You are Here : Home / Aswamedham 360

ക്വാറം തികയ്ക്കുന്നതെന്തിന്; ഖജനാവു കാലിയാക്കാനോ?

Text Size  

Story Dated: Monday, February 12, 2018 03:28 hrs UTC

ഉണ്ണി പി നായര്‍


പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ നിയമപ്രകാരം ഒരു സഭയ്ക്കു വേണ്ടുന്ന ചുരുങ്ങിയ അംഗങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മന്ത്രിമാര്‍ക്കെല്ലാം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ആഴ്ചയില്‍ അഞ്ചുതവണ തിരുവനന്തപുരത്ത് ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാരോട് പറയാന്‍ ഉദ്ദേശിച്ചത്. മുഖ്യമന്ത്രി പറഞ്ഞു എന്നു മാധ്യമങ്ങള്‍ പറഞ്ഞപ്പോഴേക്കും അങ്ങിനെയൊന്ന് ഉണ്ടായിട്ടേയില്ലെന്നു മന്ത്രി സുനില്‍കുമാര്‍ കയറിപ്പറഞ്ഞു. ഇതോടെ വായടഞ്ഞ മുഖ്യമന്ത്രി എന്തായാലും പിന്നീടു വ്യക്തതവരുത്താന്‍ ശ്രമിച്ചിട്ടില്ല.

നിര്‍ദ്ദേശത്തെ എല്ലാ മന്ത്രിമാരും എതിര്‍ത്തതോടെ പഴയ പിണറായി മൊഴികള്‍ പോലെ ഇതു നടക്കാന്‍ സാധ്യതയില്ല. വെറും വിരട്ട് മാത്രം. അത് തങ്ങളുടെ അടുത്ത് ഏശില്ലെന്നു മന്ത്രിമാരും പറയാതെ പറഞ്ഞു.

എന്തിനാണ് മുഖ്യമന്ത്രി ഇങ്ങിനെ മറ്റുള്ളവരുടെ മുന്നില്‍ ഇളിഭ്യനാകുന്നത്?  ആര്‍എസ്എസിന്റെ നീട്ടിപ്പിടിച്ച വാളിനു നടുവിലൂടെ ബ്രണ്ണന്‍ കോളജിന്റെ വരാന്തയില്‍ നടന്നിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ ഒന്നുമറിയാതെ കൈയടിച്ച അണികളുടെ ആവേശം കണ്ടിട്ടാണോ മന്ത്രിമാരോടും 'ആവേശിച്ചത്'. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പാര്‍ട്ടിയുടേയും കോര്‍പ്പറേറ്റുകളുടേയും തടവറയിലാണെന്ന് പ്രവര്‍ത്തകരുടെ ആരോപണത്തെ നേരിടാനാണോ? എടുക്കുന്ന മിക്കവാറും തീരുമാനങ്ങളും അമ്പേ പരാജയപ്പെടുന്ന സര്‍ക്കാറെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറയ്ക്കാനോ?.

കുറഞ്ഞ പക്ഷം മുഖ്യമന്ത്രി തന്റെ പാര്‍ട്ടിയെപറ്റിയെങ്കിലും ചിന്തിക്കണമായിരുന്നു. ഇത്രയും വലിപ്പമുള്ള ഇന്ത്യാരാജ്യത്തില്‍ കൈയിലെണ്ണാവുന്ന മെമ്പര്‍മാര്‍ ലോക്‌സഭയില്‍ ഇരിക്കുന്ന പാര്‍ട്ടിക്ക് പെട്ടെന്നു തീരുമാനം എടുക്കണമെങ്കില്‍ കൂടുന്ന ഒരു യോഗമുണ്ടല്ലോ?

എന്തോന്നാ മക്കളെ അത്...

ആ...അവൈലബിള്‍ പോളിറ്റ് ബ്യൂറോ. ഗതികേടിന്റെ ഉപോല്‍പ്പന്നം. എതങ്ങ് പറഞ്ഞാല്‍ മതിയായിരുന്നു.
മന്ത്രിസഭയ്ക്കും ഒരു അവൈലബിള്‍ മീറ്റിംഗ്.എന്നാല്‍ പിന്നെ പാര്‍ട്ടിയിലെ യോഗം പോലെ ആളില്ലെങ്കിലും എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാമായിരുന്നു.

ഇതിപ്പോ പറഞ്ഞതു കുടുങ്ങിയ അവസ്ഥയിലായി.

അല്ലെങ്കിലും മുഖ്യമന്ത്രീ , നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ആര്‍ക്കാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നേരം. കുറച്ചുനേരം കിട്ടിയാല്‍ സുഖചികിത്സയ്ക്കു കോട്ടയ്ക്കല്‍ എത്തേണ്ടേ?. ഒന്നരലക്ഷം 10 ദിവസത്തിനുള്ളില്‍ പൊടിക്കണ്ടേ?. തോര്‍ത്തു വാങ്ങിയതിന്റെ പണമടക്കം പാവപ്പെട്ടവന്റെ കീശയില്‍ കൈയിട്ടു വാരണ്ടേ?. അരലക്ഷത്തിന്റെ കണ്ണടചവച്ച് കേരളത്തിന്റെ സാധുക്കളെ തിരഞ്ഞുനോക്കണ്ടേ?..തന്റെ കീശയ്‌ക്കൊപ്പം ബന്ധുവിന്റെ കീശയും നിറയ്‌ക്കേണ്ടേ?.

ഞാനും എന്റെ കുടുംബവും എന്റെ പാര്‍ട്ടിയും നന്നായിട്ടു പോരെ പാവം ജനം.

ക്വാറം തികയ്ക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇതു കേട്ടുനില്‍ക്കുന്ന ജനം, ചുരുങ്ങിയത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരനെങ്കിലും സ്വയം ചോദിച്ചുപോകും.

ഇവരൊക്കെ ചേര്‍ന്നിരുന്നിട്ട് എന്തു കാര്യം?

എണ്ണം കൂടുംതോറും അന്നും ഖജനാവില്‍നിന്ന് ഒരു തുക അലവന്‍സായി ചോരുമെന്നല്ലാതെ വേറെന്ത് പ്രയോജനം?

അപ്പോള്‍, എണ്ണം കുറയുന്നതല്ലേ നല്ലത്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.