത്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അന്നത്തെ കേരള മുഖ്യ മന്ത്രി ശ്രീ. പി . കെ . വാസുദേവൻ നായർ. കോളേജിന്റ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കോളേജ് യൂണിയൻ ഇടതു മുന്നണി പിടിച്ചെടുത്തത്. അതിനോട് ക്രിയാത്‌മകമായി പ്രതികരിക്കുക ആയിരുന്നു ഉത്തരവാദിത്തം ഉള്ള പ്രതിപക്ഷം എന്ന നിലയിൽ കെ. സ്.യൂ . ഇടതുപക്ഷ സ്ഥാനാർഥി ആയിരുന്നില്ലെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ കോളേജ് യൂണിയൻ ഉൽഘാടന ചടങ്ങുകൾക്കായി ഈയുള്ളവനും വേദിയിൽ ഇരിക്കേണ്ടി വന്നു. അല്ലെങ്കിൽ പുറത്തു ക്രിയാത്മകമായി തന്നെ പ്രതികരിക്കാൻ വിധിക്കപ്പെട്ടേനെ. അത്യുച്ചത്തിലുള്ള ബഹള-കോലാഹലങ്ങൾ നടക്കവേ, അക്ഷോഭ്യനായി ശ്രീ. പി .കെ .വി പ്രസംഗിക്കാനായി എഴുനേറ്റു. നേരിയ ശബ്‍ദത്തോടെയും, ചെറു പുഞ്ചിരിയോടെയും അദ്ദേഹം കുട്ടികളെ അഭിസംബോധന ചെയ്തു .

 

'എത്ര സുന്ദരമായ ഈ ആഘോഷം, നിങ്ങളോടൊപ്പം പങ്കുവെയ്ക്കാൻ എനിക്കായതിൽ'. ലിയോ ടോൾസ്റ്റോയുടെ ഒരു ചെറുകഥ പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസംഗം തുടർന്നു, നാൽപ്പതോളം വർഷങ്ങൾക്കു മുൻപ് നടന്ന ഒരു യോഗമായതിനാൽ ഓർമ്മയിൽ നിന്നും ചിലവ മാത്രമേ അടർന്നു വീഴുന്നുള്ളൂ. എന്നാലും പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത് "മനുഷ്യൻ എത്ര സുന്ദരമായ പദം ' എന്ന വാക്കുകളോടെയായിരുന്നു. ഇടയ്ക്കിടെ അത് അദ്ദേഹം അത് ആവർത്തിച്ചിരുന്നു, അതുകൊണ്ടു ഹൃദയത്തിന്റെ ഭിത്തിയിൽ ആ വാക്കുകൾ അറിയാതെ ചിത്രം വരച്ചു ചേർത്തു കഴിഞ്ഞിരുന്നു. അപ്പോൾ അവിടെ മുട്ടുസൂചി വീണാൽ കേൾക്കുന്ന ശാന്തത ഉണ്ടായിരുന്നു എന്നും ഓർക്കുന്നു. എത്ര പെട്ടന്നാണ് ബഹളങ്ങൾക്കിടയിലൂടെ കുട്ടികളുടെ ഹൃദയം അദ്ദേഹം കവർന്നതെന്നു അതിശയത്തോടെ ഓർക്കുന്നു. വ്യക്തികൾക്കല്ല, നിറമുള്ള വാക്കുകൾക്കും അത്തരമൊരു നിയോഗം ഉണ്ടെന്നു മനസ്സിലായി.

 

1978 ലെ അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന തല കലാമത്സരങ്ങൾ തിരുവന്തപുരത്തു വേദിയാകുകയായിരുന്നു. ചിത്രകലാ മത്സരത്തിന് മേഖലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിനാൽ സംസ്ഥാന കലാമത്സരത്തിൽ പങ്കെടുക്കാനായി. കോളേജ്‌ ഓഫ് ഫൈൻ ആർട്സിൽ വച്ചായിരുന്നു മത്സരങ്ങൾ നടന്നത് എന്ന് തോന്നുന്നു . പങ്കെടുക്കുന്ന കലാകാരന്മാരുടെ വരവ് തന്നെ ഭയം ജനിപ്പിച്ചു. ചിലർ വരക്കാനുള്ള ബോർഡ് , കെട്ടുകണക്കിനു ബ്രഷുകൾ, തുടങ്ങിയ ഉപകരണങ്ങളുമായിട്ടാണ് വന്നു കയറിയത് . ചിലരെ കണ്ടാൽ തന്നെ വലിയ കലാകാരന്മാരുടെയോ ബുദ്ധി ജീവികളുടെയോ ലക്ഷണവും ഉണ്ടയിരുന്നു. എസ്. എച്. ബുക്ക്സ്റ്റാളിൽ നിന്നും മാത്തുക്കുട്ടി എടുത്തു തന്ന ചെറിയ വാട്ടർകളർ ബോക്സ്, അതിന്റെ കൂടെ ഫ്രീ ആയി കിട്ടിയ ചകിരി പോലത്തെ ബ്രഷ്, ഒരു പെൻസിൽ അതാണ് നമ്മുടെ കയ്യിലെ ആകെയുള്ള ആയുധം, അത് ആരും കാണാതെ ഒളിപ്പിച്ചു പിടിച്ചു. അതുവരെ ഉണ്ടായിരുന്ന നേരിയ ധൈര്യം എവിടെയോ ചോർന്നു പോയി. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ചിത്രകാരന്മാർ മാറ്റുരക്കുന്ന വേദി ആയതിനാൽ അവരോടൊപ്പം അദ്ധ്യാപകരോ മറ്റു ഉപദേശകരോ ഒക്കെ എത്തിയിരുന്നു. പന്തളത്തുനിന്നു തിരുവനന്തപുരത്തേക്കു ഒറ്റക്കു പോകാൻ അത്ര ധൈര്യം ഉണ്ടായിരുന്നില്ല.

 

 

അതുകൊണ്ട് ചില കൂട്ടുകാരോട് ഒക്കെ തിരക്കി സ്ഥലവും കാര്യങ്ങളും തിട്ടപ്പെടുത്തി. എല്ലാവരും കൃത്യ സമയത്തിന് തന്നെ എത്തിച്ചേർന്നു. കൃത്യം പത്തു മണിക്ക് നരച്ച താടിയും നീളൻ മുടിയും ജുബ്ബയുമിട്ട ഒരാൾ കയറി വന്നു, ഞാൻ എം. വി. ദേവൻ, അദ്ദേഹം പരിചയപ്പെടുത്തി. അത് ആരാണെന്നു അന്ന് വലിയ പിടി ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം വരക്കാനുള്ള നിർദേശങ്ങൾ നൽകി. മൂന്നു മണിക്കൂറാണ് സമയം, എല്ലാവർക്കും നിശ്ചിത പേപ്പർ ലഭിച്ചു. വിഷയം "ഉത്സവം " ബോർഡിൽ അദ്ദേഹം വ്യക്തമായി എഴുതിയിട്ടു, ആശംസകൾ നേർന്ന് പുറത്തേക്കു പോയി. അമ്പലത്തിലെ ഉത്സവം തന്നെ ആകട്ടെ എന്ന് നിരൂപിച്ചു പെൻസിൽ സ്‌കെച്ച് ചെയ്തു തുടങ്ങി. കുറെ ആനകളും വെഞ്ചാമരവും ആളുകളും എഴുന്നെള്ളത്തും ചെണ്ടയും ഒക്കെയായി ഒരു പേജിൽ നല്ല ഒരു ഉത്സവത്തിന്റെ സംഗതി ഒപ്പിച്ചു. ഇനിയും അവ കളർ ചെയ്യണം. വാച്ചിൽ നോക്കിയപ്പോൾ ഏതാണ്ട് പകുതി സമയത്തിൽ കൂടുതൽ ആയിക്കഴിഞ്ഞിരുന്നു. ഓരോ രൂപത്തിനും നിറം ചേർത്ത് തുടങ്ങി, അപ്പോഴേക്കും അരമണിക്കൂർ മാത്രം അവശേഷിക്കുന്നു, ചിത്രത്തിലെ പകുതി വിഷയങ്ങൾക്ക് പോലും നിറം എത്തിയിട്ടില്ല. ആകെ വിയർത്തു ; ചുറ്റും നോക്കിയപ്പോൾ മിക്കവാറും എല്ലാവരും അവസാന മിനുക്കു പണിയിലാണ് .

 

ചിത്രം മുഴുവിക്കുന്നതിൽ യാതൊരു പ്രതീക്ഷയും ഇല്ല , തീർത്തും പരാജയത്തിന്റെ കടുത്ത നിറം സിരകളിലൂടെ എത്തി ഒന്നും ചെയ്യാനാവാതെ പണി നിർത്തി. ഇനി എന്ത് ചെയ്യും എന്ന ചിന്തയെ കൂടുതൽ വഷളാക്കിയത് പരിശോധകരായുള്ള അദ്ധ്യാപകരുടെ എന്നോടുള്ള ദൈന്യ ഭാവമായിരുന്നു. രണ്ടും കൽപ്പിച്ചു ഒരു പുതിയ പേപ്പറിനായി ആവശ്യപ്പെട്ടു. പുതിയ ഒരു ചിത്രം വരയ്ക്കാൻ തുടങ്ങി. സ്കെച്ച് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ കളർ വാരി വിതറി കുറെ ആനകളുടെയും മനുഷ്യരുടെയും അവയ്ക്തമായ രൂപങ്ങൾ വന്നു നിറഞ്ഞു ആകാശത്തു വെടിക്കെട്ടു നടക്കുന്ന പ്രതീതിയിൽ കുറെ നിറങ്ങൾ വാരി വിതറി, അവസാന നിമിഷം വരെ നിറങ്ങൾ വാരി വീശിക്കൊണ്ടിരുന്നു . ഒരിക്കൽ കൂടി അതിലേക്കു നോക്കാതെ പരിശോധകനു നിറം ഒലിച്ചുകൊണ്ടിരിക്കുന്ന ഉണങ്ങാത്ത ചിത്രം നൽകി സ്ഥലം വിട്ടു. കൂടെ വന്നിരുന്ന സുഹൃത്തിന്റെ മത്സരം മറ്റു എവിടെയോ ആയിരുന്നു. അയാൾ കൂടി വന്നിട്ട് മാത്രമേ വീട്ടിൽ പോകാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ടു അയാളുടെ മത്സരം നടക്കുന്നിടത്തു വിശ്രമിച്ചു. ജീവിതത്തിൽ അതുവരെ അത്രമേൽ അസ്വസ്ഥനായി ഇരുന്നിട്ടുണ്ടാവില്ല. മത്സരം കഴിഞ്ഞു സുഹൃത് എത്തി, അയാൾക്ക്‌ ഫലം അറിയണമെന്ന ആഗ്രഹം , എനിക്ക് എങ്ങനെയും തിരികെ പോകണമെന്നും. കുറച്ചു സമയം കൂടെ നിൽക്കൂ എന്ന് അയാൾ പറഞ്ഞത്‌ അനുസരിക്കാതെ നിവൃത്തി ഇല്ലായിരുന്നു, കാരണം തിരിച്ചു പോകാനുള്ള വഴി കണ്ടുപിടിക്കാൻ ഒറ്റയ്ക്ക് ധൈര്യം ഇല്ലായിരുന്നു. സുഹൃത് മുരളി ഉച്ചത്തിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു , നിസ്സംഗതയോടെ അവനെ നോക്കി , അവൻ എന്നെയും നോക്കി, എന്താണെന്ന് പിടി കിട്ടിയില്ല.

 

അവൻ എന്നെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു. എന്ത് പറ്റി മുരളി, പോകേണ്ടേ ? ഇനി താമസിച്ചാൽ വണ്ടി കിട്ടില്ല. എടൊ ഇങ്ങോട്ടു വന്നു നോക്കൂ, ഇയാൾക്ക് ‘എ’ വിഭാഗത്തിൽ രണ്ടാം സ്ഥാനം !! . വിശ്വസിക്കാനായില്ല. അര മണിക്കൂർ കൊണ്ട് ജീവിതത്തിൽ ആദ്യമായി കുത്തിവരച്ച മോഡേൺ ആർട്ടിനു സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ? അതും പ്രസിദ്ധനായ എം .വി . ദേവൻ അദ്ധ്യക്ഷനായ പരിശോധക സമിതി തിരഞ്ഞെടുത്ത ചിത്രം ? ദുരന്തങ്ങൾ ഉണ്ടാകുന്നതുപോലെ തന്നെ അത്ഭുതങ്ങളും ഉണ്ടാകുന്നു എന്ന് അന്ന് തിരിച്ചറിഞ്ഞു. ഏതോ കാട്ടിൽ പോയി ആരും കാണാതെ ഉച്ചത്തിൽ കരയണമെന്നു തോന്നി. പിറ്റേന്ന്, ടാഗോർ സെന്റിനറി ഹാളിൽ വച്ച് ഗവർണർ ശ്രീമതി ജ്യോതി വെങ്കിടാചെല്ലം അദ്ധ്യക്ഷയായ ചടങ്ങിൽ, കേരള മുഖ്യമന്ത്രി പി. കെ. വി. യിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങുമ്പോൾ മനസ്സിൽ കുറിച്ചിട്ടു’ നിയോഗം’, അത് നമ്മെ എവിടെയോ കൊണ്ട് എത്തിക്കുന്നു. കൈരളിയുടെ കഥ' എന്ന ഗ്രന്ഥവും കുറച്ചു പുസ്തകങ്ങളും കൂടെ അദ്ദേഹത്തിന്റെ കൈകളിൽ നിന്നും ലഭിച്ചു. പിൽക്കാലത്തു വായനയെ പരിപോഷിപ്പിക്കാൻ അവ സഹായിച്ചിട്ടുണ്ടാവണം. 'മനുഷ്യൻ എത്ര സുന്ദരമായ പദം ' ആ പദത്തിനു അർഹരായ മഹാന്മാർ കൈപിടിച്ച് കൊളുത്തിയ സന്ദേശം , ആ കാലഘട്ടത്തിലെ തലമുറയെ തളരാതെ തകരാതെ മുന്നോട്ടുപോകാൻ സഹായിച്ചുട്ടുണ്ടാവാം. പലപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെ ജീവിതം മുന്നോട്ടു പോകില്ലായിരിക്കാം, ചിലപ്പോൾ അപ്രതീക്ഷിതമായവ സംഭവിക്കുന്നു. നിയതമായ എന്തോ ചില ചേരുവകൾ, നിറക്കൂട്ടുകൾ നമ്മെ കുടചൂടി നിൽക്കുന്നു എന്ന സത്യം നാം ഒരു പക്ഷെ മറന്നു പോകാറുണ്ടായിരിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.